വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി പരമ്പര വൈറ്റ് വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ സംബന്ധിച്ച് ഇത് താരത്തിന്റെ കരിയറിലെ പ്രധാന മത്സരങ്ങളിലൊന്നാണ്. തന്റെ അന്താരാഷ്ട്ര കരിയറിലെ 50ാം റെഡ് ബോള്‍ മത്സരത്തിനാണ് ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ കളത്തിലിറങ്ങിയിരിക്കുന്നത്.
ഇതോടെ ഒരു ചരിത്ര നേട്ടവും ബുംറയുടെ പേരില്‍ കുറിക്കപ്പെട്ടു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റില്‍ ചുരുങ്ങിയത് 50 മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയിലാണ് ബുംറ ഇടം നേടിയത്. ബുംറയ്ക്ക് മുമ്പ് ആറ് താരങ്ങള്‍ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലും 50 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി 50 മത്സരങ്ങള്‍ കളിച്ച താരങ്ങള്‍
(ബ്രാക്കറ്റില്‍ ടെസ്റ്റ് – ഏകദിനം – ടി-20 മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
എം.എസ്. ധോണി (90 – 350 – 98)
വിരാട് കോഹ്‌ലി (123 – 302 – 125)
രവീന്ദ്ര ജഡേജ (86 – 204 – 74)
ആര്‍. അശ്വിന്‍ (106 – 116 – 65)
രോഹിത് ശര്‍മ (67 – 273 – 159)
കെ.എല്‍. രാഹുല്‍ (65 – 85 – 72)
ജസ്പ്രീത് ബുംറ (50 – 89 – 75)
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന നിലയിലാണ്.
54 പന്തില്‍ 38 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ടീമിന് ഇതിനോടകം നഷ്ടപ്പെട്ടത്. ഒരു സിക്‌സറും അഞ്ച് ഫോറുമായി ക്രീസില്‍ തുടരവെ ജോമല്‍ വാരികന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച് രാഹുലിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇത് രണ്ടാം തവണ മാത്രമാണ് രാഹുല്‍ സ്റ്റംപിങ്ങിലൂടെ മടങ്ങുന്നത്.
144 പന്ത് നേരിട്ട് 99 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 102 പന്തില്‍ 57 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.