| Sunday, 9th February 2025, 12:31 pm

'സേവ്യര്‍, ചെകുത്താന്റെ രക്ഷകന്‍..' ആദ്യ പടയാളിയെ പുറത്തിറക്കി എമ്പുരാന്‍; ക്യാരക്ടര്‍ പോസ്റ്ററെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്. ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.

മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. റിലീസിന് മുമ്പ് സിനിമയിലെ അഭിനേതാക്കളെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ 36 അഭിനേതാക്കളെ വരുന്ന 18 ദിവസങ്ങളിലായി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്.

വരും ദിവസങ്ങളില്‍ രാവിലെ 10 മണിക്കും വൈകിട്ട് ആറ് മണിക്കുമായി ഓരോ അപ്ഡേറ്റുകള്‍ പുറത്തുവിടും. അഭിനേതാക്കളുടെ ക്യാരക്ടര്‍ പോസ്റ്ററും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുന്നത്. അതില്‍ ഓരോരുത്തരും അവരുടെ അനുഭവങ്ങളും പങ്കുവെക്കും.

ആദ്യ ദിവസമായ ഇന്ന് (ഞായറാഴ്ച) ലൂസിഫറില്‍ സേവ്യര്‍ എന്ന കഥാപാത്രമായി എത്തിയ ജെയ്‌സ് ജോസിന്റെ ക്യാരക്ടര്‍ പോസ്റ്ററും വീഡിയോയുമാണ് പുറത്തുവിട്ടത്. എമ്പുരാനിലെ 36ാമനാണ് ജെയ്‌സ്. ലൂസിഫറിന് ശേഷം എമ്പുരാനിലും ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ചാണ് ജെയ്‌സ് തന്റെ വീഡിയോയിലൂടെ പങ്കുവെച്ചത്.

എമ്പുരാനെ കുറിച്ച് ജെയ്‌സ് ജോസ് പറഞ്ഞ വാക്കുകള്‍:

‘നമസ്‌കാരം, ഞാന്‍ ജെയ്‌സ് ജോസ്. വളരെ സന്തോഷമുള്ള നിമിഷത്തിലാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാനിലും എനിക്ക് ആ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു. ഏകദേശം ഒരു പത്ത് ഇരുപത്തിയഞ്ച് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് എനിക്ക് ലൂസിഫറില്‍ അഭിനയിക്കാന്‍ ആയത്. ലൂസിഫറില്‍ ലാലേട്ടനൊപ്പമുള്ള എന്റെ ഒരു എന്‍ട്രിയുണ്ട്.

ഞാനും ഷാജോണും ലാലേട്ടന്റെ ഇടവും വലവും ആയിട്ട് വരുന്ന എന്‍ട്രിയായിരുന്നു അത്. അന്ന് അത് ട്രെയ്‌ലറിലും പോസ്റ്ററിലുമൊക്കെയായി വന്നിരുന്നു. അതോടെ ഞാന്‍ ആഗ്രഹിച്ചത് പോലെ ജനങ്ങള്‍ തിരിച്ചറിയുന്ന നടനായി മാറി. ലൂസിഫറിലെ ആ ഒരൊറ്റ വേഷത്തിലൂടെയാണ് അതിന് സാധിച്ചത്.

എമ്പുരാന്റെ ചര്‍ച്ച വരുന്നത് മുതല്‍ക്ക് എല്ലാവരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘എമ്പുരാനില്‍ ഉണ്ടാകുമോ’ എന്നതായിരുന്നു ആ ചോദ്യം. ഈയിടെ ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഒരു ചോദ്യമായിരുന്നു അത്. എമ്പുരാനില്‍ ഞാനും ഉണ്ടാകണേ എന്നൊരു പ്രാര്‍ത്ഥന എന്റെ മനസിലും ഉണ്ടായിരുന്നു.

മുരളി ഗോപിയെ പോലെ ഇത്ര പ്രഗല്‍ഭനായ ഒരു എഴുത്തുകാരന്‍ എഴുതുന്ന കഥയെ ഇത്ര നന്നായി ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏറ്റവും കഴിവുള്ള ഡയറക്ടര്‍മാരില്‍ ഒരാളാണ് പൃഥ്വിരാജ്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമയുടെ ഓരോ ചെറിയ കാര്യങ്ങളും കാണുമ്പോഴും ഓരോ ഷോട്ട് എടുക്കുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ ആ സിനിമയുണ്ടെന്ന് മനസിലാകും.

വളരെ കുറച്ച് സീനുകളില്‍ മാത്രമേ എനിക്ക് ആ സിനിമയുടെ ഭാഗമാകാന്‍ പറ്റിയിട്ടുള്ളൂ. എങ്കിലും എനിക്ക് ഷൂട്ടില്ലെങ്കിലും ഞാന്‍ വളരെ അത്ഭുതത്തോടെ അദ്ദേഹത്തിന്റെ ഡയറക്ഷന്‍ മാറി നിന്ന് ആര്‍ക്കും ശല്യമില്ലാതെ കാണുമായിരുന്നു.

സിനിമയിലെ ഓരോ സീക്വന്‍സ് എടുക്കുമ്പോഴും, പ്രത്യേകിച്ച് ലാലേട്ടന്‍ സിനിമയില്‍ ഉപയോഗിച്ച കാര്‍ വരുമ്പോള്‍ തന്നെ ഉള്ളില്‍ ലാലേട്ടന്‍ വരുന്ന ഫീല്‍ നമുക്ക് കിട്ടും. ലാലേട്ടന്റെ മുഖം കാണുന്നത് പോലുള്ള ഫീലാകും അത്. ലാലേട്ടന്‍ വരുന്നെന്ന് തോന്നുന്ന രീതിയിലായിരുന്നു അതിന്റെ മൂവ്മെന്റെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. അത്രയ്ക്കും അദ്ദേഹത്തിന്റെ മനസില്‍ ആ സിനിമയുണ്ട് എന്നതാണ് സത്യം.

നമ്മളെ എല്ലാവരെയും അതിശയിപ്പിക്കുന്ന അല്ലെങ്കില്‍ വളരെ സന്തോഷത്തോടെ കണ്ടിറങ്ങാന്‍ പറ്റുന്ന ത്രില്ലടിപ്പിക്കുന്ന ഒരു സിനിമയായിരിക്കും എമ്പുരാന്‍. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല. നമ്മള്‍ കാത്തിരുന്ന എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുകയാണ്. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണുക,’ ജെയ്‌സ് ജോസ് പറഞ്ഞു.

Content Highlight: Jaise Jose, Empuraan Movie First Look Poster Out

We use cookies to give you the best possible experience. Learn more