കംബാക്കടിച്ച സൂര്യയെ സൈഡാക്കി... കേരളം ദളപതി കോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് വിജയ്
Indian Cinema
കംബാക്കടിച്ച സൂര്യയെ സൈഡാക്കി... കേരളം ദളപതി കോട്ടയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് വിജയ്
അമര്‍നാഥ് എം.
Monday, 20th July 2026, 8:23 am

അന്യഭാഷാസിനിമകള്‍ക്ക് എപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്ന ഇടമാണ് കേരളം. സൂപ്പര്‍താര സിനിമകള്‍ക്ക് ലഭിക്കുന്ന അതേ വരവേല്പ് അന്യഭാഷയിലെ, പ്രത്യേകിച്ച് തമിഴ് സിനിമക്ക് ലഭിക്കാറുണ്ട്. വിജയ് ചിത്രമായ ലിയോ കേരളത്തില്‍ നിന്ന് ആദ്യദിനം 12 കോടിയോളം നേടി ചരിത്രമെഴുതിയത് വലിയ നേട്ടമായിരുന്നു.

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരങ്ങളാണ് വിജയ്‌യും സൂര്യയും. ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് വിജയ് കേരളത്തില്‍ നേടിയെടുത്ത സ്റ്റാര്‍ഡം പലര്‍ക്കും അത്ഭുതമാണ്. ദളപതി കോട്ട എന്നാണ് കേരള ബോക്‌സ് ഓഫീസിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. തരക്കേടില്ലാത്ത ഫാന്‍ ബേസ് സൂര്യക്കുമുണ്ട്. വിജയ് സിനിമാലോകത്തോട് വിട പറഞ്ഞത് സൂര്യക്ക് ഗുണം ചെയ്യുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു സൂര്യയുടെ മുന്‍ചിത്രമായ കറുപ്പിന് കേരളത്തില്‍ നിന്ന് ലഭിച്ച കളക്ഷന്‍. മിക്‌സഡ് റെസ്‌പോണ്‍സും ദൃശ്യം 3, അതിരടിയടക്കം പല സിനിമകളുമായുള്ള ക്ലാഷും കാരണം സ്‌ക്രീനുകള്‍ കുറവായിരുന്നു. എന്നിട്ടും 10 കോടിയിലേറെ കറുപ്പ് കേരളത്തില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ കറുപ്പിനെ ഒന്നുമല്ലാതാക്കാന്‍ വിജയ് ഒരുങ്ങുകയാണെന്നുള്ളതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ഏഴ് മാസത്തോളം വൈകി റിലീസാകുന്ന ചിത്രത്തിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. ശനിയാഴ്ച ബുക്കിങ് ആരംഭിച്ച ജന നായകന്‍ ഇതിനോടകം രണ്ട് കോടിക്കടുത്ത് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിക്കഴിഞ്ഞു. കറുപ്പിന്റെ കേരള അഡ്വാന്‍സ് സെയില്‍ ഇതിനോടകം ജന നായകന്‍ മറികടന്നു.

സിനിമാലോകം ഈയടുത്ത് കണ്ട ഏറ്റവും വലിയ കംബാക്കായിരുന്നു സൂര്യയുടേത്. 13 വര്‍ഷത്തോളം നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യ കറുപ്പിലൂടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് നേടിയത്. എന്നാല്‍ ഈ നേട്ടത്തിന് വലിയ ആയുസ്സില്ലാതാക്കുകയാണ് ജന നായകന്റെ റിലീസ്. ഫസ്റ്റ് ഡേ കളക്ഷനടക്കം പലയിടത്തും ജന നായകന്റെ തേരോട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ജന നായകന്റെ റിലീസിന് ചില വെല്ലുവിളികളുമുണ്ട്. ‘A’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്റര്‍നെറ്റില്‍ ലീക്കായതും ജന നായകന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കളക്ഷനെ ഇത് വലിയ രീതിയില്‍ ബാധിക്കുമോ എന്നും സിനിമാപേജുകള്‍ ചര്‍ച്ചയാക്കുന്നുണ്ട്. 400 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ജന നായകന്‍ ബോക്‌സ് ഓഫീസില്‍ സേഫാകണമെങ്കില്‍ 500 കോടിയെങ്കിലും ആവശ്യമാണ്.

Content Highlight: Jana Nayagan crossed Kerala pre sales of Karuppu movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം