| Sunday, 22nd June 2025, 7:34 am

പാതിരാത്രി വന്ന് സോഷ്യല്‍ മീഡിയക്ക് തീയിട്ട ഗര്‍ജനം, അപാര ലുക്കും സ്വാഗുമായി വിജയ്‌യുടെ ജന നായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ജന നായകന്റെ വരവിനായി കാത്തിരിക്കുകയാണ്.

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് അര്‍ധരാത്രി 12 മണിക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് റോര്‍ എന്ന പേരില്‍ പുറത്തുവിട്ട ഗ്ലിംപ്‌സിന് വന്‍ വരവേല്പാണ് ലഭിച്ചത്. പൊലീസ് ഗെറ്റപ്പില്‍ അവതരിച്ച വിജയ്‌യുടെ ലുക്ക് ആരാധകര്‍ ആഘോഷമാക്കി. കൈയില്‍ കട്ടാനയുമായുള്ള വരവ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും അര്‍ധരാത്രിയില്‍ ഗ്ലിംപ്‌സ് പ്രദര്‍ശിപ്പിച്ചു.

വിജയ്‌യോടൊപ്പം ഒന്നിച്ചപ്പോഴെല്ലാം അതിഗംഭീര ബി.ജി.എം ഒരുക്കിയ അനിരുദ്ധ് ഇത്തവണയും നിരാശപ്പെടുത്തിയില്ല. ആഘോഷിക്കാന്‍ വകുപ്പുള്ള ബി.ജി.എം തന്നെയാണ് സമ്മാനിച്ചത്. ഇഷ്ടനടന്റെ അവസാനചിത്രം പരാമവധി ആഘോഷമാക്കാനാണ് ഓരോ ആരാധകനും ആഗ്രഹിക്കുന്നത്.

എന്നാല്‍ ആദ്യ ഗ്ലിംപ്‌സിന് പിന്നാലെ ചിത്രം റീമേക്കാണെന്ന തരത്തിലുള്ള വാദങ്ങളും ശക്തമായിരിക്കുകയാണ്. ബാലകൃഷ്ണയെ നായകനാക്കി അനില്‍ രവിപുടി സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ഭഗവന്ത് കേസരിയുടെ റീമേക്കായാണ് ജന നയകന്‍ ഒരുങ്ങുന്നതെന്ന് ആദ്യം മുതല്‍ക്കേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഭഗവന്ത് കേസരിയുടെ ചില സീനുകള്‍ ജന നായകനില്‍ റീമേക്ക് ചെയ്യുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് സിനിമകളുടെയും ആദ്യ ഗ്ലിംപ്‌സുകള്‍ തമ്മിലുള്ള സാമ്യതയും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇതാദ്യമായാണ് വിജയ് ബാലകൃഷ്ണയുടെ സിനിമ റീമേക്ക് ചെയ്യുന്നത്.

വന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. വിജയ്‌ക്കൊപ്പം മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായി വേഷമിടുന്ന ചിത്രത്തില്‍ നരേന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയവരും ഭാഗമാകുന്നുണ്ട്. 2026 ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jana Nayagan movie first glimpse got tremendous welcome in social media

We use cookies to give you the best possible experience. Learn more