ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത വേട്ടയാണ് ജയിലര്‍ 2 നടത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം തലൈവര്‍ മുത്തുവേല്‍ പാണ്ഡ്യനായി വേഷമിട്ടപ്പോള്‍ പല റെക്കോഡുകളും തകരുകയാണ്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം തമിഴിലെ എക്കാലത്തെയും വലിയ വിജയമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

മൂന്ന് ദിവസം കൊണ്ട് 317 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യദിനം 130 കോടിക്കടുത്ത് നേടിയ ചിത്രം വീക്കെന്‍ഡിലും ഗംഭീര ഹോള്‍ഡാണ് കാഴ്ചവെക്കുന്നത്. സമീപകാലത്ത് ഒരു ബിഗ് ബജറ്റ് സിനിമക്ക് കിട്ടിയ ഏറ്റവും മികച്ച റിലീസ് ഡേറ്റ് കൂടിയാണ് ജയിലര്‍ 2ന്റേത്. പൂജ ഹോളിഡേയ്‌സായതിനാല്‍ ഇനിയങ്ങോട്ടുള്ള ഒരാഴ്ച പൊതു അവധിയാണ്.

തമിഴ്‌നാട്, കേരള, കര്‍ണാടക, തെലങ്കാന/ ആന്ധ്ര എന്നീ റീജിയണുകളില്‍ ഒരുപോലെ അവധിയായതിനാല്‍ ഗംഭീര കളക്ഷന്‍ തന്നെ ആദ്യ ആഴ്ചയില്‍ ചിത്രത്തിന് ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ വിജയദശമി അവസാനിക്കുമ്പോള്‍ മിനിമ 650 കോടിയെങ്കിലും ചിത്രം സ്വന്തമാക്കിയേക്കും.

നിലവില്‍ തമിഴിലെ ഇന്‍ഡസ്ട്രി ഹിറ്റായ ലിയോയും ഹൈയസ്റ്റ് ഗ്രോസറായ 2.0യും ജയിലര്‍ 2ന് മുന്നില്‍ വീഴുമെന്നാണ് കണക്കുകൂട്ടല്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 213 കോടിയാണ് ലിയോ നേടിയത്. വിജയ് സിനിമ എന്നതിനൊപ്പം ലോകേഷ് എന്ന ബ്രാന്‍ഡിന്റെ സഹായത്തോട് കൂടിയാണ് ലിയോ ഇത്രയും വലിയ കളക്ഷന്‍ നേടിയത്. ഈ കളക്ഷന്‍ അധികം വൈകാതെ തന്നെ തലൈവര്‍ക്ക് മുന്നില്‍ തകരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതിനോടകം 85 കോടിക്കടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ജയിലര്‍ 2 നേടിക്കഴിഞ്ഞു.

 

നാല് ദിവസം കൂടി അവധിയായതിനാല്‍ ഗംഭീര കളക്ഷനാണ് ഹോം സ്‌റ്റേറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ജയിലര്‍ 2ന് മുന്നിലുള്ളത് 2.0യാണ്. 720 കോടിയിലേറെയാണ് ചിത്രം നേടിയത്. എട്ട് വര്‍ഷത്തോളമായി മറ്റൊരു തമിഴ് സിനിമക്കും ഈ കളക്ഷന്‍ മറികടക്കാനായിട്ടില്ല. 2.0യ മറികടക്കുക എന്നതിനപ്പുറം തമിഴിലെ ആദ്യ 1000 കോടിയാണ് ജയിലര്‍ 2 ലക്ഷ്യം വെക്കുന്നത്.

സൗത്ത് ഇന്ത്യയിലെ നാല് സ്‌റ്റേറ്റുകളിലും ജയിലര്‍ 2ന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 20 കോടിക്കടുത്ത് നേടിക്കഴിഞ്ഞു. ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗവും കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടുമെന്നാണ് കണക്കൂകൂട്ടല്‍. ആന്ധ്ര/ തെലങ്കാനയില്‍ നിന്നും 26 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. കര്‍ണാടകയില്‍ നിന്ന് 31 കോടിയും ജയിലര്‍ 2 സ്വന്തമാക്കി. ഓവര്‍സീസിലും മികച്ച വരവേല്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: Jailer 2 crossed 300 crores within just three days