| Friday, 18th April 2025, 8:15 pm

ഷോര്‍ട്ട് ഫിലിം ചെയ്ത പിള്ളേരുടെ കൂടെ പടം ചെയ്യണമോ എന്ന് വിചാരിച്ചു, പക്ഷേ ആ സിനിമയുടെ കഥ കേട്ടപ്പോള്‍ കിളിപോയി: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നലഴകേ എന്ന ആല്‍ബം സോങ്ങിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്. 2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സാണ് ജേക്സിന്റെ ആദ്യചിത്രം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ജേക്സിന് സാധിച്ചു. ടാക്സിവാലാ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ജേക്സ് തന്റെ സാന്നിധ്യമറിയിച്ചു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്.

തമിഴില്‍ ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ചിത്രങ്ങളിലൊന്നായിരുന്നു ധ്രുവങ്ങള്‍ പതിനാറ്. കാര്‍ത്തിക് നരേന്‍ എന്ന 21 കാരന്റെ ആദ്യസിനിമ ഇന്നും തമിഴില്‍ ചര്‍ച്ചാവിഷയമാണ്. ചിത്രത്തിന് സംഗീതം നല്‍കിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജേക്‌സ് ബിജോയ്. ആ സമയത്ത് താന്‍ ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സംഗീതം നല്‍കിയിരുന്നെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു.

തമിഴിലെ നാളെയ ഇയക്കുനര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളുടെ ഷോര്‍ട് ഫിലിമിന് സംഗീതം നല്‍കിയിരുന്നെന്നും അത്തരം വര്‍ക്കുകള്‍ തനിക്ക് ഇഷ്ടമാണെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരുഘട്ടത്തില്‍ അത് മതിയാക്കാമെന്ന് താന്‍ ചിന്തിച്ചെന്നും ഇന്‍ഡസ്ട്രിയില്‍ എടുത്തുപറയാന്‍ ഒരൊറ്റ ഹിറ്റ് പോലും തനിക്ക് ഇല്ലായിരുന്നെന്നും ജേക്‌സ് പറഞ്ഞു.

ആ സമയത്താണ് ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമക്ക് സംഗീതം നല്‍കാന്‍ കാര്‍ത്തിക് നരേന്‍ തന്നെ സമീപിച്ചതെന്ന് ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു. പാതിമനസ്സോടെയാണ് കഥ കേള്‍ക്കാനിരുന്നതെന്നും എന്നാല്‍ കഥ കേട്ടതും താന്‍ കിളിപോയ അവസ്ഥയിലായെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. ഓരോ സീനിലും കാര്‍ത്തിക് നരേന്‍ എന്ന എഴുത്തുകാരന്റെ ബ്രില്ല്യന്‍സ് തനിക്ക് കാണാന്‍ സാധിച്ചെന്നും ജേക്‌സ് ബിജോയ് പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘പണ്ടൊക്കെ ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഞാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. തമിഴിലെ നാളെയ ഇയക്കുനര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പിള്ളേരുടെ വര്‍ക്കുകള്‍ക്കാണ് ഞാന്‍ സംഗീതം നല്‍കിയിരുന്നത്. അതൊക്കെ ഞാന്‍ എന്‍ജോയ് ചെയ്തിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ എനിക്ക് അതെല്ലാം നിര്‍ത്താന്‍ തോന്നി. കാരണം, ഇന്‍ഡസ്ട്രിയിലെത്തി നാല് വര്‍ഷമായിട്ടും എനിക്ക് എടുത്തുപറയാന്‍ ഒരു ഹിറ്റുണ്ടായിരുന്നില്ല.

ആ സമയത്താണ് കാര്‍ത്തിക് എന്റെയടുത്തേക്ക് ധ്രുവങ്ങള്‍ പതിനാറിന്റെ കഥയുമായി വരുന്നത്. ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ ഒടുക്കം കഥ കേള്‍ക്കാമെന്ന് സമ്മതിച്ചു. കാര്‍ത്തി ആ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിച്ചതും അക്ഷരാര്‍ത്ഥത്തില്‍ എന്റെ കിളി പോയി. ഓരോ സീനിനെയും കാര്‍ത്തിക് അപ്പ്രോച്ച് ചെയ്ത രീതി അപാരമാണ്,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy about his work in Dhruvangal Pathinaru movie

Latest Stories

We use cookies to give you the best possible experience. Learn more