Jai Bhim Review| ജാതി ഒരു അതിക്രൂര യാഥാര്‍ത്ഥ്യമാണ്, അതുകൊണ്ട് 'ജയ് ഭീം'
D Review
Jai Bhim Review| ജാതി ഒരു അതിക്രൂര യാഥാര്‍ത്ഥ്യമാണ്, അതുകൊണ്ട് 'ജയ് ഭീം'
അന്ന കീർത്തി ജോർജ്
Wednesday, 3rd November 2021, 7:30 pm

ഒരു ദിവസം രാത്രി പൊലീസ് വീട്ടിലെത്തി കുടുംബക്കാരെ മര്‍ദ്ദിച്ച ശേഷം നിങ്ങളെ പിടിച്ചുകൊണ്ടുപോകുന്നു. എന്താണെന്നോ എന്തിനാണെന്നോ ഒരു വാക്ക് പറയുന്നില്ല. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നില്ല. സ്‌റ്റേഷനിലെത്തിച്ച ശേഷം നിങ്ങള്‍ക്ക് അറിയുക പോലും ചെയ്യാത്ത സംഭവത്തിന്റെ പേരില്‍ കുറ്റം സമ്മതിക്കാന്‍ പറഞ്ഞ് അതിക്രൂരമായി മര്‍ദിക്കുന്നു.

നിങ്ങളുടെ സഹോദരിയെയും ലോക്കപ്പിലിട്ട് മര്‍ദിക്കുന്നുണ്ട്. അവസാനം നിങ്ങള്‍ ‘ഞങ്ങള്‍ ആണുങ്ങളെല്ലാം ഇവിടെ നിന്നുകൊള്ളാം, ഈ സ്ത്രീയെ മാത്രം പറഞ്ഞയക്കണം’ എന്ന് പൊലീസിനോട് താണുകേണ് അപേക്ഷിക്കുന്നു. ഇതുകേട്ട പൊലീസുകാരന്‍ പക്ഷെ, ലോക്കപ്പിലെത്തി ‘ഇക്കൂട്ടത്തില്‍ ആരാടാ ആണെന്ന്’ ചോദിച്ച് ക്രൂരമായി തല്ലുന്നു, സഹോദരിയുടെ ഉടുതുണിയുരിഞ്ഞ് നിങ്ങളോട് ആണാണെന്ന് തെളിയിക്കാന്‍ പറയുന്നു.

ഇതൊക്കെ ഏതെങ്കിലും നാട്ടില്‍ നടക്കുന്ന കാര്യമാണോ എന്ന ചോദ്യമാണ് നിങ്ങളുടെ മനസിലുയരുന്നതെങ്കില്‍ പറയട്ടെ, തൊണ്ണൂറുകളില്‍ തമിഴ്‌നാട്ടില്‍ പൊലീസ് നടത്തിയ ഒരു ജാതീയാതിക്രമ സംഭവത്തെ അടിസ്ഥാനമാക്കി ജ്ഞാനവേല്‍ ഒരുക്കിയ ചിത്രമായ ജയ് ഭീമില്‍ വരുന്ന ഒരു രംഗമാണിത്. സിനിമയായതുകൊണ്ട് കൂട്ടിക്കാണിച്ചതായിരിക്കില്ലേയെന്നാണ് അടുത്ത ചോദ്യമെങ്കില്‍ പറയട്ടെ, ഇതെല്ലാം ഇന്ത്യയില്‍ നടന്ന, ഒരുപക്ഷെ ഇന്നും നടക്കുന്ന സംഭവങ്ങളാണ്.

ദളിതരെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കാനാകാത്ത വിധം മനുഷ്യരെ അതിക്രൂരന്മാരാക്കുന്ന ജാതിയെന്ന വ്യവസ്ഥതിയെയും, ജാതിവിവേചനവും അതിക്രമങ്ങളും സാധാരണ സംഭവങ്ങള്‍ മാത്രമാകുന്ന സാമൂഹ്യാവസ്ഥയെയും തുറന്നുകാണിക്കുന്ന ചിത്രമാണ് ജയ് ഭീം. ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ എത്രമാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അതില്‍ പൊലീസിനും നിയമവ്യവസ്ഥക്കും വലിയ പങ്കാണുള്ളതെന്നും വ്യക്തമായി പറയുന്ന ചിത്രം.

