| Saturday, 11th January 2025, 1:07 pm

മമ്മൂക്കയും പൃഥ്വിയും പ്രവചിച്ച കാര്യങ്ങൾ ഇപ്പോൾ സത്യമാവുന്നു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടൻ, മായിൻകുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ച് ചെയ്യുന്ന നടൻ കൂടെയാണ് ജഗദീഷ്.

മമ്മൂട്ടി നായകനായ റോഷാക്കിലെയും പൃഥ്വിരാജ് ചിത്രം കാപ്പയിലെയും ജഗദീഷിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സിനിമയിൽ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്ന് റോഷാക്കിന്റെ പ്രൊമോഷൻ സമയത്ത് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും കാപ്പയിൽ അഭിനയിക്കുമ്പോൾ പൃഥ്വിയും അങ്ങനെ പറഞ്ഞിരുന്നുവെന്നും ജഗദീഷ് പറയുന്നു. മമ്മൂട്ടിയും പൃഥ്വിയും പ്രവചിച്ച കാര്യങ്ങൾ ഇപ്പോൾ സത്യമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിക്ക് ശേഷം റോഷാക്കിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നടനാണ് ഞാൻ. പകരക്കാരനായി എത്തിയതല്ലെന്ന് ചുരുക്കം. ചിത്രത്തിലെ അഷ്റഫ് എന്ന പൊലീസ് കഥാപാത്രത്തിന്റെ സൂക്ഷ്‌മ ചലനങ്ങൾ പോലും എങ്ങനെ വേണമെന്ന് സംവിധായകൻ നിസാം ബഷീറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. നമ്മൾ അതിനൊപ്പം നിൽക്കുകയായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോൾ ഉണ്ടായ പ്രേക്ഷക പ്രതികരണം കണ്ടപ്പോൾ സന്തോഷവും ഏറെ അഭിമാനവും തോന്നി.

അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മലയാള സിനിമയിൽ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്ന് ആ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിൽ മമ്മുക്ക പറഞ്ഞത് ഓർമയുണ്ട്. ആ സിനിമ കഴിഞ്ഞ് ഞാൻ നേരെ പോയത് പൃഥ്വിരാജിന്റെ ‘കാപ്പ’യുടെ സെറ്റിലേക്കായിരുന്നു. മോൾക്ക് ഒരു വീട് വാങ്ങാൻ ലോണിന്റെ കാര്യം ബാങ്ക് മാനേജരുമായി ഞാൻ സംസാരിക്കുമ്പോൾ പൃഥ്വിരാജ് പറഞ്ഞു. “ചേട്ടൻ സിനിമയ്ക്ക് വേണ്ടി മുടിവെട്ടി നരയിടാൻ തുടങ്ങിയില്ലേ, ഇനി ലോൺ തിരിച്ചടയ്ക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ധൈര്യമായിരിക്ക് എന്നായിരുന്നു. മമ്മൂക്കയും പൃഥ്വിയും പ്രവചിച്ച കാര്യങ്ങൾ സത്യമായിക്കൊണ്ടിരിക്കുന്നു.

റോഷാക്കിലും കാപ്പയിലും അഭിനയിക്കുന്നതിന് എത്രയോ കാലം മുമ്പ് ഞാൻ കമ്മിറ്റ് ചെയ്‌ത ചിത്രമായിരുന്നു ‘പുരുഷപ്രേതം’. പല കാരണങ്ങൾ കൊണ്ടും അത് അവസാനമെത്തി എന്ന് മാത്രം. നേരത്തെ വന്ന രണ്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നർമ്മത്തിന് പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അതിൽ കിട്ടിയത്.

ജഗദീഷ് എന്ന നടനിൽ നിന്ന് ഹ്യൂമർ നഷ്ടമായില്ല എന്ന സത്യം പ്രേക്ഷകർക്കും എനിക്കും ആ സിനിമയിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Prediction Of Mammootty And Prithviraj

We use cookies to give you the best possible experience. Learn more