കീഴടങ്ങാതെ ജപ്പാന്‍; സെനഗലിനെതിരെ ജപ്പാന്റ സമനില ഗോള്‍
2018 fifa world cup
കീഴടങ്ങാതെ ജപ്പാന്‍; സെനഗലിനെതിരെ ജപ്പാന്റ സമനില ഗോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th June 2018, 10:15 pm

ഏകാതെറിന്‍ബര്‍ഗ്: ഗ്രൂപ്പ് എച്ചിലെ വിജയികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആവേശം അത്യുന്നതിയിലേക്ക്. രണ്ടാം പകുതിയില്‍ ലീഡുയര്‍ത്തിയ സെനഗലിന് മറുപടിയുമായി ജപ്പാന്‍ ഹോണ്ടയിലൂടെ സമനില പിടിച്ചു.

ALSO READ: സെനഗലിനെതിരായ മത്സരത്തില്‍ ഗ്യാലറിയില്‍ വിവാദ ബാനര്‍; പോളണ്ടിന് ഫിഫയുടെ പിഴ ശിക്ഷ

സമനിലയിലായ ആദ്യ പകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് സെനഗല്‍ രണ്ടാം ഗോള്‍ നേടിയത്. മോസ വാഗ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. എന്നാല്‍ അധികം താമസിയാതെ ജപ്പാന്റെ മറുപടിയെത്തി. 78ാം മിനിറ്റിലായിരുന്നു ഹോണ്ട ജപ്പാനെ സെനഗലിനൊപ്പമെത്തിച്ചത്.

പതിനൊന്നാം മിനിറ്റില്‍ സാദിയോ മാനെയിലൂടെ സെനഗലാണ് ലീഡ് നേടിയത്. ബോക്‌സിലേയ്ക്കുള്ള വാഗ്യുവിന്റെ പാസിന് ആദ്യം തലവച്ചത് ജാപ്പനീസ് താരമായിരുന്നു. എന്നാല്‍, ദുര്‍ബലമായ ഹെഡ്ഡര്‍ കിട്ടിയത് ബോക്‌സില്‍ തന്നെ നില്‍ക്കുകയായിരുന്ന യൂസഫ് സബാലിക്ക്.

സബാലി അത് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി വഴിതിരിച്ചുവിട്ടു. പന്ത് നെഞ്ചിലൊതുക്കേണ്ടിയിരുന്ന ഗോളി കവാഷിമ അത് കുത്തിയകറ്റാനാണ് ശ്രമിച്ചത്. അനാവശ്യമായിരുന്നു ഈ ശ്രമം. തെറിച്ചുപോയ പന്ത് തൊട്ടു മുന്നില്‍ നില്‍ക്കുകയായിരുന്ന സാദിയോ മാനെയുടെ മുട്ടിലിടിച്ച് വലയില്‍.

ALSO READ: തോറ്റുപോകില്ല റൊസാരിയോയുടെ പ്രിയപുത്രന്‍

ഗോള്‍ വീണതോടെ സമനിലക്കായി ജപ്പാന്‍ പ്രത്യാക്രമണം തുടങ്ങി. ഒടുവില്‍ 34ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. തകാഷി ഇന്യുയിയാണ് ജപ്പാനായി ഗോള്‍ മടക്കിയത്. ഇടതു വിങ്ങില്‍ രണ്ട് സെനഗല്‍ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നഗോട്ടോമോ പന്ത് ഇന്യുയിക്ക് കൈമാറുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇന്യുയി ഞൊടിയിടയല്‍ പന്ത് വലയിലാക്കി.

ആദ്യ മത്സരത്തില്‍ പോളണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് തോല്‍പിച്ചിരുന്നു സെനഗല്‍. ജപ്പാന്‍ കരുത്തരായ കൊളംബിയയെ അട്ടിമറിക്കുകയും ചെയ്തിരുന്നു.