ടൈറ്റില്‍ എഴുതിക്കഴിഞ്ഞതും, കഥാപരിസര വര്‍ണനക്കോ, സിനിമകളില്‍ സാധാരണ കാണുന്നത് പോലെ പതിയെ പ്രമേയത്തിലേക്ക് കടക്കുന്നതിനോ ഒന്നും ഒരു സെക്കന്റ് സമയം കളയാതെ ജാതി എന്ന പ്രശ്‌നത്തെ നേരിട്ട് അവതരിപ്പിക്കുകയാണ് സിനിമ.

പ്രധാന കഥയിലേക്ക് കടക്കും മുന്‍പ് വരുന്ന, കുറച്ച് മിനിറ്റുകള്‍ മാത്രമുള്ള ഈ സീനിലൂടെ ജാതിയുടെ ഭീകരത മുഴുവന്‍ ജ്ഞാനവേല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വരുന്നവരോട് ജാതി ചോദിച്ച് സവര്‍ണ ജാതിക്കാരെ പോകാന്‍ അനുവദിക്കുന്ന പൊലീസ് ദളിതുകളെയും ഗോത്രവിഭാഗക്കാരെയും മാത്രം മാറ്റി നിര്‍ത്തുന്നു. തെളിയിക്കാത്ത കേസുകള്‍ ഒന്നൊന്നായി ഇവരുടെ തലയില്‍ വെച്ചുകെട്ടാന്‍ അവിടെ കൂടിയ പൊലീസുകാര്‍ തീരുമാനിക്കുന്നു. ജയിലിന് പുറത്ത് ശിക്ഷ കഴിഞ്ഞുവരുന്നവരെ കാത്തുനിന്ന പ്രിയപ്പെട്ടവര്‍ നോക്കിനില്‍ക്കെ ഇവരെ പൊലീസ് തല്ലിച്ചതച്ച് കൊണ്ടുപോകുന്നു. ഈ ആദ്യ രംഗം മുതല്‍ അസ്വസ്ഥമായ ഒരു മനസുമായല്ലാതെ ജയ് ഭീം കണ്ടിരിക്കാനാവില്ല.

സിനിമാപ്രേമികള്‍ മാത്രമല്ല, സാമൂഹ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജയ് ഭീം. അംബേദ്കര്‍ രാഷ്ട്രീയത്തെ പേരില്‍ വരെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്ന ഒരു സിനിമ, അതും ഒരു മുഖ്യധാര നടന്‍ നായകനായി എത്തുന്ന ഒരു സിനിമ ഇന്നത്തെ ഇന്ത്യയില്‍ പുറത്തിറങ്ങുന്നുവെന്നത് നല്‍കുന്ന പ്രതീക്ഷ അത്ര വലുതായിരുന്നു. ആ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ ചിത്രത്തിനാകുന്നുണ്ട്.

കുറച്ച് വര്‍ഷങ്ങളായി തമിഴില്‍ കീഴാള രാഷ്ട്രീയം പറയുന്ന സിനിമകളുമായി പാ രഞ്ജിത്തും വെട്രിമാരനും മാരി സെല്‍വരാജും തുടങ്ങി നിരവധി സംവിധായകര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ആ ഒരു ധാരയിലേക്കുള്ള അടുത്ത മികച്ച ചിത്രമാണ് ജയ് ഭീം എന്ന് ഉറപ്പിച്ചു പറയാം.

പൊലീസ് കള്ളക്കേസ് ചുമത്തി ലോക്കപ്പ് മര്‍ദ്ദനത്തിനിരയാക്കിയ ഭര്‍ത്താവിനെ അന്വേഷിച്ച്, നീതി തേടി ഇരുള വിഭാഗത്തില്‍ പെട്ട സെങ്കണി എന്ന യുവതി നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ജയ് ഭീം. ഈ നിയമപോരാട്ടത്തിന് ചുക്കാന്‍ പിടിച്ച, കോടതിയില്‍ ഇവരുടെ കേസ് വാദിച്ച അഡ്വ. ചന്ദ്രുവായിട്ടാണ് ചിത്രത്തില്‍ സൂര്യയെത്തുന്നത്.

ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്ന കഥാതന്തു തന്നെയാണ് സിനിമയിലുമുള്ളത്. എന്നാല്‍ ഇടക്കെല്ലാം കടുത്ത സസ്‌പെന്‍സിലേക്കും ത്രില്ലറിലേക്കും കൂടി ജയ് ഭീം സഞ്ചരിക്കുന്നുണ്ട്.

