| Friday, 14th March 2025, 9:25 pm

കുറച്ച് കപ്പലണ്ടിയോ നട്‌സോ സോഡയോ എടുക്കാന്‍ ചെന്നാല്‍ അവരെന്റെ കയ്യിലടിക്കും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.

സിനിമയില്‍ പണ്ടുണ്ടായിരുന്ന മദ്യപാന സദസുകളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. താന്‍ മദ്യപിക്കാത്ത ആളാണെന്നും എല്ലാവരും കമ്പനി കൂടിയിരിക്കുന്ന സമയത്ത് താനും ഇരിക്കുമെന്ന് ജഗദീഷ് പറയുന്നു. മദ്യപാനം തുടങ്ങുമ്പോള്‍ താന്‍ കപ്പലണ്ടിയോ നട്‌സോ സോഡയോ എടുക്കാന്‍ പോകുമെന്നും എന്നാല്‍ മുകേഷും പ്രിയദര്‍ശനും അടക്കമുള്ളവര്‍ തന്റെ കയ്യിലടിക്കുമെന്നും ജഗദീഷ് പറഞ്ഞു.

വില കൂടിയ മദ്യത്തിന്റെ ചെറിയൊരു അംശം മാത്രമാണ് കപ്പലണ്ടിയും നട്‌സുമെന്നും എന്നാല്‍ അതുപോലും തന്നെ എടുക്കാന്‍ അവര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘എല്ലാവരും കൂടെ ഇരുന്ന് മദ്യപാനവും ചെറിയ വര്‍ത്തമാനവും പരിപാടികളൊക്കെ ആയിരിക്കും. എല്ലാം സെറ്റാക്കി എല്ലാവരും ഇരിക്കും. എന്നിട്ട് ഞാന്‍ കുറച്ച് നട്‌സ് എങ്ങാനും എടുക്കാന്‍ പോയാല്‍ മുകേഷ് എന്റെ കയ്യില്‍ അടിക്കും. ‘തൊട്ടുപോകരുത്, അത് മദ്യപിക്കുന്നവര്‍ക്കാണ്’ എന്ന് പറയും.

പ്രിയദര്‍ശനും അതുപോലെയാണ്, എന്നെ നട്‌സ് എടുക്കാന്‍ സമ്മതിക്കില്ല. ഞാന്‍ മെല്ലെ കൈകൊണ്ടെല്ലാം ചെല്ലും, ഉടനെ എന്റെ കയ്യില്‍ തട്ടിയിട്ട് ‘ഏയ്..ഇത് കുടിക്കാന്‍ ഉള്ളവര്‍ക്കാ, നീ കുടിക്കുന്നില്ലല്ലോ, അപ്പപ്പോള്‍ മിണ്ടാതിരിക്ക്’ എന്ന് പറയും.

വെറും സോഡാ എടുക്കാന്‍ പോയാലും അങ്ങനെത്തന്നെയാണ്. വില കൂടിയ മദ്യത്തിന്റെ ചെറിയൊരു അംശമാണ് കുറച്ച് കപ്പലണ്ടിയോ നട്‌സോ, അതെടുക്കാന്‍ എന്നെ സമ്മതിക്കില്ല,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish talks about Mukesh And Priyadarshan

We use cookies to give you the best possible experience. Learn more