1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
നടന്‍ സുധീഷിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. പണ്ടുമുതലേ തനിക്ക് അറിയാവുന്ന നടനാണ് സുധീഷെന്ന് താരം പറഞ്ഞു. സിനിമയില്‍ ശ്രദ്ധേയമായ സമയത്ത് ഇന്‍ഡസ്ട്രിയിലുണ്ടായിരുന്ന ഒരു നടിയും സുധീഷും തമ്മില്‍ അടുപ്പമായിരുന്നെന്ന് ജഗദീഷ് പറയുന്നു. അതിനെക്കുറിച്ച് കൂടുതലായി സംസാരിച്ചാല്‍ തന്നെ പരദൂഷണക്കാരനായി പലരും വ്യാഖ്യാനിക്കുമെന്നും അതിനാല്‍ അക്കാര്യം പറയുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം സുധീഷ് അക്കാര്യം നിഷേധിക്കുമെന്നും താന്‍ ആ സമയത്ത് അയാളെ ഉപദേശിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചൂടുവെള്ളം എന്ന് പറഞ്ഞായിരുന്നു താന്‍ ആ സമയത്ത് സുധീഷിനെ കളിയാക്കിയിരുന്നതെന്നും ഇപ്പോഴും ആ വിളി കേള്‍ക്കുമ്പോള്‍ അയാള്‍ക്ക് പഴയകാര്യങ്ങള്‍ ഓര്‍മവരുമെന്നും ജഗദീഷ് പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സുധീഷിനെ കളിയാക്കാന്‍ ഇപ്പോഴും ഞാന്‍ പറയുന്ന കാര്യമാണ് ചൂടുവെള്ളം. അത് കേള്‍ക്കുമ്പോള്‍ എന്താണ് സംഗതിയെന്ന് സുധീഷിന് അറിയാം (ചിരിക്കുന്നു). അതില്‍ കൂടുതലൊന്നും പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവരെയും പോലെ സുധീഷിനും ഒരു നടിയോട് പ്രണയമുണ്ടായിരുന്നു. അത് പ്രണയമാണോ അടുപ്പമാണോ എന്ന് ഞാന്‍ അയാളോട് ചോദിച്ചിട്ടുണ്ട്.
‘എന്റെ ചേട്ടാ, ഞങ്ങള്‍ വെറും സുഹൃത്തുക്കളാണ്’ എന്നായിരുന്നു സുധീഷിന്റെ മറുപടി. സുഹൃത്തുക്കളായാല്‍ കൊള്ളാം. ഇനി പ്രണയമായിട്ട്, അത് പിന്നീട് വിവാഹത്തിലേക്കെത്തിയാല്‍ ഭാവിയില്‍ താന്‍ ആ കുട്ടിയുടെ കമാന്‍ഡുകള്‍ അനുസരിക്കേണ്ടി വരും’ എന്ന് പറഞ്ഞിട്ടുണ്ട്. ‘സുധീഷേ, കുറച്ച് ചൂടുവെള്ളം ഉണ്ടാക്കിക്കോളൂ ട്ടോ’ എന്ന് പറഞ്ഞാല്‍ അത് ചെയ്യേണ്ടിവരുമെന്ന് ഞാന്‍ അയാളോട് പറഞ്ഞിട്ടുണ്ട്. അതില്‍ പിന്നെ ചൂടുവെള്ളം കണ്ടാല്‍ സുധീഷിന് പേടിയാണ്,’ ജഗദീഷ് പറഞ്ഞു.
ജഗദീഷും സുധീഷും ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ വിനീത്, മനോജ് കെ. ജയന്‍, ശബരീഷ് വര്‍മ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Jagadeesh mocking actor Sudheesh about his old relationship gossip