മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ജഗദീഷ്. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് അദ്ദേഹം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള സംഭാഷണശൈലിയും അഭിനയവും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി.
കരിയറിന്റെ തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ കൂടുതലും അഭിനയിച്ച ജഗദീഷിന്റെ രണ്ടാം വരവ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ലീല, റോഷാക് തുടങ്ങിയ സിനിമകളിലെ പ്രകടനം അദ്ദേഹത്തിലെ നടനിലെ മറ്റൊരു മുഖം കാണിച്ചുതന്നു. ഇപ്പോള്‍ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ വന്ന മാറ്റത്തെ കുറിച്ച് മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജഗദീഷ്.
‘രഞ്ജിത് സംവിധാനം ചെയ്ത ലീലയില്‍ ആയിരുന്നു കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ മാറ്റം ആരംഭിക്കുന്നത്. ലീല വന്നപ്പോള്‍ ഞാന്‍ അഭിനയിക്കാന്‍ മടിച്ചു. അത്രക്ക് നെഗറ്റീവാണ്. ഭാര്യയോടും മക്കളോടും സംസാരിച്ചു. എന്നോട് അഭിനയിക്കാന്‍ അവരാണ് പറഞ്ഞത്. പിന്നീട് റോഷാക്കിലും വ്യത്യസ്ത വേഷം ലഭിച്ചു. അങ്ങനെ വ്യത്യസ്തമായ വേഷം കിട്ടാന്‍ തുടങ്ങി. ഞാന്‍ മോഹിച്ചതാണ് ഇതൊക്കെ,’ ജഗദീഷ് പറയുന്നു.
സിനിമക്കിടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമോ എന്ന ചോദ്യത്തിനും ജഗദീഷ് മറുപടി പറഞ്ഞു. പത്തനാപുരത്ത് മത്സരിച്ചത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്നും പലരുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് അത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ല. പത്തനാപുരത്ത് മത്സരിച്ചത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. പലരുടെയും സമ്മര്‍ദത്തിന് വഴങ്ങിയാന് മത്സരിച്ചത്. സമ്മര്‍ദം ചെലുത്തിയവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതിന് വഴങ്ങിയ ഞാനാണ് തെറ്റുകാരന്‍. ഭാര്യയും മക്കളുമൊക്കെ മത്സരത്തെ എതിര്‍ത്തിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷിയിലെയും നേതാക്കളുമായി എനിക്ക് അടുത്ത ബന്ധമുണ്ട്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish Talks About His Character In Leela Movie