2025 ഏഷ്യാ കപ്പിലും മുത്തമിട്ട് ഇന്ത്യ തങ്ങളുടെ ഏഷ്യന്‍ കിരീടനേട്ടം ഒമ്പതായി ഉയര്‍ത്തിയിരിക്കുകയാണ്. ടി-20 ഏഷ്യാ കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ കിരീടമണിയുന്നത്. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതോടെ അപരാജിതരായി കിരീടത്തില്‍ മുത്തമിടാനും ഇന്ത്യയ്ക്കായി.
ഈ വിജയത്തോടെ ടി-20 ഫൈനലുകളില്‍ പരാജയപ്പെടാത്ത തങ്ങളുടെ സ്ട്രീക് തുടരുകയാണ് രണ്ട് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ശിവം ദുബെയും.
ടി-20 ഫോര്‍മാറ്റില്‍ കളിച്ച എല്ലാ ഫൈനലുകളിലും ഇവര്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് അഞ്ച് ഫൈനലുകള്‍ കളിച്ച താരങ്ങളില്‍ നൂറ് ശതമാനം വിജയമുള്ളതും ഇവര്‍ക്ക് മാത്രമാണ്.
ഏഴ് ടി-20 ഫൈനലുകളിലാണ് ബുംറ കളത്തിലിറങ്ങിയത്. അതില്‍ ഏഴിലും വിജയിക്കാനും കിരീടമണിയാനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ക്ക് സാധിച്ചു.
2013ലെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലാണ് ജസ്പ്രീത് ബുംറ ആദ്യമായി ടി-20 ഫൈനല്‍ കളിക്കുന്നത്. ഗുജറാത്തിനായി പഞ്ചാബിനെതിരെയാണ് ബുംറ കളത്തിലിറങ്ങിയത്. ഫൈനലില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറ ഗുജറാത്തിന്റെ കിരീട നേട്ടത്തിലും നിര്‍ണായകമായി.
2016 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ബുംറയുടെ അടുത്ത ഫൈനല്‍. ഐ.പി.എല്ലിന്റെ 2017, 2019, 2020 സീസണുകളിലും ബുംറ ഫൈനല്‍ കളിച്ചു. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്‍സിന് പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ്, 2019ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും 2020ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും പരാജയപ്പെടുത്തി കപ്പുയര്‍ത്തി.
2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കരിയറിലെ ആറാം ടി-20 ഫോര്‍മാറ്റ് കിരീടം നേടിയ ബുംറ ഇപ്പോള്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഴാം കിരീടവും നേടിയിരിക്കുകയാണ്.
സമീപ കാലങ്ങത്താണ് ശിവം ദുബെയുടെ അഞ്ച് ടി-20 കിരീടനേട്ടങ്ങളും പിറന്നത്. 2022ലും 2024ലും മുംബൈയ്‌ക്കൊപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുത്തമിട്ട ദുബെ, 2023 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും കിരീടം നേടി.
2024 ടി-20 ലോകകപ്പും 2025 ഏഷ്യാ കപ്പുമാണ് താരത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര കിരീടങ്ങള്‍.
Content Highlight: Jasprit Bumrah and Shivam Dube are the only Indian players with 100 percentage win T20 Finals