ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഈ മത്സരത്തില്‍ ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും പിച്ച് ബൗളര്‍മാരെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. പ്രോട്ടിയാസ് ബൗളര്‍മാര്‍ക്ക് മാത്രമല്ല ഒന്നാം ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചത്.
ഇന്ത്യന്‍ താരങ്ങളും പന്തുകള്‍ കൊണ്ട് തിളങ്ങിയിരുന്നു. പതിവ് പോലെ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. താരം മത്സരത്തില്‍ 24 ഓവറുകളിലെ 144 പന്തുകള്‍ എറിഞ്ഞ് ആറ് വിക്കറ്റുകളാണ് നേടിയത്.
ഈ ഓവറുകളില്‍ താരം വിട്ടുനല്‍കിയത് വെറും 51 റണ്‍സ് മാത്രമാണ്. അതാകട്ടെ ഒരു സിക്‌സ് പോലും വഴങ്ങാതെയാണ് എന്നത് ശ്രദ്ധേയം.
ഇതോടെ ഹോം ടെസ്റ്റില്‍ ഒരു സിക്‌സ് പോലും വഴങ്ങാതെ എറിഞ്ഞ പന്തുകളുടെ സ്ട്രീക് ഉയര്‍ത്താനും ബുംറയ്ക്കായി. 354.4 ഓവറുകള്‍ ഫാസ്റ്റ് ബൗളര്‍ ഇങ്ങനെ ഇന്ത്യയില്‍ എറിഞ്ഞത്. അതായത് 2128 പന്തുകള്‍ 15 മത്സരങ്ങളിലെ 29 ഇന്നിങ്സുകളിലാണ് താരം ഈ കാലയളവില്‍ കളിച്ചത്. അതില്‍ 1001 റണ്‍സ് മാത്രം വിട്ടുനല്‍കി സ്വന്തമാക്കിയത് 60 വിക്കറ്റുകളാണ്.
ഹോം ടെസ്റ്റില്‍ സിക്‌സ് വഴങ്ങിയില്ലെങ്കിലും ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ബുംറയ്ക്കെതിരെ ഒരു താരം പന്ത് ഗാലറിയില്‍ എത്തിച്ചിരുന്നു. ഓസ്ട്രേലിയന്‍ താരം സാം കോണ്‍സ്റ്റസായിരുന്നു അന്ന് താരത്തെ സിക്‌സടിച്ചത്. ഒരു തവണയല്ല, രണ്ട് തവണയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറെ ആ മത്സരത്തിൽ താരം പ്രഹരിച്ചത്.
ഇത് 2024 ഡിസംബറിൽ മെൽബണിൽ നടന്ന ബോർഡർ – ഗവാസ്‌കർ ട്രോഫിയിലെ മത്സരത്തിലായിരുന്നു. കോണ്‍സ്റ്റസ് തന്റെ അരങ്ങേറ്റ മത്സരത്തിലാണ് ബുംറയെ ഞെട്ടിച്ചത്.
ടെസ്റ്റില്‍ ഇതുവരെ ബുംറക്കെതിരെ ഏഴ് താരങ്ങള്‍ മാത്രമേ സിക്‌സ് നേടിയിട്ടുള്ളത്. കോണ്‍സ്റ്റസിന് പുറമെ എ.ബി. ഡി വില്ലിയേഴ്സ്, ആദില്‍ റഷീദ്, മോയിന്‍ അലി, ജോസ് ബട്ലര്‍, നഥാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഇന്ത്യന്‍ താരത്തിനെതിരെ സിക്‌സടിച്ചവര്‍. ഇതില്‍ തന്നെ കോണ്‍സ്റ്റസും ബട്‌ലറും മാത്രമാണ് ഓരോ മത്സരത്തില്‍ രണ്ട് തവണ ആറ് റണ്‍സ് നേടിയത്.
Content Highlight: Jasprit Bumrah has bowled 2128 balls in home Tests without conceding a single six