ട്രെയ്‌ലര്‍ കണ്ടപ്പോള്‍ രക്ഷകനായി എത്തുന്ന സൂര്യയുടെ ഹീറോ കഥാപാത്രത്തിനാണോ സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നൊരു സംശയം തോന്നിയിരുന്നു. എന്നാല്‍ അഡ്വ. ചന്ദ്രുവിന് അത്തരം ചില ഹീറോയിക് വശങ്ങളുണ്ടെങ്കില്‍ പോലും, സെങ്കണിയും ഭര്‍ത്താവ് രാജാക്കണ്ണും അവരുടെ കമ്യൂണിറ്റിയും നേരിട്ട അതിക്രമങ്ങളേക്കാളും അവര്‍ നടത്തിയ പോരാട്ടത്തേക്കാളും പ്രാധാന്യം സിനിമ അഡ്വ. ചന്ദ്രുവിന് നല്‍കുന്നില്ല. പ്രമേയത്തേക്കാള്‍ പ്രാധാന്യം മറ്റൊന്നിനും ജയ് ഭീം നല്‍കുന്നില്ല. അതിന്റെ ഉദാഹരണമാണ്, ചിത്രത്തില്‍ ഏറ്റവും ഹീറോയിക്കും ശക്തവുമായി തോന്നിയ മൂന്ന് സീനുകള്‍. അത് മൂന്നും സൂര്യയുടേതായിരുന്നില്ല.

പൊലീസ് വാഹനത്തില്‍ കയറില്ലെന്ന് ഉറപ്പിച്ചുകൊണ്ട് സ്റ്റേഷനില്‍ നിന്നും സെങ്കണി ഇറങ്ങി നടന്ന് വീട് വരെ പോകുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. സെങ്കണിയോട് വാഹനത്തില്‍ കയറൂ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൊലീസുകാര്‍ വാഹനവുമായി പിന്നാലെ നടക്കുന്നതും ഇതില്‍ കാണാം. ചിത്രത്തില്‍ ഏറ്റവും ശക്തമായി ഒരു കഥാപാത്രം തന്റെ നിലപാട് വ്യക്തമാക്കുന്ന ഭാഗമാണിത്.

കേസ് പിന്‍വലിക്കാനായി ഉന്നത പൊലീസുദ്യോഗസ്ഥന്‍ സെങ്കണിക്ക് വന്‍ തുക വാഗ്ദാനം ചെയ്യുന്ന രംഗമാണ് അടുത്തത്. പൊലീസിന് കൃത്യമായ മറുപടി നല്‍കിയ ശേഷം, അവിടെ നിന്നും മകളുടെ കൈപിടിച്ച് സെങ്കണി ഇറങ്ങി നടക്കുകയാണ്.

മൂന്നാം രംഗത്തില്‍ പ്രേക്ഷകന്റെ ഉള്ളില്‍ തൊടുന്നത് രാജാക്കണ്ണാണ്. പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കപ്പെട്ട ശേഷം, ഒരു വറ്റ് ചോറ് പോലും ഇറക്കാനാകാതെ ഇരിക്കുമ്പോഴും രാജാക്കണ്ണ് ചെയ്യാത്ത കുറ്റം ഏറ്റുപറയാന്‍ തയ്യാറാകാത്ത ഒരു സീനുണ്ട്. ഇനിയും പൊലീസിന്റെ ക്രൂരമര്‍ദനം താങ്ങാനാകില്ലെന്ന് പറയുന്ന ഒപ്പമുള്ളവരോട് ഒരിക്കല്‍ ഈ കുറ്റം സമ്മതിച്ചാലുണ്ടാകാന്‍ പോകുന്ന പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് രാജാക്കണ്ണ് ഒരേയൊരു വാചകത്തില്‍ പറയുകയും അവരെ ആശ്വസിപ്പിച്ച് ധൈര്യം നല്‍കുകയും ചെയ്യുകയാണ്.

ഇതുകൂടാതെ സിനിമയുടെ അവസാന ഭാഗത്ത് കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരുന്ന് പത്രം വായിക്കുന്ന സെങ്കണിയുടെയും രാജാക്കണ്ണിന്റെയും മകളായ അല്ലിയുണ്ട്. ഈ സീനില്‍, സൂര്യയുടെ അഡ്വ. ചന്ദ്രുവിനെ കണ്ടാണ് അല്ലി ഇത് ചെയ്യുന്നതെങ്കിലും ഹീറോയിക് പരിവേഷം കിട്ടുന്നത് ആ ദളിത് പെണ്‍കുട്ടിക്കും ആ രംഗത്തിലൂടെ അവള്‍ പ്രതിനിധാനം ചെയ്യുന്ന തുല്യത എന്ന ആശയത്തിനുമാണ്.

