അഡ്വാന്‍സ് വരെ വാങ്ങാനിരുന്നതാണ്, അവസാനം പിന്മാറേണ്ടി വന്നു; ജാന്‍.എ.മന്നില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിനെ കുറിച്ച് ജാഫര്‍ ഇടുക്കി
Malayalam Cinema
അഡ്വാന്‍സ് വരെ വാങ്ങാനിരുന്നതാണ്, അവസാനം പിന്മാറേണ്ടി വന്നു; ജാന്‍.എ.മന്നില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിനെ കുറിച്ച് ജാഫര്‍ ഇടുക്കി
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 22nd April 2026, 6:38 pm

2007 ല്‍ പുറത്തിറങ്ങിയ കയ്യൊപ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജാഫര്‍ ഇടുക്കി. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട താരം ഇന്ന് മലയാളത്തിലെ തിരക്കുള്ള സ്വഭാവ നടന്മാരില്‍ ഒരാളാണ്. കെട്ട്യോളാണ് എന്റെ മാലാഖ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് താരത്തിന് വലിയ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ താരത്തിന്റെ കരിയറില്‍ മറ്റൊരു വ്യത്യസ്തമായ കഥാപാത്രവുമായെത്തുന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ഒരു ദുരൂഹ സാഹചര്യത്തില്‍. ജാഫര്‍ ഇടുക്കിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകനായി പ്രേക്ഷകര്‍ക്ക് പരിചിതനായ ചിദംബരവും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ജാഫര്‍ ഇടുക്കി. Photo: Reddit

ചിദംബരം സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജാന്‍.എ.മന്‍. അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ ഒരു റോള്‍ ചെയ്യാന്‍ ജാഫര്‍ ഇടുക്കിയെ സമീപിച്ചിരുന്നു. പിന്നീട് ഇത് നടക്കാതെ പോകുകയായിരുന്നെന്ന ജാഫര്‍ ഇടുക്കിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ജാന്‍.എ.മന്നില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ എനിക്ക് മറ്റൊരു പടവും അതേസമയം വന്നതുകൊണ്ട് അതിനുള്ള ഭാഗ്യമുണ്ടായില്ല. അതില്‍ ലാല്‍ സാര്‍ ചെയ്ത അളിയന്റെ വേഷമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. എനിക്ക് സന്തോഷമെന്താണെന്ന് വെച്ചാല്‍ ലാല്‍ സാര്‍ അത് അടിപൊളിയായി ചെയ്തു. ഞങ്ങള്‍ റിഹേഴ്‌സല്‍ വരെ ചെയ്തതായിരുന്നു. അഡ്വാന്‍സ് വാങ്ങാന്‍ ഞാന്‍ ചെന്നതായിരുന്നു. ഒരു കട്ടിളയുടെ ഇപ്പുറവും അപ്പുറവും നിന്ന് ഞാന്‍ രണ്ട് ഇമോഷനെല്ലാം ചെയ്ത് കാണിച്ചുകൊടുത്തു.

ജാന്‍.എ.മന്‍. Photo: Ott Play

അതെല്ലാം കണ്ട് പടം മുറുകിയതായിരുന്നു. ഒരു വശത്ത് ചിദംബരം എല്ലാം സെറ്റ് ചെയ്തു. അപ്പോഴാണ് ആദ്യം അഡ്വാന്‍സ് വാങ്ങിയ ഒരു പടത്തിന്റെ ഡേറ്റ് മുന്നോട്ട് കയറി വന്നത്. അതുകൊണ്ട് ഈ പടത്തിന് സുല്ലിടേണ്ടി വന്നു. രതീഷ് സാര്‍ തന്നെ സംവിധാനം ചെയ്ത കനകം കാമിനി കലഹത്തിലാണ് ഞാന്‍ പിന്നീട് അഭിനയിച്ചത്. അത് പ്രത്യേകം സെറ്റെല്ലാമിട്ട് ഷൂട്ട് ചെയ്യുന്നതായിരുന്നു. കൊവിഡ് സമയം കൂടിയായത് കൊണ്ട് അതിന്റെ ബുദ്ധിമുട്ടുമുണ്ടായിരുന്നു,’ജാഫര്‍ ഇടുക്കി പറഞ്ഞു.

Content Highlight: Jaffar Idukki talks about his missed chance in 2021 movie jan a man

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.