ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നത്.
മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 26 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം പുറത്തായത്. ട്രാവിസ് ഹെഡ്ഡ് 15 പന്തില്‍ 28 റണ്‍സും ജോഷ് ഇംഗ്ലിസ് 20 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
മത്സരത്തില്‍ 13ാം ഓവറിലായിരുന്നു സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ബുംറ സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം സയീദ് ഇജ്മലും ബുംറക്കൊപ്പമുണ്ട്.
ടി-20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, ടീം, വിക്കറ്റ്
ജസ്പ്രീത് ബുംറ – ഇന്ത്യ – 19
സയീദ് അജ്മല്‍ – പാകിസ്ഥാന്‍ – 19
മുഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 17
മിച്ചല്‍ സാന്റനര്‍ – ന്യൂസിലാന്‍ഡ് – 17
Jassi jassi jaisa koi nhi dande pe maari Jasprit Bumrah ne, if only we’ve had 20+ runs more who knows it could have been interesting #AUSvINDpic.twitter.com/ACTN4B7VOz
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്. ഹര്‍ഷിത് റാണയും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് റാണയുടെ സമ്പാദ്യം. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം നേടാന്‍ പോലും സാധിച്ചിരുന്നില്ല. ഓസീസ് ബൗളര്‍മാരുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ നിസഹായരാകുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാന്‍ സാധിച്ചത്.
വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 10 പന്തില്‍ 5 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ശേഷം വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെയാണ് മധ്യനിരയില്‍ പരാജയപ്പെട്ടത്.
അതേസമയം ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ഹേസല്‍വുഡ്ഡാണ്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.25 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. താരത്തിന് പുറമെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്‌റ്റേയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Jasprit Bumrah In Great Record Against Australia In T20