| Wednesday, 16th April 2025, 12:46 pm

അദ്ദേഹത്തിന്റെ കാലുതൊട്ട് നമസ്‌കരിക്കുന്ന ഷാരൂഖിനെയാണ് ഞാന്‍ കണ്ടത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ബാദ്ഷാ എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഷാരൂഖ് സിനിമയിലേക്കെത്തിയത്. വില്ലനായി കരിയര്‍ ആരംഭിച്ച ഷാരൂഖ് പിന്നീട് ബോളിവുഡ് തന്റെ കാല്‍ക്കീഴിലാക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബില്ലു ബാര്‍ബര്‍. ഷാരൂഖ് ഖാന്‍, ലാറ ദത്ത എന്നിവര്‍ക്കൊപ്പം ഇര്‍ഫാന്‍ ഖാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

2007 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായ കഥ പറയുമ്പോള്‍ ന്റെ റീമേക്കാണ് ബില്ലു ബാര്‍ബര്‍. സിനിമയില്‍ നടന്‍ ജഗദീഷും ഒരു വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ വിനയത്തെ കുറിച്ചും മറ്റുള്ളവരോടുള്ള ബഹുമാനത്തെ കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്.

താന്‍ ഷാരുഖാന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും സെറ്റില്‍ ഓം പുരിയുടെ കാലില്‍ തൊട്ട് നമസ്‌കരിക്കുന്ന ഷാരുഖിനെ താന്‍ കണ്ടിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. അദ്ദേഹത്തിന്റെ വിനയം നമ്മള്‍ എല്ലാവരും കണ്ട് പഠിക്കേണ്ടതാണെന്നും വളരെ ബഹുമാനത്തോട് കൂടെയാണ് ഷാരുഖ് ഖാന്‍ അദ്ദേഹത്തിന്റെ സീനിയര്‍ അഭിനേതാക്കളുടെ അടുത്ത് പെരുമാറുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

തനിക്ക് അദ്ദേഹത്തെ പറ്റി ഒരു നെഗറ്റീവും ഇതുവരെ തോന്നിയിട്ടില്ലെന്നും ഷാരൂഖാന് ചുറ്റും എപ്പോഴും ഒരു ഓറ അനുഭവപ്പെടാറുണ്ടെന്നും ജഗദീഷ് പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍ നമ്മുടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്റ്റാറാണ്. അദ്ദേഹം വളരെ ടാലന്റഡ് ആക്ടറാണ്. നമ്പര്‍ വണ്‍ ഹീറോയാണ്. അദ്ദേഹം രാവിലെ സെറ്റില്‍ വരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച്ച എന്ന് പറയുന്നത് ഓം പുരിയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുന്നതാണ്. എല്ലാ ദിവസവും. അങ്ങനെ സീനിയര്‍ ആക്ടേഴ്‌സിന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചിട്ട് എന്ത് നേടാനാണ്. ഒരു നമസ്‌തേ പറയാം, അല്ലെങ്കില്‍ ഹായ് പറഞ്ഞ് വിഷ് ചെയ്താലും കുഴപ്പമില്ല. എന്നാല്‍ കാലില്‍ തൊട്ട് നമസ്‌കരിക്കുകയാണ് ഷാരൂഖ് ഖാന്‍.

ആ വിനയം നമ്മള്‍ കണ്ട് പഠിക്കേണ്ടതല്ലേ. അദ്ദേഹം എന്ത് ബഹുമാനത്തോട് കൂടെയാണ് ഓം പുരിയോട് സംസാരിക്കുന്നത്. സീനിയര്‍ എന്ന രീതിയില്‍. അത്രയും വലിയ ഒരു സ്ഥാനത്ത് നില്‍ക്കുന്നയാളാണ് അപ്പോള്‍ നമുക്ക് എന്ത് സ്‌നേഹവും ബഹുമാനവും തോന്നും ഷാരൂഖ് ഖാനോട്. ഷാരൂഖിനെ കുറിച്ച് എവിടെയും എനിക്കൊരു നെഗറ്റീവ് ഫീലിങ് ഇല്ല. ഒരു ഓറയുണ്ട് അദ്ദേഹത്തിന്റെ ചുറ്റിലും,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish  talks about Shah Rukh Khan

We use cookies to give you the best possible experience. Learn more