| Tuesday, 1st July 2025, 12:04 pm

ആ നടന്മാര്‍ക്ക് ഫോട്ടോയെടുക്കുന്നത് ഇറിറ്റേഷനാണ്; നിന്റെ ഫോട്ടോ ക്രെയ്‌സ് ഇതുവരെ തീര്‍ന്നില്ലേയെന്ന് ചോദിക്കും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും പിന്നീട് നായകവേഷത്തില്‍ തിളങ്ങാനും ജഗദീഷിന് സാധിച്ചു. കോമഡി താരമായി സിനിമയിലെത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

ഇപ്പോള്‍ ചില നടന്മാര്‍ക്ക് മറ്റുള്ളവര്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് ഇറിറ്റേഷനാണെന്ന് ജഗദീഷ് പറയുന്നു. പല നടന്മാരും തന്റെ ഈ ഫോട്ടോ ക്രെയ്‌സ് ഇതുവരെ കഴിഞ്ഞില്ലേ എന്ന് ചോദിച്ചിട്ടുണ്ടെന്നും തനിക്കല്ല ജനങ്ങള്‍ക്കാണ് നമ്മളോടൊത്ത് ഫോട്ടോ എടുക്കാന്‍ ആഗ്രഹമെന്നും ജദഗീഷ് പറയുന്നു. നമ്മളുടെ ഒരു ഷോയില്‍ പങ്കെടുക്കുക എന്നതിലുപരി നമ്മളുടെ കൂടെ ഒരു ഫോട്ടോ എടുക്കാനാണ് അവര്‍ ആഗ്രഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും ഷോ കഴിഞ്ഞ് ചിലപ്പോള്‍ ഫോട്ടോ എടുക്കുകയാണെങ്കില്‍ ആഹാരം കഴിക്കാന്‍ വൈകുമെന്നും നമ്മള്‍ എല്ലാം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോഴായിരിക്കും മറ്റുള്ളവര്‍ ഫോട്ടോ എടുക്കാന്‍ പറയുകയെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. താന്‍ എല്ലാവരുടെ കൂടെ പോയും ഫോട്ടോ എടുക്കുമെന്നും നമ്മളെ നമ്മളാക്കിയ ജനങ്ങളോട് നമ്മള്‍ക്ക് ഒരു കമ്മിറ്റ്‌മെന്റ് ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പേര് പറയുന്നില്ല. ചില നടന്‍മാര്‍ക്ക് അത് ഇറിറ്റേഷനാണ്. എന്നോട് പലരും നിന്റെ ഈ ഫോട്ടോയുടെ ക്രെയ്‌സൊന്നും തീര്‍ന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് എടുക്കാനുള്ള ക്രേയ്‌സ് അല്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഷോ കാണുന്നതിനപ്പുറം നമ്മളുമായിട്ടുള്ള ഒരു ഫോട്ടോ എടുക്കുക എന്നാണ്. അവര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ് അത്. ഷോ കഴിഞ്ഞ്, ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ ഒരുമണിക്കൂര്‍ കഴിഞ്ഞേ ചിലപ്പോള്‍ ആഹാരം കഴിക്കാന്‍ പറ്റുകയുള്ളു.

ഷോ കഴിഞ്ഞ് രണ്ടുമൂന്ന് സ്‌കിറ്റില്‍ അഭിനയിക്കുക, ഒരു പാട്ട് പാടുക ഇതൊക്കെ കഴിഞ്ഞ് നമ്മള്‍ തളര്‍ന്ന് അവശനായിരിക്കുമ്പോഴായിരിക്കും ഫോട്ടോ എടുക്കാനായി ആളുകള്‍ വരിക. ഡിന്നറിന്റെ ഹാളിലായിരിക്കും ഈ ഫോട്ടോ സെക്ഷന്‍. ഞാന്‍ എല്ലാവരുമായിട്ട് ഫോട്ടോ എടുത്ത് കൊടുക്കും. നമ്മളെ നമ്മളാക്കിയ പ്രേക്ഷകരോട് നമുക്ക് ഒരുപാട് കമ്മിന്റ്‌മെന്റ് ഉണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish  says that some actors find it irritating when others come to take their photos.

We use cookies to give you the best possible experience. Learn more