| Tuesday, 6th May 2025, 3:53 pm

ഗോഡ്ഫാദറിന്റെ ഷൂട്ടിനിടയില്‍ ഞാന്‍ മരത്തില്‍ നിന്ന് വീണത് കണ്ട് അവര്‍ ഇരുവരും കരഞ്ഞു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1991ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രമാണ് ഗോഡ്ഫാദര്‍. ചിത്രത്തില്‍ ജഗദീഷും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. മായിന്‍ കുട്ടി എന്ന കഥാപാത്രമായാണ് അദ്ദേഹം അഭിനയിച്ചത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ജഗദീഷ്. അന്ന് താന്‍ ഷൂട്ടിങ്ങിന് ഇടയില്‍ മരത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണുവെന്നും സിദ്ദിഖും ലാലും പേടിച്ച് നിലവിളിച്ച് കൊണ്ട് ഓടിയെത്തിയെന്നുമാണ് നടന്‍ പറയുന്നത്.

‘ഗോഡ്ഫാദറില്‍ സിനിമയില്‍ മായിന്‍ കുട്ടി മരത്തില്‍ നിന്ന് വീഴുന്ന സീന്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. യഥാര്‍ത്ഥത്തില്‍ ഞാന്‍ കമ്പി പൊട്ടി താഴേക്ക് വീഴുകയായിരുന്നു. അന്ന് സിദ്ദിഖും ലാലും എന്റെ അടുത്തേക്ക് ഓടിയെത്തി.

അവര്‍ അന്ന് ആകെ പേടിച്ചിരുന്നു. അവര്‍ ശരിക്കും നിലവിളിച്ച് കൊണ്ടാണ് എന്റെ അടുത്തേക്ക് എത്തിയത്. അവര്‍ യഥാര്‍ത്ഥത്തില്‍ കരയുകയായിരുന്നു. ഭാഗ്യവശാല്‍ മരത്തിന്റെ ഒരു പകുതിക്ക് ശേഷമായിരുന്നു ഈ കമ്പി പൊട്ടിയത്. അതുകൊണ്ട് കൂടുതല്‍ ഒന്നും പറ്റാതെ ആയിരുന്നു ഞാന്‍ നിലത്ത് ലാന്‍ഡ് ചെയ്തത്.

എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് ഞാന്‍ അന്ന് അവരെ ആശ്വസിപ്പിച്ചു. എന്നിട്ടും അവര്‍ ‘കുറച്ച് നേരത്തേക്ക് വിശ്രമിക്കൂ, കുറച്ച് കഴിഞ്ഞ് ബാക്കി എടുത്താല്‍ മതി’യെന്ന് പറയുകയായിരുന്നു. എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല,’ ജഗദീഷ് പറയുന്നു.

ഗോഡ്ഫാദര്‍ (1991):

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തി വന്‍വിജയമായ ചിത്രങ്ങളില്‍ ഒന്നാണ് ഇത്. തുടര്‍ച്ചയായി നാനൂറിലധികം ദിവസങ്ങളില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമ കൂടെയാണ് ഗോഡ്ഫാദര്‍.

മുകേഷ്, എന്‍.എന്‍. പിള്ള, കനക, ഫിലോമിന, ജഗദീഷ്, തിലകന്‍, സിദ്ദീഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തിരുവനന്തപുരത്തെ തിയേറ്ററിലായിരുന്നു ഈ ചിത്രം തുടര്‍ച്ചയായി നാനൂറിലധികം ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ചിത്രം നേടി.

Content Highlight: Jagadish Talks About Siddique-Lal And Godfather Movie

We use cookies to give you the best possible experience. Learn more