തുടരും എന്ന സിനിമയ്ക്ക് ലഭിക്കുന്ന കയ്യടികളുടെ പങ്ക് പറ്റാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹനായ ഒരു വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ സംശയമില്ലാതെ പറയാവുന്ന ഒരുപേരാണ് സംഗീത സംവിധായകന്‍ ജേക്ക്സ് ബിജോയിയുടേത്.
സിനിമയുടെ ഇമോഷന്‍ അതേപടി പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ചിത്രത്തിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. കഥാഗതിയ്ക്കനുസരിച്ച് മാറി മറയുന്ന ഓരോ രംഗങ്ങളെയും അതിന്റെ തീവ്രതയോടെയും പൂര്‍ണതയോടും പ്രേക്ഷകരിലെത്തിക്കാന്‍ ജേക്ക്സിനായി.
ഇപ്പോള്‍ സിനിമയിലെ കൊണ്ടാട്ടം എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്. ഒരു സെലിബ്രേഷന്‍ സോങ് വേണ്ടേ എന്ന് താന്‍ തരുണിനോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം അതിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് ആദ്യം പറഞ്ഞതെന്നും ജേക്ക്‌സ് ബിജോയ് പറഞ്ഞു. എല്ലാവര്‍ക്കും ആസ്വദിക്കാനും ആഘോഷിക്കാനുമായി അത്തരത്തില്‍ ഒരു പാട്ട് പിന്നീട് കൊണ്ട് വരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ട് കേട്ട ഉടനെ മോഹന്‍ലാല്‍ എം.ജി ശ്രീ കുമാറിനെ വിളിക്കുകയുണ്ടായെന്നും പാട്ട് നന്നായിട്ടുണ്ടെന്നും ഇനി ഒരു വര്‍ഷത്തേക്ക് പാട്ടൊന്നും വേണ്ടെന്ന് പറഞ്ഞുവെന്നും ജേക്ക്‌സ് ബിജോയ് പറഞ്ഞു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാം കഴിഞ്ഞ് അവസാനം ഞാന്‍ തരുണിനോട് ചോദിച്ചു. ‘തരുണേ, സിനിമയില്‍ എല്ലാം സിറ്റുവേഷണല്‍ പാട്ടുകളാണ് ഉള്ളത്. നമ്മുക്ക് ഒരു സെലിബ്രേഷന്‍ സോങ് കൂടെ വേണ്ടേ’ അപ്പോള്‍ പുള്ളി പറഞ്ഞു. ‘എന്തിന് അതിന്റെ ആവശ്യമില്ല’ എന്ന്. പക്ഷേ നമ്മള്‍ക്കൊന്നും ശ്രമിച്ച് നോക്കാമല്ലോ പടത്തില്‍ വേണ്ടതില്ല. തമിഴിലൊക്കെ ഉള്ള പോലെ ഒരു ഹീറോ എലവേഷന്‍ സോങ് കൊടുത്താലോ എന്ന് വിചാരിച്ചു. ഇവിടെ നമ്മുടെ എലവേഷന്‍ എന്ന് പറയുന്നത് ലാലേട്ടനാണ്. ഗാനമേളക്കാര്‍ക്കും, ആള്‍ക്കാര്‍ക്കുമൊക്കെ ആടി തിമര്‍ക്കാന്‍ പറ്റിയ സ്റ്റൈലില്‍ ഉള്ള പാട്ടുകള്‍.
അപ്പോള്‍ ഞാന്‍ കരുതി ഇതൊന്നു ശ്രമിച്ച് നോക്കാം. വര്‍ക്ക് ഔട്ടായില്ലെങ്കില്‍ വേണ്ട. ഇത് തരുണിനെ കേള്‍പ്പിച്ച് കൊടുത്തപ്പോഴേക്കും അദ്ദേഹത്തിന് സംഭവം വര്‍ക്കായി. പിന്നെ രഞ്ജിത്തേട്ടന്‍ വന്ന് ഒരു മൂന്ന് തവണ കേട്ടു. അത് കഴിഞ്ഞ് ലാല്‍ സാറിന് അയച്ചു കൊടുത്തു. ലാല്‍ സാര്‍ ഉടനെ എംജി അണ്ണനെ വിളിച്ചു. കലക്കി, ഇനി ഒരു ഒരു വര്‍ഷത്തേക്ക് പാട്ടൊന്നും വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എം.ജി അണ്ണന്‍ തമാശക്ക് പറയും ‘ ഗാനമേള തുടങ്ങുമ്പോള്‍ പഴനിമല മുരുകനേ, ഇന്റര്‍വല്‍ ആകുമ്പോള്‍ വേന്‍മുരുകാ, എന്‍ഡിങ് വിത്ത് കൊണ്ടാട്ടം’ അങ്ങനെ,’ ജേക്ക്‌സ് ബിജോയ് പറയുന്നു.
Content Highlight: Jakes Bejoy is talking about the song “Kondattam” from thudarum