ആഷസ്: ആദ്യ മത്സരം കളിക്കാനാവാതെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍
Sports News
ആഷസ്: ആദ്യ മത്സരം കളിക്കാനാവാതെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബൗളര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th December 2021, 8:06 pm

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തെയാണ് ആഷസ് എന്ന് പേരിട്ട് വിളിക്കുന്നത്. ക്രിക്കറ്റിലെ ഏറ്റവും വലിയ റൈവല്‍റിയുടെ കഥയാണ് ആഷസിന് പറയാനുള്ളത്. ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള എല്ലാ ഏറ്റുമുട്ടലുകളും ചര്‍ച്ചയാവുന്നതും ഇതുകൊണ്ടുതന്നെയാണ്.

ആഷസിന്റെ പുതിയ സീരീസ് നാളെ തുടങ്ങാനിരിക്കെ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ ആദ്യ മത്സരം കളിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് ആന്‍ഡേഴ്‌സണ്‍. 39 വയസുകാരനായ ആന്‍ഡേഴ്സന്റെ വര്‍ക്ക്ലോഡ് കുറയ്ക്കാനാണ് ടീം മാനേജ്‌മെന്റ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിക്കുന്നതിലൂടെ അഡ്ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ താരത്തിന് നന്നായി കളിക്കാനാകുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

‘ജിമ്മി കളിക്കാന്‍ പൂര്‍ണ ഫിറ്റാണ്, അയാള്‍ക്ക് പരിക്കൊന്നും ഇല്ല. ആറ് ആഴ്ചയില്‍ അഞ്ച് ടെസ്റ്റ് കളിക്കാനിരിക്കെ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കാനാണ് ഞങ്ങളുടെ പ്ലാന്‍,’ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

‘2019 എഡ്ഗാബ്റ്റണില്‍ ആദ്യ ദിവസം തന്നെ ആന്‍ഡേഴ്സണ് പരിക്കേറ്റിരുന്നു, അതുകൊണ്ട് ഇത്തവണ അദ്ദേഹത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ സാധിക്കില്ല’ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കൂട്ടിചേര്‍ത്തു.


ഇംഗ്ലണ്ടിന് ആഷസ് വിജയിക്കണമെങ്കില്‍ ആന്‍ഡേഴ്സണ്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ അഭിപ്രായം. അവസാനമായി ഓസിസ് മണ്ണില്‍ ഇംഗ്ലണ്ട് ആഷസ് നേടിയത് 2010-11 സീസണിലായിരുന്നു.

ആന്‍ഡ്രൂ സ്‌ട്രോസിന്റെ കീഴില്‍ ഒരു പതിറ്റാണ്ട് മുമ്പ് നേടിയ ആഷസില്‍, 26.04 ശരാശരിയില്‍ 24 വിക്കറ്റുകളായിരുന്നു ആന്‍ഡേഴ്സണ്‍ നേടിയത്.

ഇംഗ്ലണ്ടിനായി 166 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 632 വിക്കറ്റുകള്‍ ആന്‍ഡേഴ്സണ്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മൂന്നാമതും പേസ് ബൗളര്‍മാരില്‍ ഒന്നാമതുമാണ് ആന്‍ഡേഴ്സ്ണ്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: James Anderson will not be playing in 1st test of Ashes