| Monday, 28th April 2025, 1:00 pm

ലാലേട്ടന് ഒറ്റയാന്റെ റഫറന്‍സും ആ രണ്ട് നടന്മാര്‍ക്ക് പാമ്പിന്റെയും കുറുക്കന്റെയും ഷേഡ് നല്‍കാനാണ് തരുണ്‍ ആവശ്യപ്പെട്ടത്: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച വിജയവുമായി മുന്നേറുകയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ ഗുഡ് ഫാമിലി ചിത്രമെന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകകളും ചിത്രത്തിലുണ്ട്. മൂന്ന് ദിവസം കൊണ്ട് 70 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്.

ചിത്രത്തില്‍ എല്ലാവരും പ്രശംസിക്കുന്ന ഘടകങ്ങളിലൊന്നാണ് ജേക്‌സ് ബിജോയ്‌യുടെ സംഗീതം. സിനിമയുടെ മൂഡ് ഒരിടത്തും നഷ്ടമാകാതെ കൃത്യമായ മീറ്ററില്‍ ജേക്‌സ് സംഗീതമൊരുക്കിയിട്ടുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജേക്‌സ് ബിജോയ്. ചിത്രത്തിന്റെ സംഗീതത്തെക്കുറിച്ച് കൃത്യമായ ധാരണ തരുണ്‍ മൂര്‍ത്തിക്കുണ്ടായിരുന്നെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു.

മെറ്റഫറുകള്‍ വെച്ച് സംഗീതം തയാറാക്കണമെന്ന് തരുണ്‍ നിര്‍ദേശിച്ചിരുന്നെന്നും അത് കൃത്യമായി താന്‍ ഫോളോ ചെയ്തിരുന്നെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ കഥാപാത്രത്തിന് ഏത് തരത്തിലുള്ള സംഗീതം വേണമെന്ന് പറഞ്ഞുകൊണ്ട് ഒരു പി.ഡി.എഫ് ഫയല്‍ തരുണ്‍ മൂര്‍ത്തി തനിക്ക് അയച്ചുതന്നിരുന്നെന്നും ജേക്‌സ് ബിജോയ് പറയുന്നു. മോഹന്‍ലാലിന് ഒറ്റയാന്റെ ഷേഡ് നല്‍കണമെന്നായിരുന്നു ആ ഫയലില്‍ ഉണ്ടായിരുന്നതെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു.

പ്രകാശ് വര്‍മയുടെ കഥാപാത്രം പാമ്പിനെപ്പോലെയാണെന്നും അതിനനുസരിച്ച് ആ കഥാപാത്രം വരുന്ന സീനുകളില്‍ റാറ്റ് സ്‌നേക്കിന്റെ ശബ്ദമാണ് സംഗീതത്തിന്റെ രൂപത്തില്‍ നല്‍കിയതെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ബിനു പപ്പുവിന്റെ കഥാപാത്രം കുറുക്കനെപ്പോലെയാണെന്നും അതിനനുസരിച്ചുള്ള സംഗീതമാണ് നല്‍കിയതെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘ഈ പടത്തിലെ ഓരോ സീനിലും മ്യൂസിക് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ തരുണിന് ആദ്യമേ ഒരു പ്ലാനുണ്ടായിരുന്നു. അതിനനുസരിച്ചിട്ടാണ് ഓരോ സീനിലും മ്യൂസിക് ഡിസൈന്‍ ചെയ്തത്. അതുപോലെ ഓരോ ക്യാരക്ടറിനും ഒരു മെറ്റഫര്‍ തരുണിന്റെ മനസിലുണ്ടായിരുന്നു. അത് എങ്ങനെയാണെന്നുള്ളതിന്റെ ഒരു പി.ഡി.എഫ് ഫയല്‍ തരുണ്‍ എനിക്ക് തന്നു.

ലാലേട്ടന് ഒറ്റയാന്റെ ഷേഡാണ് തരുണിന്റെ മനസിലുണ്ടായിരുന്നത്. ജോര്‍ജ് സാര്‍ എന്ന ക്യാരക്ടര്‍ ഒരു പാമ്പിനെപ്പോലെയാണ്. പുള്ളി വരുന്ന സീനൊക്കെ ശ്രദ്ധിച്ചാല്‍ ഒരു റാറ്റ് സ്‌നേക്ക് പോകുന്ന ശബ്ദം കേള്‍ക്കാം. ആ ക്യാരക്ടറിന് വേണ്ടി വയലിന്‍ വെച്ച് ഒരു പരിപാടി വെച്ചിരുന്നു. അത് മാറ്റിയിട്ട് സര്‍പ്പപ്പാട്ട് വെക്കാന്‍ തരുണ്‍ ആവശ്യപ്പെട്ടു. ബിനു പപ്പുവിന്റെ ക്യാരക്ടര്‍ ഒരു കുറുക്കനെപ്പോലെയാണ്. അതും ആ സിനിമയില്‍ കൊടുത്തിട്ടുണ്ട്,’ ജേക്‌സ് ബിജോയ് പറഞ്ഞു.

Content Highlight: Jakes Bejoy about the metaphorical music in Thudarum movie

We use cookies to give you the best possible experience. Learn more