| Tuesday, 4th February 2025, 5:59 pm

സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാന്‍ പോകുന്നുവെന്ന കാര്യം മടിച്ചാണ് അദ്ദേഹം എന്നോട് പറഞ്ഞത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയര്‍ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. അബ്രഹാം ഓസ്ലര്‍, ഗുരുവായൂരമ്പല നടയില്‍, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വര്‍ഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം ജഗദീഷ് ഭാഗമായിട്ടുണ്ട്.

സിനിമയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. വ്യക്തിജീവിതത്തിലെ ബന്ധവും പ്രൊഫഷണല്‍ ജീവിതത്തിലെ ബന്ധവും തമ്മില്‍ കൂട്ടികലര്‍ത്തിയാല്‍ അതോടെ ഉള്ള സൗഹൃദം പോകുമെന്ന് ജഗദീഷ് പറയുന്നു.

സംവിധായകരായ അനില്‍ബാബുമാരുടെ കൂടെ മാന്ത്രികച്ചെപ്പ്, വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, സ്ത്രീധനം, കുടുംബ വിശേഷം, എന്നിങ്ങനെ ഏഴ് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് കഴിഞ്ഞ് അനില്‍ബാബുമാര്‍ സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചെന്നും ജഗദീഷ് പറഞ്ഞു.

അവരെ വളരെ മടിച്ചാണ് സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാന്‍ പോകുന്നുവെന്ന് തന്റെ അടുത്ത് പറഞ്ഞതെന്നും എന്നാല്‍ തനിക്ക് അതൊരു പ്രശ്‌നമല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ബാബുമാര്‍ പിന്നീട് മമ്മൂട്ടിയെ വെച്ചും സുരേഷ് ഗോപിയെ വെച്ചും സിനിമകള്‍ ചെയ്തുവെന്നും അപ്പോഴും അവരുമായുള്ള സൗഹൃദം തുടര്‍ന്നുവെന്നും ജഗദീഷ് പറയുന്നു.

‘വ്യക്തിജീവിതത്തിലെ ബന്ധവും പ്രൊഫഷണല്‍ ജീവിതത്തിലെ ബന്ധവും തമ്മില്‍ കൂട്ടികലര്‍ത്തിയാല്‍ അതോടെ ഉള്ള സൗഹൃദം കൂടെ പോകും. മാന്ത്രികച്ചെപ്പ്, വെല്‍ക്കം ടു കൊടൈക്കനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, സ്ത്രീധനം, കുടുംബ വിശേഷം, എന്നിങ്ങനെ അനില്‍ബാബുമാരുടെ ഏഴ് സിനിമകള്‍ തുടര്‍ച്ചയായി എന്നെ നായകനാക്കി ചെയ്തു.

അത് കഴിഞ്ഞ് അവര്‍ സുരേഷ് ഗോപിയെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചു. മടിച്ച് മടിച്ചാണ് അവര്‍ എന്റെ അടുത്ത് അത് പറയാന്‍ വന്നത്. എനിക്കത് ഒരു വിഷയമേ ആയില്ല. അനില്‍ബാബുമാര്‍ പിന്നീട് മമ്മൂട്ടിയെ വെച്ചും സുരേഷ് ഗോപിയെ വെച്ചും സിനിമകള്‍ ചെയ്തു. അപ്പോഴും അവരുമായുള്ള സൗഹൃദം തുടര്‍ന്നു,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish talks about relations in film industry

We use cookies to give you the best possible experience. Learn more