സമയമാകുമ്പോള്‍ ഇന്ത്യ കുതിച്ച് കയറും, കോഹ്ലിക്കറിയാം ടീമിനെന്താണ് ആവശ്യമെന്ന്; ഇന്ത്യയെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം
Cricket
സമയമാകുമ്പോള്‍ ഇന്ത്യ കുതിച്ച് കയറും, കോഹ്ലിക്കറിയാം ടീമിനെന്താണ് ആവശ്യമെന്ന്; ഇന്ത്യയെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd September 2022, 2:10 pm

 

മൊഹാലിയില്‍ നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ച ഇന്ത്യക്ക് നേരെ ശകാര വര്‍ഷമാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പില്‍ ഫൈനല്‍ പോലും കാണാതെ മടങ്ങേണ്ടി വന്നതിന്റെ ഭാരവും ടീം ഇന്ത്യയുടെ തോളിലുണ്ട്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ഇന്ത്യയെങ്കിലും സമീപ കാലങ്ങളിലെ കളികളെടുത്ത് നോക്കുമ്പോള്‍ നിരാശയാണ് ഫലം.

ശക്തരായ ഓസീസുകാര്‍ മികച്ച ഫോമിലുള്ള പ്രകടനം കാഴ്ച വെച്ചാണ് മൊഹാലിയില്‍ ഇന്ത്യയെ കീഴ്പ്പെടുത്തിയത്. 208 റണ്‍സ് നേടിയിട്ടും ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം ജയിക്കാന്‍ കഴിയാത്തത് ഇന്ത്യയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നതാണ്.

താരങ്ങളുടെ പരിക്കും മികച്ച കളിക്കാരുടെ അഭാവവും ടീമിനെ സാരമായി ബാധിക്കുന്നുണ്ട്. ഏറ്റുമുട്ടുന്നത് ലോകത്തെ ഏറ്റവും അക്രമകാരികളായ ടീമുകളിലൊന്നിനോടാണെന്നതും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ്.

ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ടീം ഇന്ത്യക്ക് നേരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുമ്പോഴാണ് ടീമിനെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ താരം രംഗത്ത് വന്നത്. ജാക്വസ് കാലിസ് ആണ് ഇന്ത്യയുെട പ്രകടനത്തെ പ്രശംസിച്ച് സംസാരിച്ചത്.

ഇന്ത്യ സമയമാകുമ്പോള്‍ കുതിച്ചു വരുമെന്നും ടി-20 പരമ്പരയിലെ കളികളിലെ പ്രകടനത്തെ നോക്കി വിലയിരുത്തുന്നതില്‍ കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഒരു വലിയ ടൂര്‍ണമെന്റിന് മുമ്പ് നടക്കുന്ന ചെറിയ മത്സരത്തെ വെച്ച് ഇന്ത്യന്‍ ടീമിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല. ഞാനതിനെ ഒട്ടും വകവെക്കുന്നില്ല. കാരണം ഇന്ത്യയുടേത് ഒരു മികച്ച ടീം ആണ്. സമയമാകമ്പോള്‍ അവര്‍ കുതിച്ചുയരും,” കാലിസ് വ്യക്തമാക്കി.

ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ കുറിച്ചും കാലിസ് എടുത്തു പറഞ്ഞു. തന്റെ ടീമിന് എന്താണാവശ്യമെന്ന് പൂര്‍ണ ബോധ്യമുള്ളയാളാണ് കോഹ്ലിയെന്നാണ് അദ്ദേഹം പറഞ്ഞത്.

‘എല്ലാ ക്രിക്കറ്റ് കളിക്കാരും ഒരു പരുക്കന്‍ പാച്ചിലൂടെ കടന്നുപോകും. അത് വളരെ സാധാരണമാണ്. ശരിയായ സമയത്ത് മത്സരം ജയിക്കുക എന്നതാണ് പ്രധാനം. ഓസ്‌ട്രേലിയയില്‍ തന്റെ ടീമിനായി താന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിരാട് കോഹ്ലി മനസ്സിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം അതിനായി പ്രവര്‍ത്തിക്കും,” കാലിസ് വ്യക്തമാക്കി.

ഇന്ത്യയുടെ ടീം കരുത്ത് മറ്റെല്ലാവരെക്കാളും ഒരുപടി മുന്നിലാണെന്നും, ടീമിന്റെ കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Jaques Kallis supports Indian Team