പരാശക്തിയെ പൊക്കിക്കൊണ്ടുവരാന്‍ നോക്കിയതാ, കിടിലന്‍ ചെക്ക്‌മേറ്റുമായി ദളപതി, ആരാധകര്‍ ആവേശത്തില്‍
Indian Cinema
പരാശക്തിയെ പൊക്കിക്കൊണ്ടുവരാന്‍ നോക്കിയതാ, കിടിലന്‍ ചെക്ക്‌മേറ്റുമായി ദളപതി, ആരാധകര്‍ ആവേശത്തില്‍
അമര്‍നാഥ് എം.
Friday, 2nd January 2026, 8:04 pm

സിനിമകള്‍ തമ്മിലുള്ള ക്ലാഷിനെക്കാള്‍ വലിയൊരു രാഷ്ട്രീയ യുദ്ധമായാണ് ജന നായകന്‍- പരാശക്തി എന്നീ സിനിമകളുടെ റിലീസിനെ സിനിമാലോകം കാണുന്നത്. വിജയ്‌യുടെ അവസാന ചിത്രത്തെ രാഷ്ട്രീയപരമായി എതിരിടാന്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ ശ്രമമാണ് പരാശക്തിയുടെ റിലീസ്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സാണ് പരാശക്തി വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാക്കളും റെഡ് ജയന്റ്‌സാണ്.

ജനുവരി 14ന് റിലീസ് പ്രഖ്യാപിച്ച പരാശക്തിയെ ജനുവരി 10ലേക്ക് പ്രീപോണ്‍ ചെയ്തതും രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് പലരും ആരോപിക്കുന്നുണ്ട്. തിയേറ്റര്‍ റിലീസില്‍ മാത്രമല്ല, ഓഡിയോ ലോഞ്ചിന്റെ കാര്യത്തിലും ജന നായകനെ വെറുതെവിടാന്‍ ഡി.എം.കെ ഒരുക്കമല്ല. ജന നായകന്റെ ഓഡിയോ ലോഞ്ച് ടെലികാസ്റ്റ് ചെയ്യുന്ന അതേസമയം പരാശക്തിയുടെയും ഓഡിയോ ലോഞ്ച് സണ്‍ ടി.വി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.

ജന നായകന്‍ Photo: KVN Productions/ X.com

തമിഴകത്തിന്റെ സൂപ്പര്‍താരങ്ങളായ രജിനികാന്ത്, കമല്‍ ഹാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. നാളെ (ജനുവരി മൂന്ന്)യാണ് ഓഡിയോ ലോഞ്ച്. എന്നാല്‍ പരാശക്തിയുടെ ഓഡിയോ ലോഞ്ചിനെ അപ്രസക്തമാക്കുന്ന അപ്‌ഡേറ്റാണ് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നാളെ വൈകിട്ട് ഏഴ് മണിക്ക് ജന നായകന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഇതോടെ പരാശക്തിയുടെ ഓഡിയോ ലോഞ്ചിന് സമൂഹമാധ്യമങ്ങളില്‍ പ്രാധാന്യമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നാളത്തെ ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ ദളപതിയുടെ വിളയാട്ടമായിരിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കൂട്ടംകൂടി നിന്ന് തകര്‍ക്കാനുള്ള ശ്രമത്തെ വിജയ് ഒറ്റക്ക് ചെറുത്തുനില്‍ക്കുമെന്നാണ് പലരും കരുതുന്നത്.

മൂന്ന് പതിറ്റാണ്ടുകാലം സിനിമാലോകത്ത് നിറഞ്ഞുനിന്ന് വിജയ് പടിയിറങ്ങുമ്പോള്‍ തമിഴ് സിനിമയില്‍ വലിയൊരു ശൂന്യതയാണ് ബാക്കിവെക്കുക. തന്നെ വിശ്വസിച്ച് പണമിറക്കുന്ന നിര്‍മാതാവിന് ഒരിക്കലും നഷ്ടം വരുത്താത്ത താരമായി വിജയ് മാറിയ സമയത്താണ് ഈ പടിയിറക്കം. അവസാന ചിത്രം ആരാധകര്‍ക്ക് മാസ് ട്രീറ്റ് തന്നെയാകുമെന്നാണ് പ്രതീക്ഷ.

വിജയ്‌യുടെ പിന്‍ഗാമിയെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ശിവകാര്‍ത്തികേയന്റെ 25ാമത് ചിത്രമാണ് പരാശക്തി. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥയാണ് പറയുന്നത്. വന്‍ താരനിരയാണ് പരാശക്തിയില്‍ അണിനിരക്കുന്നത്.

Content Highlight: Jana Nayagan trailer releasing on Parasakthi audio launch day

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം