| Tuesday, 14th January 2025, 6:41 pm

ഒന്നും അവസാനിക്കുന്നില്ല, ഇത് വൈൽഡ് ഫയർ മുത്തുവേൽ; ബോക്സ് ഓഫീസിനെ തീർക്കാൻ ജയിലർ 2 വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജായത്തിന് ശേഷം രജിനികാന്തും ബീസ്റ്റിന് മോശം അഭിപ്രായം കേട്ട ശേഷം നെല്‍സനും ചെയ്യുന്ന സിനിമ എന്ന നിലയില്‍ ജയിലര്‍ സിനിമാലോകം ഉറ്റുനോക്കിയ പ്രൊജക്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ 600 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്.

മലയാളത്തില്‍ നിന്ന് മോഹന്‍ലാലും, കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും, ബോളിവുഡില്‍ നിന്ന് ജാക്കി ഷറോഫും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തെ മലയാളികൾ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. വെറും പത്ത് മിനിറ്റ് മാത്രം സ്‌ക്രീനില്‍ വന്ന മോഹന്‍ലാലിന്റെ ക്യാരക്ടര്‍ വലിയ ഇംപാക്ടാണ് ജയിലറില്‍ ഉണ്ടാക്കിയത്.

സിനിമയുടെ വലിയ വിജയത്തിന് പിന്നാലെ ജയിലറിന് ഒരു രണ്ടാംഭാഗമുണ്ടാവുമെന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. പിന്നാലെ മുത്തുവേൽ തിരിച്ചുവരുമെന്ന് അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയിലർ 2വിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സൺ പിക്ചേഴ്സ്.

രജിനി ആരാധകരെ കൈയിലെടുക്കാനുള്ളതെല്ലാം ജയിലർ രണ്ടിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. സംവിധായകൻ നെൽസണെയും മ്യൂസിക് ഡയറക്ടർ അനിരുദ്ധിനെയും വീഡിയോയിൽ കാണാം. വയലൻസ് വിട്ടൊരു കളിയുമില്ല മുത്തുവേലിനെന്ന് ഉറപ്പുവരുത്തുന്ന വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ഒന്നാംഭാഗം പോലെ നെൽസൺ തന്നെയാണ് ജയിലർ രണ്ടിന്റെ രചന നിർവഹിക്കുന്നത്. മോഹൻലാലും ശിവരാജ്‌കുമാറും വീണ്ടും ജയിലറിന്റെ ഭാഗമാവുമോ എന്നറിയാനാണ് മലയാളികളടക്കം ഇനി കാത്തിരിക്കുന്നത്.

ഒന്നാംഭാഗത്തിൽ അനിരുദ്ധ് ഒരുക്കിയ പാട്ടുകളും ബി.ജി.എമ്മുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാംഭാഗത്തിലേക്ക് വരുമ്പോഴും അനിരുദ്ധ് തന്നെയാണ് സിനിമയുടെ ഭാഗമാവുന്നത്. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ പുറത്തുവരും എന്നാണ് കരുതുന്നത്. ഒരു ഇടവേളക്ക് ശേഷം രജിനികാന്ത് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ജയിലർ. അതുകൂടാതെ ലോകേഷ് കനകരാജിന്റെ കൂലിയും അണിയറിൽ ഒരുങ്ങുന്ന രജിനി ചിത്രമാണ്.

Content Highlight: Jailer 2 Announcement Video Released

We use cookies to give you the best possible experience. Learn more