ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ മലയാള സിനിമ; സ്വപ്‌ന നേട്ടവുമായി ഇന്ദ്രന്‍സ്; ഈ ആഴ്ചയിലെ സിനിമ വിശേഷങ്ങള്‍
അശ്വിന്‍ രാജ്

.

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സ്വപ്‌ന നേട്ടമുണ്ടാക്കിയ മലയാള സിനിമകളുടെ വിശേഷങ്ങള്‍, തിയേറ്ററില്‍ എത്തിയ ഓണ ചിത്രങ്ങള്‍ എന്നിവയാണ് ഈ വീക്കില്‍ ഡി മൂവിസില്‍

മലയാളസിനിമയ്ക്ക് അഭിമാനകരമായ നേട്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി നാലു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി.

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല, ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലികെട്ട്, ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍, ഗീതുമോഹന്‍ദാസിന്റെ മൂത്തോന്‍ എന്നിങ്ങനെ നാലു ചിത്രങ്ങളാണ് വിവിധ അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോെല നേടിയത്.

ഇതില്‍ വെയില്‍ മരങ്ങള്‍ എന്ന ഡോ ബിജുവിന്റെ ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായത്.

ഷാങ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ലഭിച്ചത്.

മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്

എം.ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറയ്ക്ക് പിന്നില്‍. ബിജിബാലാണ് സംഗീതം.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലാണ് പ്രദര്‍ശിപ്പിച്ചത് . വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലെ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറിലാണ് ചോല പ്രദര്‍ശിപ്പിച്ചത്.

ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തില്‍ പെടുത്തിയാണ് ചോല പ്രദര്‍ശനത്തിന് എത്തിയത്. ലോകത്തെ മൂന്ന് പ്രധാന ചലചിത്രമേളകളില്‍ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവല്‍ വെനീസ് ലഗൂണിലെ ലിഡ ദ്വീപിലാണ് നടന്നത്.

ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയന് മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തതും ചോലയിലെ കഥാപാത്രങ്ങളായിരുന്നു.

ഇതിനു മുന്‍പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍, നിഴല്‍ കൂത്ത് എന്നീ ചിത്രങ്ങളാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസും ചേര്‍ന്ന് പങ്കാളിത്തത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

റെഡ് കാര്‍പെറ്റില്‍ മുണ്ട് ഉടുത്ത് മാസ് എന്‍ട്രി നടത്തിയ ജോജുവിന്റെ ചിത്രവും അദ്ദേഹത്തിന്റെ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സനല്‍ കുമാര്‍ ശശിധരന്റെ ‘സെക്‌സി ദുര്‍ഗ’ എന്ന ചിത്രം 2017 ല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ ഡാം, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജെനീവ, അര്‍മീനിയയിലെ യെരവാന്‍, മെക്‌സിക്കോയിലെ ഗുവാനോജുവാട്ടോ, ഇറ്റലിയിലെ പെസാറോ, സ്‌പെയിനിലെ വാലന്‍സിയ, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

2019ല്‍ ഏറ്റവുമധികം തിയേറ്റര്‍ റിലീസിന് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്. രാജ്യാന്തര മേളകളിലെ പ്രദര്‍ശനത്തിന് പിന്നാലെയായിരിക്കും കേരളത്തില്‍ സിനിമയുടെ റിലീസ്. ചിത്രം കഴിഞ്ഞ ദിവസമാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.

ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളള സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നു.

‘ജല്ലിക്കെട്ട്’ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 2 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. ഒക്ടോബര്‍ 3നും 5നും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ജല്ലിക്കെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.


ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘മൂത്തോന്‍’ കഴിഞ്ഞ ദിവസമാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. വേള്‍ഡ് പ്രീമിയര്‍ പ്രദേശനത്തിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ടൊറന്റോയില്‍ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോനെന്നും ഒരുപാട് തയ്യാറെടുപ്പുകള്‍ ചിത്രത്തിന് വേണ്ടി നടത്തിയിരുന്നെന്നും നിവിന്‍ പോളി പ്രീമിയറിന് മുന്‍പ് പറഞ്ഞിരുന്നു. മൂത്തോന്റെ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ തന്റെ സ്വപ്ന സാക്ഷാത്കമാരമാണെന്നായിരുന്നു നിവിന്‍ പോളി പറഞ്ഞത്.

