നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.
ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. എബ്രഹാം ഓസ്‌ലർ, ഗുരുവായൂരമ്പല നടയിൽ, കിഷികിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വർഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്.
പണ്ട് തന്നെ വിമര്‍ശിച്ച് വന്ന റിവ്യൂകളെ പറ്റി സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. വെല്‍ക്കം ടു കൊടൈക്കനാല്‍ എന്ന തന്റെ ചിത്രം കണ്ടിട്ട് മോഹന്‍ലാല്‍ അഭിനയിക്കേണ്ട പടത്തില്‍ താന്‍ എന്തിന് അഭിനയിച്ചു എന്നാണ് എസ്. ജയചന്ദ്രന്‍ എന്ന റിവ്യൂവര്‍ എഴുതിയതെന്ന് ജഗദീഷ് പറയുന്നു. കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നാണ് അദ്ദേഹം എഴുതിയതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
‘സിനിമ മോശമാണെന്ന് റിവ്യൂ വരുന്നത് ഇന്നാണെന്ന് ആളുകള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് തിക്താനുഭവം ഉണ്ടായിട്ടുണ്ട്. കലാകൗമുദി വാരികയില്‍ എസ്. ജയചന്ദ്രന്‍ സാര്‍ റിവ്യൂ എഴുതുമായിരുന്നു. അന്ന് വെല്‍ക്കം ടു കൊടൈക്കനാല്‍ എന്ന സിനിമയെ പറ്റി അദ്ദേഹം റിവ്യൂ എഴുതി. ആ പടം സൂപ്പര്‍ ഹിറ്റായിരുന്നു.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്നാണ് അദ്ദേഹം എഴുതിയത്. അതായത് മോഹന്‍ലാല്‍ ചെയ്യേണ്ട നായക വേഷം എന്തടിസ്ഥാനത്തിലാണ് ജഗദീഷ് ചെയ്തു എന്നാണ് അദ്ദേഹം ചോദിച്ചത്. അതില്‍ ഞാന്‍ തളര്‍ന്നില്ല. എന്നോട് ഒരു ശത്രുതയുമില്ലാത്ത ആളാണ് ഈ ജയചന്ദ്രന്‍ സാര്‍.
സാകേതം എന്ന നാടകത്തിൽ ഞാന്‍ അഭിനയിച്ചു. നന്നായി അഭിനയിച്ചു എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുമ്പോള്‍ കലാകൗമുദിയില്‍ ജയചന്ദ്രന്‍ സാറിന്റെ റിവ്യൂ വന്നു. ഞാന്‍ ലക്ഷ്മണന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജ്യേഷ്ഠനെ കാട്ടിലേക്ക് അയച്ചതില്‍ കുപിതനായി വരുന്ന ജഗദീഷിന്റെ ലക്ഷ്മണന്‍ തമിഴ് സ്റ്റണ്ട് നായകന്മാരെ അനുസ്മരിപ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലൊക്കെ ഞാന്‍ തളരാന്‍ പാടില്ല.
റിവ്യൂസ് അങ്ങനെയൊക്കെ വരും, ജയചന്ദ്രന്‍ സാര്‍ വലിയ നിരൂപകനാണ്, അപ്പോള്‍ ജഗദീഷ് ഇംപ്രൂവാകണം എന്ന് ജി. ശങ്കരപിള്ള സാര്‍ എനിക്ക് ഉപദേശം തന്നു. റിവ്യൂസില്‍ തളരാന്‍ പാടില്ല. എക്‌സലന്റായി എന്ന് ഒരാള്‍ പറയുമ്പോള്‍ ‘എന്തോന്ന് ആക്ടിങ്, പരമ ബോറ്’ എന്ന് മറ്റൊരാള്‍ പറയും. രണ്ടും ഒരേപോലെ നമ്മള്‍ സ്വീകരിക്കണം. റിവ്യൂ എന്ന് പറഞ്ഞാല്‍ അവകാശമാണ്. മോശമാണെന്ന് പറഞ്ഞാലും എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കണം,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadheesh About Welcome To Kodaikanal Movie