ആന്റണി വർഗീസ് പെപ്പെ നായകനായി എത്തിയ കാട്ടാളൻ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ചില കഥാപാത്രങ്ങളും പ്രകടനങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജഗദീഷ് അവതരിപ്പിച്ച അലി എന്ന കഥാപാത്രം. ചിത്രത്തിലെ ജഗദീഷിന്റെ വ്യത്യസ്ത ലുക്കും മേക്കോവറും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പുറത്തിറങ്ങിയതിന് പിന്നാലെ ജഗദീഷ് ഉപയോഗിച്ച മുടി വിഗ്ഗാണെന്നാണ് പലരും കരുതിയതെന്ന് താരം പറയുന്നു. എന്നാൽ അത് വിഗ്ഗല്ലെന്നും കഥാപാത്രത്തിന് അനുയോജ്യമായ രൂപം ലഭിക്കാൻ വേണ്ടി താൻ തന്നെ മുടി നീട്ടി വളർത്തിയതാണെന്നും ജഗദീഷ് വെളിപ്പെടുത്തി.
കാട്ടാളൻ, Photo: IMDb
കാട്ടാളനിലെ കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ടീസറും ട്രെയ്‌ലറും കണ്ട ശേഷം പലരും നല്ല വിഗ്ഗാണെന്ന് പറഞ്ഞു.
പക്ഷേ അത് വിഗ്ഗൊന്നുമല്ല. ഈ കഥാപാത്രത്തിന് വേണ്ടി ഞാൻ വളർത്തിയ സ്വന്തം മുടിയാണ്. ഇത് വലിയൊരു ത്യാഗമായി ഞാൻ കാണുന്നില്ല. ഓരോ കഥാപാത്രവും മികച്ചതാക്കാൻ ഒരു നടൻ ചെയ്യേണ്ട ഉത്തരവാദിത്തത്തിന്റെ ഭാഗം മാത്രമാണ് അത്,’ എന്നാണ് ജഗദീഷ് പറഞ്ഞത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഏറെ ദിവസങ്ങൾ മാറ്റിവെക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. വലിയൊരു സിനിമയുടെ ഭാഗമാകുമ്പോൾ മറ്റ് ചില അവസരങ്ങൾ നഷ്ടമായാലും അതിൽ വിഷമമില്ലെന്നാണ് ജഗദീഷിന്റെ നിലപാട്. ‘ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ദിവസം ഡേറ്റ് നൽകേണ്ടി വന്നു.
ജഗദീഷ്, Photo: IMDb
അതുകൊണ്ട് ചില ചിത്രങ്ങൾ നഷ്ടമായിട്ടുണ്ടാകാം. പക്ഷേ നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിയുമ്പോൾ അതൊന്നും പ്രശ്നമല്ല. അതിൽ എനിക്ക് യാതൊരു പരിഭവവും ഇല്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കഥാപാത്രത്തിനായി സ്വീകരിച്ച പ്രത്യേക മേക്കോവറിന്റെ ഭാഗമായി മറ്റ് സിനിമകളിൽ അഭിനയിക്കുന്നതും ബുദ്ധിമുട്ടായിരുന്നുവെന്ന് ജഗദീഷ് പറഞ്ഞു. ‘ഈ ഗെറ്റപ്പുമായി വേറെ ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കില്ല.
എന്നിട്ടും കഥാപാത്രത്തിന് ആവശ്യമായതിനാൽ അത് സ്വീകരിച്ചു. ഒരിക്കൽ കൂടി പറയട്ടെ, അത് വിഗ്ഗല്ല. ഞാൻ തന്നെ വളർത്തിയ മുടിയുടെ ഗെറ്റപ്പാണ്,’ എന്നാണ് താരം വ്യക്തമാക്കിയത്.
കാട്ടാളൻ, Photo: IMDb
പോൾ ജോർജ് സംവിധാനം ചെയ്ത കാട്ടാളൻ ആനക്കൊമ്പ് കടത്തും വന്യജീവി വേട്ടയും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ്. മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് നിർമിച്ച ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പ് വലിയ പ്രതീക്ഷയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. രവി ബസ്രൂർ, സുനിൽ, കെച്ച കെംഫക്‌ദീ എന്നിവരടങ്ങിയ വമ്പൻ സാങ്കേതിക സംഘവും ചിത്രത്തിന്റെ ശ്രദ്ധേയ ഘടകങ്ങളായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.