സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ജന നായകന്‍ അണിയറപ്രവര്‍ത്തകര്‍
Indian Cinema
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ജന നായകന്‍ അണിയറപ്രവര്‍ത്തകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 6th January 2026, 4:00 pm

രാഷ്ട്രീയ പ്രവേശത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന തമിഴിലെ ദളപതിയുടെ അവസാന ചിത്രം ജന നായകന് കുരുക്ക് മുറുക്കി സെന്‍സര്‍ ബോര്‍ഡ്. റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ പ്രി റിലീസ് ബുക്കിങ് വരെ ആരംഭിച്ച സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്ക് മുറുകുന്നത്.

Photo: Book my show

ഇതോടെ അടിയന്തരമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ എല്ലാ എഡിറ്റുകളും പൂര്‍ത്തിയാക്കി ഡിസംബര്‍ 19 ന് തന്നെ ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ജന നായകനിലെ ചില സീനുകള്‍ കട്ട് ചെയ്യാനും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിര്‍ദേശങ്ങളനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വീണ്ടും സബ്മിറ്റ് ചെയ്‌തെങ്കിലും ഇത്ര ദിവസമായിട്ടും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ചിത്രം റിലീസ് ചെയ്യാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കാണിച്ചാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ന് (ചൊവ്വ) ഉച്ചയോടെ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ചിത്രത്തിന് അനുകൂലമായി നടപടി സ്വീകരിക്കുമെന്നാണ് വിജയ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം വലിയ പ്രതിസന്ധിയാണ് നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വരിക. ഇതിനോടകം ഏകദേശം 40 കോടി രൂപയാണ് ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ചിത്രം പ്രീ റിലീസിലൂടെ നേടിയിട്ടുള്ളത്.

Photo: screen grab/ kvn productions/ youtube.com

തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഇതിനോടകം തന്നെ പ്രവര്‍ത്തനം ആരംഭിച്ച വിജയ്‌ക്കെതിരെയുള്ള പക പോക്കല്‍ നീക്കമെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന വാദം. നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിലടക്കം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സീനുകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ഭഗവന്ത് കേസരിയെന്ന സിനിമയുടെ റീമേക്കാണ് ജന നായകനെന്നും, നാഷണല്‍ അവാര്‍ഡ് നേടിയ ചിത്രത്തിന്റെ റീമേക്കിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എന്താണിത്ര താമസമെന്നും ചോദിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെയും ആരോപണമുയരുന്നുണ്ട്.

Content Highlight: Jana Nayagan team approaches madras high court due to delay in censor certificate issuing

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.