പൊലീസിനുള്ളിലെ ജാതീയതയില്‍ ഊന്നിക്കൊണ്ടാണ് ജയ് ഭീമിന്റെ കഥ സഞ്ചരിക്കുന്നത്. വെട്രിമാരന്റെ വിസാരണൈയെ ഓര്‍മ്മിപ്പിക്കുന്ന ലോക്കപ്പ് മര്‍ദനരംഗങ്ങള്‍ കൊണ്ട് സിനിമ വല്ലാതെ അസ്വസ്ഥതപ്പെടുത്തും. ഈ ഭയപ്പെടുത്തുന്ന പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പിന്നെ കോടതിയിലാണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്. കോടതി കടന്നുവരുന്ന ആദ്യ ഭാഗങ്ങളില്‍ തന്നെ
നീതിന്യായ വ്യവസ്ഥയുടെ മൗനം മറ്റെല്ലാത്തിനേക്കാള്‍ അപകടകരമാണെന്ന് അഡ്വ. ചന്ദ്രു പറഞ്ഞുവെക്കുന്നുമുണ്ട്.

ഇത്തരത്തില്‍, ജാതീയ അക്രമങ്ങള്‍ നടത്തുന്നതിലും തടയുന്നതിലും നിയമത്തിനും അതിന്റൈ പ്രായോഗിത രൂപങ്ങളായ പൊലീസിനും കോടതിക്കുമുള്ള പങ്കിനെ കുറിച്ചാണ് സിനിമ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെങ്കിലും ജാതിവിവേചനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക തലങ്ങളും സിനിമയില്‍ കടന്നുവരുന്നുണ്ട്.

വിവേചനത്തിന്റെ വിവിധ രീതികള്‍, ചില ജാതിയിലുള്ളവരെ കുറിച്ചുള്ള മുന്‍ധാരണകള്‍ അവരുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നത്, ദളിതരും ഗോത്രവിഭാഗങ്ങളും മറ്റുള്ളവരില്‍ നിന്നും നിരന്തരം നേരിടുന്ന ജാതീയ അവഹേളനവും അധിക്ഷേപവും, തെരഞ്ഞെടുപ്പ് രാഷ്ട്രീയം, വോട്ടവകാശം, വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്, തൊഴിലും ജീവിത സാഹചര്യങ്ങളും, ദളിതരെ സംരക്ഷിക്കുന്ന നിയമങ്ങളോടുള്ള മറ്റുള്ളവരുടെ എതിര്‍പ്പുകള്‍, ദളിതരുടെ പേര് പറഞ്ഞ് എല്ലാം രാഷ്്ട്രീയവത്കരിക്കുകയാണെന്ന കുറ്റപ്പെടുത്തലുകള്‍ എന്നു തുടങ്ങി ചെറിയ സീനുകളിലൂടെയും ഡയലോഗുകളിലൂടെയും ജാതിയുടെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ സിനിമയിലുട നീളം തുറന്നുകാട്ടപ്പെടുന്നുണ്ട്.

ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യപ്പെടും വിധമാണ് സിനിമയിലെ ഈ ഓരോ രംഗങ്ങളും. അതേസമയം ഇവയെല്ലാം വളരെ ഇഴയടുപ്പത്തില്‍ ചേര്‍ത്തുവെച്ചുകൊണ്ട്, ഏച്ചുകൂട്ടലുകളെന്ന് തോന്നിപ്പിക്കാത്ത വിധം അണിയിച്ചൊരുക്കുന്നതില്‍ തിരക്കഥയും സംവിധാനവും വിജയിച്ചിരിക്കുകയാണ്.

സിനിമയുടെ തുടക്ക ഭാഗങ്ങളില്‍ സെങ്കണിയും രാജക്കണ്ണും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ചില സീനുകളുണ്ട്. ജയ് ഭീം അതിന്റെ പ്രധാന കഥാപരിസരത്തേക്ക് വരുന്നതിന് മുന്‍പുള്ള ഈ ഭാഗങ്ങള്‍ സുന്ദരമായ പ്രണയബന്ധത്തെ വരച്ചുകാണിക്കുന്നതാണ്.

പേരിലെ ജയ് ഭീം പോലെ, ചിത്രത്തിലും അംബേദ്കറിനെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഗാന്ധിയും നെഹ്‌റുവും സുഭാഷ് ചന്ദ്ര ബോസുമൊക്കെയുണ്ടല്ലോ അംബേദ്കര്‍ മാത്രമെന്താണ് ഇല്ലാത്തതെന്ന് അഡ്വ. ചന്ദ്രു ചോദിക്കുന്നുണ്ട്.

