| Sunday, 8th June 2025, 11:12 am

മമ്മൂക്കയുടെ ആ പടം നല്ല സിനിമകളുടെ പട്ടികയില്‍ പെടുത്താനാണ് ആളുകള്‍ക്കിഷ്ടം, എത്ര കോടി അതിന് കിട്ടിയെന്ന് ആരും അന്വേഷിച്ചില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി പിന്നീട് നായകവേഷത്തില്‍ തിളങ്ങിയ നടനാണ് ജഗദീഷ്. കോമഡി താരമായി സിനിമയെലത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിലും ജഗദീഷ് ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റിന്റെ വേഷത്തിലാണ് അദ്ദേഹം സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര കുറ്റവാളി എത്ര കോടി ക്ലബ്ബില്‍ കയറി എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്ന് പറയുകയാണ് ജഗദീഷ്. ഇതൊരു നല്ല സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി നായകനായ കാതല്‍ എന്ന ചിത്രം നല്ല സിനിമകളുടെ പട്ടികയിലാണ് എല്ലാവരും ഉള്‍പ്പെടുത്തിയതെന്ന് താരം പറയുന്നു. ആ സിനിമ എത്ര കോടി ക്ലബ്ബില്‍ കയറിയെന്ന് ആരും അന്വേഷിക്കാറില്ലെന്നും നല്ല സിനിമകള്‍ ജനങ്ങള്‍ അംഗീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര കുറ്റവാളിയും അത്തരത്തില്‍ നല്ല സിനിമയാണെന്നും കോടി ക്ലബ്ബിന്റെ കണക്കില്‍ അത് ആവശ്യമില്ലെന്നും ജഗദീഷ് പറഞ്ഞു. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഭ്യന്തര കുറ്റവാളി നല്ല ഒരു സിനിമയാണെന്ന് കേള്‍ക്കാനാണ് ഇഷ്ടം. മമ്മൂക്കയുടെ കാതല്‍ എന്ന സിനിമ നമ്മളെല്ലാവരും കണ്ടതാണ്. ആ സിനിമ എത്ര കോടി ക്ലബ്ബില്‍ കയറി എന്നൊന്നും ആരം അന്വേഷിച്ചിട്ടില്ല. അതിനെ നല്ല സിനിമകളുടെ പട്ടികയിലാണ് എല്ലാവരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം സിനിമകള്‍ കോടി ക്ലബ്ബില്‍ കയറിയതിന്റെ കണക്ക് ആര്‍ക്കും കാണേണ്ട ആവശ്യമില്ല.

ആഭ്യന്തര കുറ്റവാളിയെ സംബന്ധിച്ച് ഇതൊരു നല്ല സിനിമയാണെന്ന് പ്രേക്ഷകര്‍ പറയുകയാണ് വേണ്ടത്. അത് 100 കോടി ക്ലബ്ബിലോ 200 കോടി ക്ലബ്ബിലോ കയറിയെന്ന് കേള്‍ക്കുന്നത് വലിയ കാര്യമല്ല. അങ്ങനെ കയറേണ്ട സിനിമകളിലെല്ലാം നായകന്‍ ലാര്‍ജന്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളാണ്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ സിനിമയെ വലിയ വിജയമാക്കിയത്,’ ജഗദീഷ് പറയുന്നു.

നവാഗതനായ സേതുനാഥ് പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഏപ്രില്‍ റിലീസായി എത്തുമെന്ന് അറിയിച്ച ചിത്രം നിയമപ്രശ്‌നങ്ങളാല്‍ വൈകുകയായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് ചിത്രത്തിന് പ്രദര്‍ശനനാനുമതി ലഭിച്ചത്. ഗാര്‍ഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സംസാരിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Jagadeesh saying that people doesn’t care about the collection of Kaathal movie

We use cookies to give you the best possible experience. Learn more