സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. നിലവില്‍ ബാവുമയും സംഘവും പ്രോട്ടിയാസ് 1-0ന് മുമ്പിലാണ്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 93ന് പുറത്തായി.
മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സൂപ്പര്‍ താരം ജസ്പ്രീത് ബുംറ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്നും ഒരു ഫൈഫര്‍ അടക്കം ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് സൈമണ്‍ ഹാര്‍മറിന് ശേഷം മത്സരത്തില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും ബുംറ തന്നെയായിരുന്നു.
100 ടെസ്റ്റ് ഇന്നിങ്‌സ് എന്ന കരിയറിലെ സുപ്രധാന നേട്ടത്തിലേക്കാണ് ബുംറ കാലെടുത്ത് വെക്കാനൊരുങ്ങുന്നത്. മൂന്ന് ഇന്നിങ്‌സുകള്‍ കൂടി കളത്തിലിറങ്ങിയാല്‍ താരത്തിന് 100 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കാം.
97 ഇന്നിങ്‌സില്‍ നിന്നും 232 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 2.77 എന്ന മികച്ച എക്കോണമിയിലും 19.54 എന്ന ശരാശരിയിലും വിക്കറ്റ് വീഴ്ത്തുന്ന താരം കരിയറില്‍ 16 ഫൈഫറുകളും ഏഴ് ഫോര്‍ഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.
നൂറാം ഇന്നിങ്‌സിലേക്ക് താരത്തിന്റെ കരിയര്‍ കടക്കുമ്പോള്‍ ഒരു ചരിത്ര നേട്ടവും ബുംറയെ കാത്തിരിക്കുന്നുണ്ട്. 20ല്‍ താഴെ ശരാശരിയില്‍ നൂറ് ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ബൗളര്‍ എന്ന നേട്ടത്തിലേക്കാണ് ബുംറ ചെന്നെത്തുക. 97 ഇന്നിങ്‌സുകളില്‍ ഏറ്റവും മികച്ച ബൗളിങ് ശരാശരിയും ബുംറയുടേത് തന്നെ.
97 ഇന്നിങ്‌സില്‍ നിന്നും ഏറ്റവും മികച്ച ബൗളിങ് ശരാശരി
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം മാത്രം വലക്ഷ്യമിട്ടാകും ഇന്ത്യ കളത്തിലിറങ്ങുക. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയം ചോദിച്ചുവാങ്ങിയതിനാല്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.
നവംബര്‍ 22നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.
Content Highlight: Jasprit Bumrah has highest bowling average after 97 innings