 

തന്റെ ജേഷ്ഠനെ അന്വേഷിച്ച് ലക്ഷദ്വീപില്‍ നിന്ന് മുംബൈലേക്ക് യാത്ര തിരിക്കുന്ന മുല്ല എന്ന യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുംബൈയില്‍ എത്തുന്ന മുല്ല, അക്ബര്‍ എന്ന ഗുണ്ടയുടെ കയ്യില്‍ അകപ്പെടുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും നിര്‍മ്മാണത്തിലും പങ്കാളിയാണ്.

തിയേറ്ററുകളില്‍ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഓണ ചിത്രങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. നിവിന്റെ ലൗ ആക്ഷന്‍ ഡ്രാമ, മോഹന്‍ലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡെ, രജിഷയുടെ ഫൈനല്‍സ് എന്നിവയാണ് ഓണ ചിത്രങ്ങളായി തിയേറ്ററുകളില്‍ എത്തിയത്.

രജിഷ വിജയന്‍ അഭിനയിച്ച ഫൈനല്‍സാണ് ഈ വീക്കിലെ സിനിമയായി ഡി മൂവീസ് തെരഞ്ഞെടുക്കുന്നത്

ഇന്ത്യന്‍ അത്ലറ്റ്‌സിലെ പ്രതിഭയായിരുന്ന ഷൈനി സൈലസ്സിന് സമര്‍പ്പിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. പി.ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ആലീസ് എന്ന പെണ്‍കുട്ടിക്ക് സൈക്കിളിങ് ഏറെ ഇഷ്ടമാണ്, പാതി വഴിയില്‍ ചിതറി പോയ അച്ഛന്റെ കായിക സ്വപ്നങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു മകളുടെ കഥയാണ്. രജിഷയാണ് ആലീസ് ആയി എത്തുന്നത്.

കായിക പ്രധാന്യമായുള്ള ചിത്രങ്ങള്‍ ഭൂരിഭാഗവും അവസാനിക്കുന്ന മത്സരത്തിന്റെ തട്ടില്‍ നിന്നാണ് ഫൈനല്‍സും നിലകൊള്ളുന്നത്. ഉയരെ എന്ന ചിത്രം ഒരു പെണ്‍കുട്ടിയുടെ സ്വപ്നവും അവള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയെയും കുറിച്ചു തന്നെ ആയിരുന്നു. എന്നാല്‍ ഫൈനല്‍സ് അത്തരത്തില്‍ ഉറക്കെ രാഷ്ട്രീയം വിളിച്ചു പറയുന്ന ഗണത്തില്‍ പെടുന്നില്ല, സ്നേഹ ബന്ധങ്ങളിലേക്കാണ് സംവിധായകന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

രജിഷ വിജയന്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന സൂക്ഷ്മത അവരുടെ സിനിമകളിലും പ്രകടമാണ്, സുനില്‍ ഇളമോന്റെ ക്യാമറ പല കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്നുള്ള കാഴ്ചകള്‍ എടുത്തു കാണിക്കുന്നതില്‍ മികച്ചു നിന്നു. സൈക്ലിങില്‍ ക്യാമറ ട്രാക്ക് ചെയ്യുന്ന രംഗങ്ങള്‍ എല്ലാം സിനിമയ്ക്കൊപ്പം ചേര്‍ന്ന് നിന്നു.എന്നിരുന്നാലും മികച്ച ക്യാമറ വര്‍ക്ക് എന്ന അഭിപ്രായം ഇല്ല.

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കൈലാസ് മേനോന്‍ ആണ് ചിത്രത്തിലെ സംഗീതസംവിധാനം. അന്തരിച്ച പ്രിയ കവി ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനമടക്കം എല്ലാ ഗാനങ്ങളും മികച്ച് നിന്നു.

DoolNews Video

 

 

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.