വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സ്വന്തം യുദ്ധ കപ്പലുകള്‍ അയക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി ജപ്പാന്‍.
ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധകപ്പലുകള്‍ അയക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ജപ്പാനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം കഠിനമാണെന്ന് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പോളിസി ചീഫ് തകയൂക്കി കൊബായഷി പറഞ്ഞു.
‘നിലവിലുള്ള ജാപ്പനീസ് നിയമങ്ങള്‍ അനുസരിച്ച് ഈ മേഖലയിലേക്ക് നാവികസേനാ കപ്പലുകള്‍ അയക്കുന്നതിനുള്ള നിബന്ധനകള്‍ അങ്ങേറ്റം കഠിനമാണെന്നാണ് ഞാന്‍ കരുതുന്നത്,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ സാധ്യത പൂര്‍ണമായും തള്ളികളയുന്നില്ലെന്നും നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിക്കുമ്പോള്‍ അതീവ ജാഗ്രതയോടെ മാത്രം പരിഗണിക്കേണ്ട കാര്യമാണിതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്റെ ഭരണഘടനയനുസരിച്ച് വിദേശരാജ്യങ്ങളിലെ യുദ്ധങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് സൈന്യത്തിന് വിലക്കുണ്ട്. എന്നാല്‍ വിഷയത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല.
ജപ്പാനിലേക്കുള്ള എണ്ണയുടെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത് നിലവിലെ പ്രതിസന്ധികള്‍ കാരണം വലിയ ഇന്ധന ക്ഷാമമാണ് ജപ്പാന്‍ നേരിടുന്നത്.
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ യുദ്ധ കപ്പലുകള്‍ അയക്കണമെന്ന് ട്രംപ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ രാജ്യങ്ങളെ ഏകോപിപ്പിക്കാന്‍ അമേരിക്ക സഹായിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികരണം.
ഇറാന്‍ തീരങ്ങൡ ആക്രമണം തുടരുമെന്നും എന്നാല്‍ ഹോര്‍മുസിന്റെ സുരക്ഷാ ഉത്തരവാദിത്തം മറ്റ് രാജ്യങ്ങള്‍ കൂടി ഏറ്റെടുക്കണമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പരാമര്‍ശം.
ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ക്കാവശ്യമായ എണ്ണ കടന്നുപോവുന്ന ഈ പാത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അമേരിക്കയുടെ മാത്രം ചുമലില്‍ വെക്കരുതെന്നും ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ നാവികസേനയെ വിന്യസിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
‘ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് സൈനിക നടപടി ആവശ്യമാണ്, ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഖ്യ കക്ഷികള്‍ ഒപ്പം നില്‍ക്കണം. സൈനിക നടപടിയിലൂടെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാനും കഴിയും,’ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ സൈനികശേഷിയുടെ 100 ശതമാനവും ഇതിനകം നശിപ്പിച്ചു കഴിഞ്ഞുവെന്നും പക്ഷേ ഒന്നോ രണ്ടോ ഡ്രോണുകള്‍ അയയ്ക്കാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയുമെന്നും ട്രംപ് പറഞ്ഞു. അല്ലെങ്കില്‍ ഈ ജലപാതയില്‍ എവിടെയെങ്കിലും ഒരു ക്ലോസ് റേഞ്ച് മിസൈല്‍ അയക്കാനും ഇറാന് കഴിഞ്ഞേക്കും. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായി ഇസ്രഈല്‍-അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് അടച്ചിരുന്നു. ഇത് ലോകരാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാാജ്യങ്ങള്‍ വലിയ ഇന്ധന ക്ഷാമമാണ് നേരിടുന്നത്.
Content Highlight: Japan rejects Trump’s proposal due to constitutional hurdle; cannot send warships