| Sunday, 23rd March 2025, 11:11 am

മലയാളം ശരിയാകാത്തതുകൊണ്ട് സ്പാനിഷാണ് ചാക്കോച്ചന്റെ പടത്തിലെ പാട്ടിനായി ഉപയോഗിച്ചത്; അതെന്നെ രക്ഷിച്ചു: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2014 ല്‍ പുറത്തിറങ്ങിയ ‘എയ്ഞ്ചല്‍സ്‘ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച് മലയാള സിനിമക്ക് വ്യത്യസ്ത ഗാനങ്ങളും മികച്ച സ്‌കോറിങ്ങുകളും നല്‍കിയ സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. രണം, കിങ് ഓഫ് കൊത്ത, കടുവ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ സംഗീതം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘നിയോണ്‍ റൈഡ്’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.

ആ ഗാനത്തിന്റെ തുടക്കത്തിനായി ഇംഗ്ലീഷും മലയാളവും ചേരാത്ത പോലെ തോന്നിയെന്നും ഒരുപാട് അന്വേഷണത്തിനൊടുവില്‍ സ്പാനിഷ് ഭാഷയില്‍ ആ പാട്ട് തുടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജേക്‌സ് ബിജോയ് പറയുന്നു.

സ്പാനിഷ് പാടുന്ന ഒരാള്‍ക്ക് വേണ്ടി കുറേ അന്വേഷിച്ചെന്നും അവസാനം ഒരാളെ കിട്ടിയെന്നും അയാളാണ് ഈ പാട്ടില്‍ തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ആ പാട്ട് മനോഹരമായാണ് ബേബി ജീന്‍ പാടിയിരിക്കുന്നത്. ഹുക്കും ഒരു തരതരാ വെച്ച് അഡ്ജസ്റ്റ് ചെയ്തു. എന്നാല്‍ പാട്ടിന്റെ ആദ്യ ഭാഗം ഒരു രീതിയിലും കിട്ടുന്നില്ല. എന്തൊക്കെ ചെയ്തിട്ടും അതങ്ങ് വര്‍ക്ക് ആകുന്നില്ല.

അപ്പോള്‍ എന്നെ ഇതില്‍ പാട്ടെഴുതിയിരിക്കുന്ന സുഹൈല്‍ ഒരുപാട് സഹായിച്ചു. ഈ സമയത്ത് സുഹൈലിനെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം ഇത് എങ്ങനെ ക്രാക്ക് ചെയ്യാം എന്നുള്ളതിന്റെ കുറിച്ച് എന്നെ ഒരുപാട് സഹായിച്ചു. ആദ്യം എനിക്ക് ഇംഗ്ലീഷില്‍ എഴുതിത്തന്നു, അത് വര്‍ക്കായില്ല. മലയാളം ഒരു ചൊല്ലുപോലെ പൊളിയായിട്ട് എഴുതി. പക്ഷെ അതും ആ കഥാപാത്രങ്ങളുടെ ആറ്റിറ്റിയൂമായി ചേര്‍ന്ന് പോകാത്തതുപോലെ തോന്നി.

അങ്ങനെയാണ് സ്പാനിഷ് റഫറന്‍സിലേക്ക് എത്തുന്നത്. അങ്ങനെ സ്പാനിഷില്‍ അതൊന്ന് പാടിനോക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ സ്പാനിഷ് പാടുന്ന ഒരാള്‍ക്ക് വേണ്ടി ഞങ്ങള്‍ ‘ഫൈവര്‍’ എന്ന് പറയുന്നൊരു ആപ്പുണ്ട്. അതില്‍ മൊത്തം നോക്കി. എന്നിട്ടും അങ്ങനെ ഒരാളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പിന്നെ ഞാന്‍ കോര്‍ഡിനേറ്റര്‍ വിന്‍സെന്റ് ചേട്ടനെ വിളിച്ച് എവിടെനിന്നെങ്കിലും സ്പാനിഷ് പാടുന്ന ഒരാളെ വേണം, അര്‍ജന്റ് ആണെന്ന് പറഞ്ഞു. ഒരു കൊച്ചുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ആ കുട്ടിക്ക് ഇതാണ് മൂഡ് എന്നൊക്കെ പറഞ്ഞ് ട്രാക്ക് അയച്ചുകൊടുത്തു. കിടിലനായിട്ട് ആ കുട്ടി പാടിയും തന്നു. അതെന്നെ രക്ഷിച്ചു,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy Talks About A Song In Officer On Duty Movie

Latest Stories

We use cookies to give you the best possible experience. Learn more