ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്ന് താരം കഴിഞ്ഞ ദിവസം സെലക്ടര്‍മാരെ അറിയിച്ചതായാണ് വിവരം. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ബുംറ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് താരം ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. നേരത്തെ, ബുംറ ഏഷ്യ കപ്പില്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ടൂര്‍ണമെന്റിന് ശേഷം ഷെഡ്യൂള്‍ ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരത്തെ കളിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതോടെ, ബുംറ ഏഷ്യ കപ്പില്‍ കളിക്കുമോയെന്നത് അനിശ്ചിതത്തിലായിരുന്നു.
അതേസമയം, ഇന്ത്യയുടെ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫിറ്റ്‌നസ് ടെസ്റ്റുകള്‍ ക്ലിയര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സ്പോര്‍ട്സ് ഹെര്‍ണിയയുമായി ബന്ധപ്പെട്ട് താരം ചികിത്സയിലായിരുന്നു. അതിന് പിന്നാലെയാണ് ബുംറയും ഏഷ്യ കപ്പില്‍ കളിക്കുമെന്ന് വാര്‍ത്ത എത്തിയിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് ടീമില്‍ വലിയ ആശ്വാസമാണ്.
ടൂര്‍ണമെന്റിനുള്ള ടീമിനെ ഈ ആഴ്ച തന്നെ അജിത് അഗര്‍ക്കാരുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. ഓഗസ്റ്റ് 19ന് സ്‌ക്വാഡിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
അതേസമയം, സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യ കപ്പിന് തുടക്കമാവുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് യു.എ.ഇലാണ് നടക്കുക. ഈ വര്‍ഷം ടൂര്‍ണമെന്റ് എത്തുന്നത് ടി-20 ഫോര്‍മാറ്റിലാണ്. പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണുള്ളത്.
Content Highlight: Jasprit Bumrah informed selection committee that he is available for Asia Cup: Report