അടിയന്തരവാസ്ഥ കാലത്തെ രാജന്‍ കേസും ആ കേസിലെ കോടതിയുടെ ഇടപെടലും സിനിമയില്‍ വളരെ കൃത്യമായി പരാമര്‍ശിക്കപ്പെടുന്ന അടുത്ത സംഭവമാണ്. തമിഴ്‌നാട്ടിലെ ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ദളിതര്‍ക്കും മനുഷ്യവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതെന്ന് എങ്ങനെയാണെന്നും അഡ്വ. ചന്ദ്രുവിന്റെ കമ്യൂണിസ്റ്റ് പശ്ചാത്തലവും ചിത്രത്തില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ഇനി പെര്‍ഫോമന്‍സുകളിലേക്ക് വരികയാണെങ്കില്‍ സൂര്യ, ലിജോമോള്‍ ജോസ്, മണികണ്ഠന്‍, പ്രകാശ് രാജ്, തമിഴ്, സൂപ്പര്‍ഗുഡ് സുബ്രമണി, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂര്യയുടെ കരിയറില്‍ ഏറ്റവും കയ്യടക്കത്തോടെ ചെയ്ത റോളുകളിലൊന്നായിരിക്കും അഡ്വ. ചന്ദ്രുവിന്റേത്. മാസ് ഹീറോയായി മാറാനുള്ള പല സാഹചര്യങ്ങളും ഡയലോഗുകളും സിനിമയിലുണ്ടെങ്കിലും അത്തരത്തിലൊരു ഇമേജിലേക്ക് സൂര്യ തന്റെ പെര്‍ഫോമന്‍സുകൊണ്ട് കയറിപ്പോകുന്നില്ല. മാത്രമല്ല, സൂരരെ പോട്രു, ജയ് ഭീം എന്നീ സിനിമകള്‍ സൂര്യയുടെ സിനിമാ തെരഞ്ഞെടുപ്പുകള്‍ വീണ്ടും മികച്ച ട്രാക്കിലേക്ക് നീങ്ങുന്നു എന്ന സൂചനയും നല്‍കുന്നുണ്ട്.

ലിജോമോള്‍ ജോസ് ഗംഭീര പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നത്. ഇരുള വിഭാഗക്കാരിയായ സെങ്കിണിയായി ലിജോമോള്‍ വാക്കിലും നോക്കിലുമൊക്കെ അടിമുടി മാറിയിട്ടുണ്ട്. പലതരം വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന, നിസഹായതയും നഷ്ടബോധവും വെല്ലുവിളിക്കാനുള്ള ധീരതയും പ്രണയവുമെല്ലാം നടി അനായാസം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് സിനിമയില്‍ മലയാളി യുവനടിമാര്‍ ഗംഭീരമായി പെര്‍ഫോം ചെയ്ത് മികച്ച സ്ഥാനം നേടുന്ന ട്രെന്റ് ലിജോമോളും തുടരുകയാണ്.

ചില ഇമോഷണല്‍ രംഗങ്ങളില്‍ സംവിധാനത്തിലെ പാളിച്ചകള്‍ മൂലം ചില കോട്ടങ്ങള്‍ വന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവും ഭാവിയിലുള്ള നടിമാരുടെ കൂട്ടത്തിലേക്ക് ജയ് ഭീമിലൂടെ ലിജോമോള്‍ ഉയര്‍ന്നുകഴിഞ്ഞു.

രാജക്കണ്ണായെത്തിയ മണികണ്ഠന്‍ സൂക്ഷമമായി ഭാവങ്ങള്‍കൊണ്ട് മനസില്‍ നിന്നും മായാതെ നില്‍ക്കും. പൊലീസ് സ്റ്റേഷനിലെ മര്‍ദനരംഗങ്ങളിലായാലും മറ്റു സീനുകളിലായാലും രാജക്കണ്ണിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് മണികണ്ഠന്‍ അഭിനയിച്ചിരിക്കുന്നത്. നടനും എഴുത്തുകാരനും സംവിധായകനുമായ മണികണ്ഠന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് ജയ് ഭീമിലേത്. ചിത്രത്തില്‍ ശാന്തനായ നീതിബോധമുള്ള പൊലീസുകാരനായെത്തുന്ന പ്രകാശ് രാജും പതിവുപോലെ തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

