ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത് മൂന്ന് ഘട്ടങ്ങളിലായി. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മണ്ഡലത്തില്‍ മൂന്ന് ദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്.
ജമ്മു കശ്മീരിലെ ആറ് ലോക്സഭാ സീറ്റുകളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്ന സാഹചര്യമല്ല സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞത്.
“അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തില്‍ മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പു നടക്കുക. എത്രത്തോളം സങ്കീര്‍ണ്ണമാണ് അവിടുത്തെ സ്ഥിതിയെന്ന് നിങ്ങള്‍ക്ക് ഇതില്‍ നിന്ന് മനസ്സിക്കാന്‍ പറ്റും” എന്ന് സുനില്‍ അറോറ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഏപ്രില്‍ 11ന് ബാരാമുള്ള, ജമ്മു മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 18ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ശ്രീനഗര്‍, ഉദ്ധംപുര്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. അനന്ത്നാഗില്‍ ഏപ്രില്‍ 23, 29, മെയ് ആറ് തിയ്യതികളിലായിട്ടായിരിക്കും വോട്ടെടുപ്പ്. ലഡാക്കിലും മെയ് ആറിനാണ് വോട്ടെടുപ്പു നടക്കുക.
തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍, കുല്‍ഗം, പുല്‍വാമ എന്നീ നാല് ജില്ലകള്‍ ചേര്‍ന്നതാണ് അനന്ത്നാഗ് മണ്ഡലം. 2016ല്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം ഈ മേഖലകള്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കേന്ദ്രമായി
മാറുകയായിരുന്നു എന്ന് ടെലഗ്രാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജെയ്‌ഷെ മുഹമ്മദിന്റെ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതും അനന്ത്നാഗ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പുല്‌വാമയിലാണ്. 2014ല്‍ അനന്ത്നാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മെഹബൂബ മുഫ്ത്തിയായിരുന്നു.
എന്നാല്‍ 2016ല്‍ പിതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തെത്തുടര്‍ന്ന് മെഹബൂബ മുഖ്യമന്ത്രി പദവി ഏറ്റെടുക്കുകയും അനന്ത്നാഗില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. എന്നാല്‍ 2017ല്‍ ഉപ തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
അതേസമയം, കശ്മീരിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
കേന്ദ്രസേനയുടേയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരുടേയും ലഭ്യത, അടുത്തിടെ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ സുരക്ഷിതത്വം തുടങ്ങിയവ പ്രധാന വെല്ലുവിളിയാണെന്നും സുനില്‍ അറോറ പറഞ്ഞു.
ഇതിനിടെ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി മൂന്നംഗ പ്രത്യേക സംഘത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. മുന്‍ സി.ആര്‍.പി.എഫ് ഡി.ജി ആയിട്ടുള്ള അമര്‍ജിത് സിങ് ഗില്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ നൂര്‍ മുഹമ്മദ്, വിനോദ് സുത്ഷി എന്നിവരെയാണ് നിയോഗിച്ചത്.