| Thursday, 26th June 2025, 7:53 am

ഇന്റര്‍വ്യൂയില്‍ ചിലര്‍ കാലിന്മേല്‍ കാല് കയറ്റിവെച്ച് ഇരിക്കുന്നത് കാണുമ്പോള്‍ അനാദരവായി തോന്നും, എനിക്കങ്ങനെ ചെയ്യാന്‍ സാധിക്കില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും പിന്നീട് നായകവേഷത്തില്‍ തിളങ്ങുകയും ചെയ്ത നടനാണ് ജഗദീഷ്. കോമഡി താരമായി സിനിമയെലത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

അഭിമുഖങ്ങളില്‍ സിനിമാക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. പല ഇന്റര്‍വ്യൂകളും താന്‍ കാണാറുണ്ടെന്നും അതില്‍ പങ്കെടുക്കുന്ന സിനിമാക്കാരുടെ പെരുമാറ്റം താന്‍ വളരെയധികം നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലയാളുകള്‍ കാലിന്മേല്‍ കാല് കയറ്റിവെച്ച് ഇരിക്കുന്നത് കാണാറുണ്ടെന്നും അത് അവര്‍ക്ക് കംഫര്‍ട്ടായതുകൊണ്ടാകാം അങ്ങനെ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജഗദീഷ്

തനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അതില്‍ ചെറിയൊരു അനാദരവ് ഉള്ളതായാണ് താന്‍ വിശ്വസിക്കുന്നതെന്നും ജഗദീഷ് പറയുന്നു. മറ്റ് ചിലര്‍ അവതാരകര്‍ ചോദ്യം ചോദിക്കുമ്പോള്‍ കൂടെയുള്ളവരോട് സംസാരിച്ചുകൊണ്ടിരിക്കുമെന്നും ചോദ്യം വീണ്ടും പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെല്ലാം അനാദരവായാണ് തനിക്ക് അനുഭവപ്പെടാറുള്ളതെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘പല ഇന്റര്‍വ്യൂസും ഞാന്‍ കാണാറുണ്ട്. ഓരോ സിനിമാക്കാരും അതില്‍ പെരുമാറുന്ന രീതി ഞാന്‍ നിരീക്ഷിക്കും. ചിലര്‍ കൈകൊണ്ട് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. മറ്റ് ചിലര്‍ കാലിന്റെ മേലെ കാല് കയറ്റി വെച്ച് ഇരിക്കും. അവര്‍ക്ക് അതാകും കംഫര്‍ട്ട്. പക്ഷേ, എനിക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ കോളേജില്‍ പഠിപ്പിക്കുന്ന സമയത്ത് ക്ലാസ് ഫോട്ടോ എടുക്കുമ്പോള്‍ പല അധ്യാപകരും ഇങ്ങനെ കാലിന്മേല്‍ കയറ്റി വെച്ചാകും ഇരിക്കാറുള്ളത്.

എനിക്ക് അങ്ങനെ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അങ്ങനെ ഇരിക്കുന്നതില്‍ അനാദരവുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പൊതു സദസ്സില്‍ നമ്മള്‍ ഒരിക്കലും അങ്ങനെ ഇരിക്കാറില്ലല്ലോ. കാലിന്മേല്‍ കാല് കയറ്റിവെച്ച് ഇരിക്കരുത് എന്ന് ഞാന്‍ ആരോടും പറയാറില്ല. പക്ഷേ, ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണത്.

അതുപോലെ പല അഭിമുഖങ്ങളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യമുണ്ട്. അവതാരകര്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കും. ചോദ്യം ശ്രദ്ധിക്കില്ല. വീണ്ടും ഒന്നുകൂടെ ചോദിക്കാന്‍ പറയും. അത് എനിക്ക് താത്പര്യമില്ലാത്ത കാര്യമാണ്. അനാദരവായാണ് എനിക്ക് അത്തരം കാര്യങ്ങള്‍ ഫീല്‍ ചെയ്യുക,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadeesh about everyone’s behavior in interviews

We use cookies to give you the best possible experience. Learn more