എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാ... പ്രഭേന്ദുവിനും ഡെലൂലൂവിനുമൊപ്പം മനസില്‍ കയറിക്കൂടിയ വല്യച്ഛന്‍
Malayalam Cinema
എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാ... പ്രഭേന്ദുവിനും ഡെലൂലൂവിനുമൊപ്പം മനസില്‍ കയറിക്കൂടിയ വല്യച്ഛന്‍
അമര്‍നാഥ് എം.
Saturday, 31st January 2026, 9:54 pm

സോഷ്യല്‍ മീഡിയ മൊത്തം നിറഞ്ഞുനില്‍ക്കുകയാണ് പ്രഭേന്ദുവും ഡെലൂലുവും. അഖില്‍ സത്യന്‍ അണിയിച്ചൊരുക്കിയ സര്‍വ്വം മായ തിയേറ്റര്‍ വിജയത്തിന് പിന്നാലെ ഒ.ടി.ടിയിലും തിളങ്ങുന്നുണ്ട്. എല്ലാതരം പ്രേക്ഷകരുടെയും ഇഷ്ടം ഒരുപോലെ സ്വന്തമാക്കിയ മറ്റൊരു ചിത്രം അടുത്തകാലത്തൊന്നും മലയാളത്തില്‍ വന്നിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം.

സര്‍വ്വം മായ Photo: Jio Hotstar

ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും സംവിധായകന്‍ വളരെ മനോഹരമായി വരച്ചുകാട്ടിയിട്ടുണ്ടെന്നും അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നിവിന്‍ പോളി അവതരിപ്പിച്ച പ്രഭേന്ദു, റിയ ഷിബു അവതരിപ്പിച്ച ഡെലൂലു എന്നിവര്‍ക്കൊപ്പം മറ്റ് കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചു. അത്തരത്തില്‍ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രമാണ് ജനാര്‍ദനന്‍ അവതരിപ്പിച്ച പ്രഹ്‌ളാദന്‍ നമ്പൂതിരി.

നിവിന്‍ പോളിയുടെ വല്യച്ഛനായി വേഷമിട്ട ജനാര്‍ദനന്‍ വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുവെങ്കിലും മനസില്‍ തങ്ങിനില്‍ക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. നിവിന്‍ പോളി- ജനാര്‍ദനന്‍ കോമ്പോ വളരെ നല്ല രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്നും എടുത്തുപറയേണ്ട കാര്യമാണ്. കഴിഞ്ഞ കുറച്ച് കാലങ്ങള്‍ക്കിടയില്‍ ജനാര്‍ദനന് ലഭിച്ച മികച്ച വേഷമായിരുന്നു സര്‍വം മായയിലെ വല്യച്ഛന്‍.

സര്‍വ്വം മായ Photo: Jio Hotstar

രഘുനാഥ് പലേരി അവതരിപ്പിച്ച നീലകണ്ഠന്‍ നമ്പൂതിരി പ്രഭേന്ദുവിനെ കളിയാക്കിയതിന് ശേഷം വല്യച്ഛന്റെ അടുത്തേക്ക് പോകുന്ന രംഗമുണ്ട്. ‘അച്ഛന്റെ കളിയാക്കലൊക്കെ സഹിച്ച് ഈ വീട്ടില്‍ നില്‍ക്കുമ്പോള്‍ വല്യച്ഛന് മടുക്കില്ലേ’ എന്നാണ് പ്രഭ ചോദിക്കുന്നത്. ഇതിന് വല്യച്ഛന്‍ നല്‍കുന്ന മറുപടി പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്.

‘എനിക്കെന്നെ ഭയങ്കര ഇഷ്ടമായതുകൊണ്ട്. നമുക്കിപ്പോ എന്താ വേണ്ടത്, നമ്മളെ നന്നായി സ്‌നേഹിക്കുന്ന, നന്നായി നോക്കുന്ന ഒരാളല്ലേ. അതിന് ഞാന്‍ തന്നെ പോരെ. എനിക്കെന്നോട് നല്ല സ്‌നേഹമാണ്. എന്നെ ഞാന്‍ നന്നായി നോക്കുന്നുമുണ്ട്’ എന്ന ഡയലോഗ് ഈയടുത്ത് വന്ന ഏറ്റവും മികച്ച രംഗങ്ങളിലൊന്നാണെന്ന് സംശയമില്ലാതെ പറയാം.

സര്‍വ്വം മായ Photo: Jio Hotstar

പ്രഭേന്ദു, ഡെലൂലു എന്നിവരെപ്പോലെ സര്‍വ്വം മായയിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് പ്രഹ്‌ളാദന്‍. അരപ്പതിറ്റാണ്ടിലേറെയായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന നടനാണ് ജനാര്‍ദനന്‍. വില്ലനായി കരിയര്‍ ആരംഭിച്ച ശേഷം അദ്ദേഹം കോമഡിയിലേക്ക് ട്രാക്ക് മാറ്റുകയായിരുന്നു. ഇപ്പോഴിതാ ക്യാരക്ടര്‍ റോളുകളിലും ജനാര്‍ദനന്‍ കൈയടി നേടുകയാണ്.

Content Highlight: Janardhanan’s character in Sarvam Maya movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം