അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര മുന്നിലുള്ളപ്പോഴാണ് ഇരുവരും വിരമിക്കല്‍ അറിയിച്ചത്. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സന്. രോഹിത്തും വിരാടും മികച്ച താരങ്ങളാണെന്നും ഇരുവരുടേയും വിടവ് വലുതാണെങ്കിലും ഇന്ത്യ ശക്തരായ ടീമാണെന്നാണ് ആന്ഡേഴ്സന് പറഞ്ഞത്. ഐ.പി.എല്ലില്‍ നിന്ന് നേര ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കാനൊരുങ്ങുമ്പോള്‍ താരങ്ങള്‍ നിര്‍ഭയമായ പ്രകടനം കാഴ്ചവെക്കുമെന്നും അവര്‍ അഗ്രസീവായി കളിക്കുമെന്നും ആന്ഡേഴ്സന് പറഞ്ഞു.
‘മികച്ച കളിക്കാര്‍, രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ ഇന്ത്യക്ക് പുതിയൊരു ക്യാപ്റ്റന്‍ ഉണ്ടാകും. വിരാട് കോഹ്ലി ടെസ്റ്റ് ചരിത്രത്തിലെ മികച്ച ബാക്ടര്മാരില് ഒരാളുമാണ്. ഇരുവരുടെയും വിടവ് വലുതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സ്ക്വാഡ് മികച്ചതാണ്. ഐ.പി.എല്ലിലേക്ക് ഒന്ന് നോക്കിയാല്‍ മതി.
അവരുടെ താരങ്ങള്‍ ടൂര്‍ണമെന്റില്‍ അഗ്രസീവ് ആയി കളിക്കുന്നു, അവര്‍ക്ക് നിര്‍ഭയമായ മെന്റാലിറ്റിയാണ്. ടൂര്‍ണമെന്റ് കഴിഞ്ഞ് അവര്‍ ടെസ്റ്റ് തയ്യാറെടുക്കുന്നു. ഇന്ത്യ ശക്തരായ എതിരാളിയാണ്. അവര്‍ എവേ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പോലും അപകടകാരികളാണ്,’ ജെയിംസ് ആന്ഡേഴ്സണ് സ്പോര്‍ട്സ് തക്കിനോട് പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന് കൂടിയാണ് വിരാട്.
ഇന്ത്യയ്ക്ക് വേണ്ടി 2013ല്‍ അരങ്ങേറ്റം നടത്തി 116 ഇന്നിങ്സില്‍ നിന്ന് 4301 റണ്‍സാണ് രോഹിത് നേടിയത്. 40.6 ആവറേജില്‍ 212 എന്ന ഉയര്‍ന്ന സ്കോര്‍ ഉള്‍പ്പെടെയാണ് രോഹിത് റണ്‍സ് സ്കോര്‍ ചെയ്തത്. ഫോര്‍മാറ്റില്‍ 12 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടാന്‍ രോഹിത്തിന് സാധിച്ചിരുന്നു.
Content Highlight: James Anderson Talking About Virat Kohli, Rohit Sharma And Indian Cricket Team