ബോള്‍സനാരോയ്‌ക്കെതിരായ അട്ടിമറി കേസില്‍ ഇടപെടാന്‍ യു.എസിനെ സ്വാധീനിച്ചു; മകന്‍ എഡുറാഡായ്ക്ക് നാല് വര്‍ഷം തടവ്
World
ബോള്‍സനാരോയ്‌ക്കെതിരായ അട്ടിമറി കേസില്‍ ഇടപെടാന്‍ യു.എസിനെ സ്വാധീനിച്ചു; മകന്‍ എഡുറാഡായ്ക്ക് നാല് വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2026, 7:08 am

റിയോ ഡി ജനൈറോ: വലതുപക്ഷ നേതാവും ബ്രസീലിയന്‍ മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സനാരോയ്‌ക്കെതിരായ സൈനിക അട്ടിമറി ഗൂഢാലോചന കേസിന്റെ വിചാരണയില്‍ ഇടപെടാന്‍ യു.എസിനെ സ്വാധീനിച്ചെന്ന കേസില്‍ മകന്‍ എഡുറാഡോ ബോള്‍സനാരോയെ ബ്രസീല്‍ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കേസില്‍ എഡുറാഡോക്കെതിരെ കുറ്റം ചുമത്താന്‍ കോടതി തീരുമാനിച്ചതിന് പിറകെയാണ് ശിക്ഷാവിധി.

എഡുറാഡോക്കെതിരെ കുറ്റം ചുമത്താന്‍ ബ്രസീലിയന്‍ സുപ്രീംകോടതിയുടെ നാലംഗ പാനലില്‍ മൂന്നുപേരും വോട്ട് ചെയ്തിരുന്നു. നാലാമത്തെ ജഡ്ജ് വോട്ട് രേഖപ്പെടുത്താനുണ്ട്. എന്നാല്‍ നിലവില്‍ മുന്ന് പേരുടെ വോട്ട് ഇതിനകം ലഭിച്ചതിനാല്‍ എഡുറോഡോക്കെതിരായ നിയമ നടപടികളുമായി മുന്നോട്ട് പോകാം.

ബ്രസീലിന്റെ നിയമ വ്യവസ്ഥക്കെതിരായ സ്വാധീന ശ്രമമായി എഡുറാഡോയുടെ ഇടപെടലുകളെ കാണാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. ‘അത് ബ്രസീല്‍ അധികൃതരെയും ബ്രസീല്‍ പൗരരെ തന്നെയും ഭീഷണിപ്പെടുത്തുന്ന നടപടിയായിരുന്നു,’ എന്ന് യു.എസ് ഇടപെടലിനായുള്ള എഡുറാഡോയെ ശ്രമത്തെക്കുറിച്ച് ജസ്റ്റിസ് ക്രിസ്റ്റ്യാനോ സാനിന്‍ പറഞ്ഞു. എഡുറാഡോയുടെ നടപടികള്‍ നിയപരമായി അംഗീകരിക്കാനാവാത്തതാണെന്നും കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക അട്ടിമറി ഗൂഢാലോചന കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. 27 വര്‍ഷത്തേക്കാണ് തടവ്. ഇതിനൊപ്പം 2033 വരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതിലും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

2022ല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം അധികാരത്തില്‍ തുടരാനായി സൈനിക അട്ടിമറിക്കായി ഗൂഡാലോചന നടത്തിയ കേസിലാണ് മുന്‍ പ്രസിഡന്റ് തടവില്‍ കഴിയുന്നത്. ഇടത് നേതാവായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയായിരുന്നു 2022ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു ജെയര്‍ ബോള്‍സനാരോയെ തടവിന് വിധിച്ചത്. അട്ടിമറിക്കേസില്‍ ബോള്‍സനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ശിക്ഷാവിധി. ജനാധിപത്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ബോള്‍സോനാരോ പ്രവര്‍ത്തിച്ചു എന്നതിന് നിരവധി തെളിവുകളുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കാര്‍മെന്‍ ലൂസിയ നിരീക്ഷിച്ചിരുന്നു.

ലുല സര്‍ക്കാരിനെതിരായ ഗൂഢാലോചനയടക്കമുള്ള അഞ്ച് കുറ്റങ്ങളായിരുന്നു ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ ചുമത്തിയിരുന്നത്. കേസ് പരിഗണിച്ച ബെഞ്ചിലെ അഞ്ച് ജഡ്ജിമാരില്‍ നാല് പേരും ബോള്‍സോനാരോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ലുല സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്നാണ് കേസിനെക്കുറിച്ച് ബോള്‍സനാരോയും കുടുംബും ആരോപിച്ചിരുന്നത്. ഒരുകാലത്ത് ബ്രസീലിലെ വലതുപക്ഷ രാഷ്ട്രീയത്തിലെ പ്രധാനികളായിരുന്നു ബോള്‍സനാരോ കുടുംബം. ഇപ്പോള്‍ എഡുറാഡോക്കെതിരെ കുറ്റം ചുമത്താനുള്ള തീരുമാനത്തിലൂടെ ബോള്‍സനാരോ കുടുംബത്തിന് ഒരു തിരിച്ചടി കൂടി ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജെയര്‍ ബോള്‍സനാരോയ്ക്ക് ശിക്ഷ വിധിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ബോള്‍സനാരോ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും അന്ന് വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ജെയര്‍ ബോള്‍സനാരോയുടെ മൂന്നാമത്തെ മകനാണ് എഡുറാഡോ. പിതാവിനെ സംരക്ഷിക്കുന്നതിനായുള്ള സജീവ ശ്രമങ്ങളും ഇയാള്‍ നടത്തിയിരുന്നു. യു.എസില്‍ പോയി പിതാവിന്റെ കേസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എഡുറാഡോ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

ട്രംപിനെ സ്വാധീനിക്കാനും ജെയര്‍ ബോള്‍സനാരോക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ബ്രസീലിയന്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുമായി വിദേശ ഇടപെടലിനായും എഡുറാഡോ ശ്രമിച്ചതായി ഇപ്പോഴത്തെ കേസില്‍ വാദിഭാഗം ആരോപിച്ചിരുന്നു.

ബോള്‍സോനാരോയ്‌ക്കെതിരെയുള്ള നടപടികള്‍ കാരണം ബ്രസീലിന് മേല്‍ അധിക തീരുവ ചുമത്തുമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ചില ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തും എന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ബോള്‍സനാരോക്കെതിരായ വിചാരണ പ്രതികാര നടപടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ബോള്‍സനാരോ കേസില്‍ ഇടപെട്ട ബ്രസീലിയന്‍ സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായ അലക്‌സാണ്ട്രെ ഡി മോറേസിനെതിരെ ഉപരോധം ചുമത്തിക്കൊണ്ടുള്ള ഉത്തരവും അന്ന് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഡി മൊറേസ് യു.എസിന് ഭീഷണിയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ജഡ്ജിയുടെ കുടുംബാംഗള്‍ക്കും മറ്റ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയും പിന്നീട് ഉപരോധത്തിന്റെ പരിധീയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ശ്രമം എന്നായിരുന്നു ട്രംപിന്റെ നടപടികളെക്കുറിച്ച് അന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല അഭിപ്രായപ്പെട്ടത്. മൊറേസ് അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ഉപരോധം പീന്നീട് ട്രംപ് എടുത്തുമാറ്റിയിരുന്നു. ബ്രസീലിനെതിരായ തീരുവകളില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു

Content Highlight: Jair Bolsonaro’s son sentenced to four years in jail for seeking US interference in father’s Brazil coup trial