ജയ് ഭീമില്‍ എടുത്തു പറയേണ്ട പ്രകടനം നടത്തിയിരിക്കുന്നത് മൂന്ന് പൊലീസുകാരെ ചെയ്ത അഭിനേതാക്കളാണ്. ഈ കഥാപാത്രങ്ങളെ വാര്‍ത്തെടുത്തിരിക്കുന്നതിലും സംവിധായകന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയുടെയോ, ഒരേയൊരു പൊലീസുകാരന്റെ മാനസികനില മാത്രമായി ദളിതരോടുള്ള പൊലീസ് ക്രൂരതയെ ചുരുക്കാതെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന ക്രൂരമായ ജാതിബോധത്തിന്റെ മൂര്‍ത്തിഭാവങ്ങളായാണ് ഈ പൊലീസുകാരെ ചിത്രീകരിച്ചിരിക്കുന്നത്. സൂപ്പര്‍ഗുഡ് സുബ്രമണിയെയും തമിഴിനെയും പ്രേക്ഷകന് അത്ര എളുപ്പത്തില്‍ മറക്കാനാകില്ല.

അതേസമയം തന്നെ സിനിമയില്‍ ചില ആശയക്കുഴപ്പം തോന്നിയ ഭാഗങ്ങളുണ്ടായിരുന്നു. ദളിത് രാഷ്ട്രീയം പ്രമേയമാക്കുന്ന പല സിനിമകളിലും തങ്ങളുടെ രക്ഷകനായി എത്തുന്നയാളുകള്‍ക്ക് മുന്‍പില്‍ കൈകൂപ്പി നിന്ന് നന്ദി പറയുന്ന ദളിതരുടെ രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. മറ്റു ചിത്രങ്ങളിലെന്ന പോലെ താണുവീണ് സ്തുതി പറയുന്നില്ലെങ്കിലും സമാനമായ ചില രംഗങ്ങളും ജയ് ഭീമിലുമുണ്ട്. അത്തരം രംഗങ്ങളില്‍ മാറ്റം വരേണ്ടതില്ലേയെന്ന് ചിത്രത്തിലെ ചില സീനുകള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു, അഡ്വ. ചന്ദ്രുവിനൊപ്പം അല്ലി കസേരയിലിരുന്ന് പത്രം വായിക്കുന്ന രംഗങ്ങള്‍ പിന്നീട് വരുന്നുണ്ടെങ്കില്‍ പോലും.

ലിജോമോളുടെ മേക്കോവറാണ് അടുത്ത ഘടകം. ഗോത്രവിഭാഗങ്ങള്‍ കഥാപാത്രങ്ങളാകുമ്പോള്‍ ഇത്തരത്തില്‍ ചായം തേച്ച് തൊലിനിറം മാറ്റേണ്ടതുണ്ടോയെന്നത് കുറച്ചുനാളുകളായി തുടരുന്ന ചര്‍ച്ചയാണ്.

ചിത്രത്തില്‍ പ്രകാശ് രാജിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗിനെ കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ജനാധിപത്യം നടപ്പിലാക്കണമെങ്കില്‍ ചിലപ്പോള്‍ ഏകാധിപതിയാകേണ്ടി വരും എന്നാണ് ഈ ഡയലോഗ്. ചിത്രത്തിലെ നീതിബോധമുള്ള പൊലീസുകാരിലൊരാളായ പെരുമാള്‍സാമിയുടെ വാക്കുകളും അവതരിപ്പിച്ച പശ്ചാത്തലവും സിനിമയുടെ ആശയത്തില്‍ നിന്നും വിരുദ്ധമാകുകയാണോ അതോ ‘നല്ലവനായ പൊലീസുകാരന്‍’ നായകരാകുന്ന ചിത്രങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചതാണോയെന്ന് സംശയമുണ്ടാക്കിയിരുന്നു.

ഇത്തരം ചില ചെറിയ ആശയക്കുഴപ്പങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ജാതിയുടെ രാഷ്ട്രീയം വ്യക്തമായി ധീരതയോടെ വിളിച്ചുപറഞ്ഞ ജയ് ഭീം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഹൃദയം അസ്വസ്ഥമാകുമെങ്കിലും വീണ്ടും വീണ്ടും കണ്ട്, ആഴത്തില്‍ മനസിലാക്കി എന്നെന്നും ഓര്‍ത്തിരിക്കേണ്ട ചിത്രം കൂടിയാണ് ജയ് ഭീം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jai Bhim Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.