| Saturday, 14th December 2024, 5:18 pm

സത്യന്‍ മാഷിന് ശേഷം സ്വന്തം അസുഖം പോലും മറന്ന് സിനിമകള്‍ ചെയ്ത നടനാണ് അദ്ദേഹം: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന നടന്‍ കൂടെയാണ് ജഗദീഷ്. ഈ വര്‍ഷം ജഗദീഷ് ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. നെടുമുടി വേണുവിന്റെ അവസാനകാലത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നും അതെല്ലാം മറച്ചുവെച്ചിട്ടാണ് അദ്ദേഹം ഓരോ സിനിമയും ചെയ്തിരുന്നതെന്ന് ജഗദീഷ് പറഞ്ഞു. സത്യന്‍ മാഷും ഇതുപോലെയായിരുന്നെന്നും ബ്ലഡ് ക്യാന്‍സറിന്റെ സമയത്തും ഒരുപാട് സിനിമകള്‍ അദ്ദേഹം ചെയ്തിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

നെടുമുടി വേണുവും അതുപോലെയായിരുന്നെന്നും വയ്യായ്കകള്‍ മറന്നാണ് അവസാനത്തെ കുറച്ചു സിനിമകള്‍ ചെയ്തതെന്നും ജഗദീഷ് പറഞ്ഞു. അതൊന്നും പൈസക്ക് വേണ്ടിയായിരുന്നില്ലെന്നും അഭിനയത്തോടുള്ള പ്രതിബദ്ധതയും ആഗ്രഹവും കൊണ്ടായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അത്തരം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് അവസാനത്തെ കുറച്ചു സിനിമകള്‍ അദ്ദേഹം ചെയ്തതെന്നും ജഗദീഷ് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘വേണുച്ചേട്ടന്റെ അവസാനകാലത്ത് ശാരീരികപരമയി ഒരുപാട് ബുദ്ധിമുട്ടികള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. അതെല്ലാം മറച്ചുവെച്ചിട്ടാണ് വേണുച്ചേട്ടന്‍ ഓരോ സിനിമയും ചെയ്തത്. ഇതിന് മുമ്പ് അങ്ങനെ ചെയ്തിട്ടുള്ളത് സത്യന്‍ മാഷാണ്. ബ്ലഡ് ക്യാന്‍സറിന്റെ സമയത്ത് പോലും ഷൂട്ട് കഴിഞ്ഞ് നേരെ ചികിത്സക്ക് പോകുമായിരുന്നു. അതുപോലെയായിരുന്നു വേണുച്ചേട്ടനും.

പുള്ളി അത്രക്ക് വയ്യാതായിട്ടുകൂടി ഒരോ സിനിമയും ചെയ്തത് പൈസക്ക് വേണ്ടിയല്ല. അഭിനയത്തോടുള്ള കമ്മിറ്റ്‌മെന്റും ആഗ്രഹവും കൊണ്ട് മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്. അവസാനത്തെ കുറച്ചു സിനിമകളെല്ലാം ചെയ്യുമ്പോള്‍ തീരെ വയ്യായിരുന്നു. നമ്മള്‍ അതിനെപ്പറ്റി ചോദിക്കുമ്പോള്‍ ‘ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലേ’ എന്ന് തിരിച്ചുചോദിക്കുമായിരുന്നു,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish about Nedumudi Venu’s last movies

We use cookies to give you the best possible experience. Learn more