തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി മുന്‍ മന്ത്രി എ.കെ ബാലന്‍ രംഗത്ത്. തനിക്ക് കേസും കോടതിയും പുത്തരിയല്ലെന്നും ജയിലില്‍ പോകാന്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു,. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ചാപ്റ്റര്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് എലിയാസ് (ശിഹാബ് പൂക്കോട്ടൂര്‍) നല്‍കിയ വക്കീല്‍ നോട്ടീസ് വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നും നോട്ടീസില്‍ പറയുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തന്നെയും തന്റെ പാര്‍ട്ടിയെയും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കാനും തന്നെ ഒരു ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ബാലന്‍ പറഞ്ഞു.
പൊതു ജീവിതത്തില്‍ ഇന്ന് വരെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടുകള്‍ താന്‍ സ്വീകരിച്ചിട്ടില്ലെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം താന്‍ ശബ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേസും കോടതിയും എന്നെ സംബന്ധിച്ച് പുത്തരിയല്ല. ഈ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്. തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഗൂഢ ഉദ്ദേശത്തോടെ കെട്ടിച്ചമച്ചതാണ്. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് ഞാന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍,’
കഴിഞ്ഞ 60 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള ആളാണ് താനെന്നും എം.പി, എം.എല്‍.എ മന്ത്രി എന്നുള്ള നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനം പൊതുജനങ്ങളില്‍ ഒരു രൂപത്തിലുമുള്ള ആക്ഷേപം ഉണ്ടാക്കിയിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
‘പൊതുജീവിതത്തില്‍ ഇന്നേവരെ മതനിരപേക്ഷതയ്ക്ക് എതിരായിട്ടോ മതന്യൂനപക്ഷ വിരുദ്ധ സമീപനമോ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല മതന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ട്, ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളികള്‍ക്കെതിരായി ശബ്ദിക്കാന്‍ പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഞാന്‍ ശബ്ദിച്ചിട്ടുണ്ട്. അത് അവസാനം വരെയുണ്ടാകും. ഇതാണ് എന്റെ ചരിത്രം.
എനിക്ക് എതിരായ നോട്ടീസ് അയച്ച ജമാഅത്തെയുടെ സെക്രട്ടറി അവരുടെ പ്രസ്ഥാനത്തിന്റെ നയം എന്താണ്, ലക്ഷ്യം എന്താണ് എന്ന് പൊതുസമൂഹത്തിന് മുന്‍പില്‍ പ്രഖ്യാപിക്കണം. അത് ഈ കത്തില്‍ കണ്ടില്ല. ഞാന്‍ ഇന്ത്യാ രാജ്യത്തിന്റെ മതേതര ജനാധിപത്യപരമാധികാര സോഷ്യലിസ്റ്റ് മൂല്യങ്ങളെന്ന ഭരണാഘടനാദത്തമായ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഒരാളാണ്.
അതില്‍ പറഞ്ഞ സോഷ്യലിസ്റ്റ് ആശയം, തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന ആളാണ്. ഈ സംഘടന ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോ? മതനിരപേക്ഷത അംഗീകരിക്കുന്നുണ്ടോ? മറിച്ച് ഒരു മതരാഷ്ട്രവാദമാണോ അവരുടെ ലക്ഷ്യം? എന്നതിനെ സംബന്ധിച്ച വ്യക്തത പൊതുസമൂഹത്തിന്റെ മുന്‍പില്‍ ഉണ്ടാക്കിക്കൊടുത്തതിന് ശേഷമായിരിക്കണം എനിക്ക് നോട്ടീസ് അയക്കേണ്ടിയിരുന്നത്,’ എ.കെ ബാലന്‍ പറഞ്ഞു
വക്കീല്‍ നോട്ടീസ് തനിക്ക് ലഭിക്കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാപരമായ അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും, ആര്‍ട്ടിക്കിള്‍ 51 എ(ഇ) അനുശാസിക്കുന്ന മതസൗഹാര്‍ദ്ദം വളര്‍ത്തുക എന്ന കടമയുമാണ് താന്‍ നിര്‍വ്വഹിച്ചതെന്ന് എ.കെ ബാലന്‍ വിശദീകരിച്ചു.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കുറിച്ചോ അതിന്റെ നേതാക്കളെക്കുറിച്ചോ വിമര്‍ശിക്കുന്നത് അപകീര്‍ത്തിപ്പെടുത്തലല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗത്തില്‍ പരാതിക്കാരന്റെ പേരോ സംഘടനയുടെ പേരോ എടുത്തു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലം വര്‍ഗീയ ശക്തികളുടെ സഹായത്തോടെയാണ് ഏതെങ്കിലും മുന്നണി അധികാരത്തില്‍ വരുന്നതെങ്കില്‍ ആ ശക്തികള്‍ ഗവണ്‍മെന്റിനെയും ആഭ്യന്തര വകുപ്പിനെയും നിയന്ത്രിക്കാന്‍ ഇടയാകുമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ സഹായത്തോടെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അത് മാറാട് പോലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമെന്ന തന്റെ മുന്നറിയിപ്പ് മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബാബറി മസ്ജിദ് തകര്‍ത്തതോ ഗുജറാത്ത് കലാപമോ ഓര്‍മ്മിപ്പിക്കുന്നത് പോലെയാണ് മാറാട് സംഭവത്തെക്കുറിച്ച് താന്‍ പറഞ്ഞതെന്നും, ഇത് ജനങ്ങള്‍ നേരിടാന്‍ പോകുന്ന ആപത്തിനെക്കുറിച്ചുള്ള മുന്‍കരുതല്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Jamaat-e-Islami’s notice is untrue; No intention to pay compensation, no apology: A.K. Balan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.