മമിത എല്ലാവരുടെയും ഡാര്‍ലിങ് ആണ്; ജന നായകനില്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് അവള്‍: എച്ച്. വിനോദ്
Indian Cinema
മമിത എല്ലാവരുടെയും ഡാര്‍ലിങ് ആണ്; ജന നായകനില്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് അവള്‍: എച്ച്. വിനോദ്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 1st January 2026, 8:54 am

വരുന്ന പൊങ്കലോടെ എന്നെന്നേക്കുമായി സിനിമയോട് വിട പറയാനിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം വിജയ്. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന താരത്തിന്റെ അവസാന ചിത്രമായ ജനനായകന്‍ എല്ലാ അര്‍ത്ഥത്തിലും ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍.

മമിതയും വിജയ്‌യും. Photo: Mamitha/ x.com

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനില്‍ വമ്പന്‍ താരനിരയാണ് ദളപതിക്കൊപ്പം അണിനിരക്കുന്നത്. പൂജ ഹെഗ്‌ഡെ, പ്രിയാ മണി, ബോബി ഡിയോള്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ അണി നിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലൂടെ സിനിമയിലെത്തി തെന്നിന്ത്യന്‍ സെന്‍സേഷനായി മാറിയ മമിത ബൈജുവും വേഷമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട മമിതയുടെ കഥാപാത്രത്തിന്റെ സ്റ്റില്ലടക്കം വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ എച്ച്. വിനോദ് മമിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ആനന്ദ വികടന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മമിതയെ പരാമര്‍ശിച്ച് സംസാരിച്ചത്.

‘ജന നായകന്റെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മമിത. കാണുമ്പോള്‍ മമിതയെ വളരെ ചെറുപ്പമായി തോന്നുമെങ്കിലും വളരെ സെന്‍സിബിള്‍ ആയിട്ടുള്ള അഭിനേത്രിയാണ്. ചിത്രത്തില്‍ എന്റയൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ അഭിനേതാക്കളെയും വെച്ച് നോക്കിയാല്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മമിത.

ചിത്രത്തില്‍ ആക്ഷന്‍ രംഗവും അഭിനയ പ്രാധാന്യമുള്ള രംഗവും മമിത വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ഒരു മലയാളിയായ അഭിനേതാവിന്റെ പ്രകടനത്തിനിടയില്‍ അവരുടെ ഭാഷ കയറിവരുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ ചിത്രത്തിന്റെ ഇമോഷണല്‍ അപ്പീല്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ഡബ്ബിങ്ങിലടക്കം മമിത പെര്‍ഫോം ചെയ്തിട്ടുള്ളത്, ‘ സംവിധായകന്‍ പറഞ്ഞു.

വിജയ് ഓഡിയോ ലോഞ്ചിനിടെ. Photo: M kumar Tvk/ x.com

കഴിഞ്ഞ ദിവസം മലേഷ്യയില്‍ വെച്ച് നടന്ന ജന നായകന്റെ ഓഡിയോ ലോഞ്ചിലെ വിഷ്വലുകള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ ചിത്രത്തിലെ ട്രെയ്‌ലറുകളും ടീസറുകളും അടക്കം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ് യുടെ കരിയറിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രത്തിലൊന്നായിരിക്കും ജന നായകന്‍ എന്ന അഭ്യൂഹങ്ങളുള്ള സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മമിതയുടെ ആക്ഷന്‍ ലുക്ക് പുറത്തുവന്നത്.

അതേസമയം തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായിരിക്കും ജന നായകന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സംവിധായകന്‍ നിഷേധിച്ചിട്ടില്ല. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന് കടുത്ത മത്സരമാണ് ബോക്‌സ് ഓഫീസില്‍ നേരിടേണ്ടി വരിക. ക്ലാഷ് റിലീസായി ശിവകാര്‍ത്തികേയന്റെ പരാശക്തിയും ബിഗ് ബഡ്ജറ്റിലൊരുങ്ങിയ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം രാജാ സാബും പൊങ്കലിന് തിയേറ്ററിലെത്തുന്നുണ്ട്.

Content Highlight: Jana Nayagan Director H Vinodh about actress Mamitha Baiju

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.