| Wednesday, 11th December 2024, 8:53 pm

പെമ്പിള്ളേരെ കമന്റടിക്കുക, തല്ലുകൊള്ളുക; മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൂവാലന്‍ വേഷം ചെയ്തിട്ടുള്ള നടന്‍: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ 1984ല്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്.

അതേ നടന്‍ ഇന്ന് മികച്ച സിനിമകളില്‍ വളരെ സീരീയസായ കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ആ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഹ്യൂമറില്‍ അല്‍പം ലൗഡായ ആക്ടിങ്ങായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അല്‍പം ബഹളമുള്ള കഥാപാത്രമായിരുന്നു അതൊക്കെയെന്നും അദ്ദേഹം പറയുന്നു.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൂവാലന്റെ വേഷം ചെയ്തിട്ടുള്ള നടന്‍ താനാണെന്ന് തോന്നിയിട്ടുണ്ടെന്നും വഴിവക്കില്‍ നിന്ന് പെമ്പിള്ളേരെ കമന്റടിക്കുകയും തല്ലുകൊള്ളുകയുമൊക്കെയായിരുന്നു പ്രധാനമായും ചെയ്തതെന്നും ജഗദീഷ് കുട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹ്യൂമറില്‍ അല്‍പം ലൗഡ് ആയ ആക്ടിങ്ങായിരുന്നു ഞാന്‍ സ്വീകരിച്ചിരുന്നത്. അല്‍പം ബഹളമുള്ള കഥാപാത്രമായിരുന്നു അതൊക്കെ. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൂവാലന്റെ വേഷം ചെയ്തിട്ടുള്ള നടന്‍ ഞാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വഴിവക്കില്‍ നിന്ന് പെമ്പിള്ളേരെ കമന്റടിക്കുക, തല്ലുകൊള്ളുകയൊക്കെയായിരുന്നു പ്രധാനമായും ചെയ്തത്.

അത്തരം കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ച് ലൗഡായിട്ടുള്ള അഭിനയമായിരുന്നു നടത്തിയത്. ഹ്യൂമര്‍ കഥാപാത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നീട് ഒരു ക്യാരക്ടര്‍ ആക്ടറിലേക്കുള്ള ട്രാന്‍സിഷനായിരുന്നു നടന്നത്. വളരെ എളുപ്പത്തില്‍ തന്നെ അങ്ങനെയൊരു ട്രാന്‍സിഷന്‍ നടത്താന്‍ എനിക്ക് സാധിച്ചു.

അതിന് എന്നെ സഹായിച്ചത് സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള അമച്ചര്‍ നാടക രംഗത്തെ എന്റെ പ്രവര്‍ത്തന പരിചയമാണ്. അന്ന് ഞാന്‍ കൈകാര്യം ചെയ്തിരുന്നത് കോമഡി വേഷങ്ങള്‍ അല്ലായിരുന്നു. വളരെ ഗൗരവമുള്ള ലൗഡല്ലാത്ത വേഷങ്ങളായിരുന്നു അത്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Says He Is The Actor Who Has Played The Role Of Poovalan The Most In Malayalam Cinema

We use cookies to give you the best possible experience. Learn more