അതിവേഗം ബുംറ; വിന്‍ഡീസിനെതിരെ കുറിച്ചത് ചരിത്രം!
Cricket
അതിവേഗം ബുംറ; വിന്‍ഡീസിനെതിരെ കുറിച്ചത് ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd October 2025, 3:47 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യന്‍ സംഘം. മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ 162 റണ്‍സിന് തളച്ചു. ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുമ്പില്‍ രണ്ടാം ഇന്നിങ്‌സില്‍ തന്നെ കരീബിയന്‍ പട അടിയറവ് പറയുകയായിരുന്നു. മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും കരുത്തിലാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി സിറാജ് മികച്ച പ്രകടനം നടത്തി. ഒപ്പം മൂന്ന് വിക്കറ്റ് വീഴ്ത്തി ബുംറയും കരീബിയന്‍ പടയെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായി. 14 ഓവര്‍ എറിഞ്ഞ് മൂന്ന് എക്കോണമിയില്‍ പന്തെറിഞ്ഞ് 42 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.

വിന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റ് നേടിയതോടെ ഒരു സൂപ്പര്‍ നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ പേസറാകാനാണ് താരത്തിന് സാധിച്ചത്. ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥിനൊപ്പമാണ് താരം ഈ നേട്ടത്തില്‍ തലപ്പത്തുള്ളത്. ഇരുവരും 24 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്

ജസ്പ്രീത് ബുംറ – 24

ജവഗല്‍ ശ്രീനാഥ് – 24

കപില്‍ ദേവ് – 25

ഇഷാന്ത് ശര്‍മ – 27

മുഹമ്മദ് ഷമി – 27

മത്സരത്തില്‍ ബുംറക്കും സിറാജിനും പുറമെ, കുല്‍ദീപ് യാദവും മികച്ച പ്രകടനം നടത്തി. താരം 6.1 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി സംഭാവന ചെയ്തു.

മറുവശത്ത് ജസ്റ്റിന്‍ ഗ്രീവ്‌സ് ഭേദപ്പെട്ട പ്രകടനം നടത്തി. 48 പന്തില്‍ 32 റണ്‍സെടുത്ത താരം ടീമിന്റെ ടോപ് സ്‌കോററായി. ഒപ്പം ഷായ് ഹോപ്പും ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്സും റണ്‍സ് സംഭാവന ചെയ്തു. ഹോപ്പ് 36 പന്തില്‍ 26 റണ്‍സും ചെയ്സ് 43 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.

മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മത്സരം മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. വിക്കറ്റൊന്നും നഷ്ടമാവാതെ 23 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍. കെ.എല്‍ രാഹുല്‍ (40 പന്തില്‍ 18), യശസ്വി ജെയ്സ്വാള്‍ (36 പന്തില്‍ നാല്) എന്നിവരാണ് ക്രീസിലുള്ളത്.

 

Content Highlight: Jasprit Bumrah became joint fastest Indian pacer to bag fastest 50 test wicket with Javagal Sreenath