മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ആക്ഷന്‍ ചിത്രം എന്ന ഖ്യാതിയുള്ള മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രമായിരുന്നു പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ കാട്ടാളന്‍. ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ ആന്റണി വര്‍ഗീസ് പെപെ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

കെ.ജി.എഫിന്റെ സംഗീത സംവിധായകനായ രവി ബാസുര്‍, പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ സുനില്‍, ബാഹുബലിയടക്കം വമ്പന്‍ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത കെച്ച കെംപഗ്‌ദെ തുടങ്ങി വമ്പന്‍ ക്രൂ അണിനിരന്ന ചിത്രത്തിന് കാര്യമായി പ്രേക്ഷകരില്‍ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്ന കാഴ്ച്ചക്കായിരുന്നു തിയേറ്റര്‍ സാക്ഷ്യം വഹിച്ചത്. കോടികളുടെ ബിസിനിസ് നടക്കുന്ന ആനക്കൊമ്പ് കാര്‍ട്ടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് അതിന്റെ കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ അടിപതറുകയായിരുന്നു.

കാട്ടാളന്‍. Photo: District

തിരക്കഥയില്‍ വന്ന പാളിച്ചകള്‍ കാട്ടാളനിലെ ഓരോ കഥാപാത്രങ്ങളിലും പ്രതിഫലിച്ചിരുന്നു. കൃത്യമായി ഒരു ലക്ഷ്യമില്ലാത്ത വില്ലന്മാരും ഡയലോഗില്ലാത്ത ആന്റണിയുടെ അനുചരന്മാരായ ഹനാന്‍ ഷായുടെയും ഷോണ്‍ ജോയിയുടെയും കഥാപാത്രങ്ങളുമെല്ലാം ഇതിനോടകം വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. ചിത്രത്തിനെതിരെ പല കോണുകളില്‍ നിന്നും നെഗറ്റീവ് റിവ്യൂ ഉയരുമ്പോഴും കൈയടി നേടുകയാണ് മലയാളത്തിലെ സീനിയര്‍ അഭിനേതാവായ ജഗദീഷ്.

ചിത്രത്തില്‍ അലി എന്ന കഥാപാത്രത്തെയായിരുന്നു ജഗദീഷ് അവതരിപ്പിച്ചത്. മാരി എന്ന ആനക്കൊമ്പ് കള്ളക്കടത്തുകാരന് വേണ്ടി ആനകളെ കൊന്ന് കൊമ്പെടുക്കാന്‍ കാട്ടുകൊല്ലി എന്ന സ്ഥലത്തെത്തി താമസിക്കുന്നവരുടെ കൂട്ടത്തിലൊരാളായിട്ടാണ് ജഗദീഷെത്തുന്നത്. മാരി നടത്തുന്ന കള്ളക്കടത്തിലും ആനക്കൊമ്പ് വേട്ടയിലും എപ്പോഴും ഭാഗമാകുന്നതും മാരി തന്നെയാണെന്ന് കാണാം. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവ് സംഭവിക്കുമ്പോള്‍ മാരി ക്രൂരമായി ശിക്ഷിക്കുകയും കൂട്ടത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ബലാത്സംഗം ചെയ്യുന്നതും കണ്ട് നിസഹായനായി നോക്കി നില്‍ക്കാന്‍ മാത്രമാണ് അലിയ്ക്ക് സാധിക്കുന്നത്.

എന്നാല്‍ ആന്റണി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെ മാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അലിയും അണിചേരുന്നുണ്ട്. മധ്യവയസ്‌കനായ കഥാപാത്രത്തെ എഴുപതുകാരനായ ജഗദീഷ് അത്യന്തം ആവേശത്തോടെയും ഊര്‍ജസ്വലതയോടെയുമാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് കാണാം. തന്റെ മകളുടെ ചികിത്സാ ആവശ്യത്തിനായി ആന്റണിക്കൊപ്പം ആനക്കൊമ്പ് വേട്ടയ്ക്ക് പോകുന്ന രംഗത്തില്‍ ഇത് വ്യക്തമാണ്. തായ്‌ലന്‍ഡില്‍ യഥാര്‍ത്ഥ ആനയ്‌ക്കൊപ്പം ചിത്രീകരിച്ച സീനില്‍ ആനയ്‌ക്കൊപ്പം ജഗദീഷ് ഓടുന്നതും മറ്റ് ആക്ഷന്‍ രംഗങ്ങളുമെല്ലാം ആദ്യാവസാനം പ്രസരിപ്പോടെയാണ് താരം കൈകാര്യം ചെയ്തിട്ടുള്ളത്.

Photo: X.com

സമീപകാലത്തായി വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ജഗദീഷിന്റെ ലിസ്റ്റിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് ചിത്രം. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ മോഹിനിയാട്ടം, മധുവിധു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കാട്ടാളനും ഇനി ജൂണ്‍ അഞ്ചിന് പുറത്തിറങ്ങുന്ന മോളിവുഡ് ടൈംസ് കൂടെയാകുമ്പോള്‍ 2026 തന്റെ കൂടെ വര്‍ഷമാക്കാനുള്ള ഒരുക്കത്തിലാണ് ജഗദീഷ്.

Content Highlight: Jagadish as ali in Kattalan gets appreciation