സി.എസ്.കെയുമായുള്ള ഓര്‍മകളെല്ലാം മായ്ച്ചുകളഞ്ഞ് സൂപ്പര്‍ ഓള്‍റൗണ്ടര്‍; ജഡേജയെ കൈവിടാന്‍ ചെന്നൈ?
Cricket
സി.എസ്.കെയുമായുള്ള ഓര്‍മകളെല്ലാം മായ്ച്ചുകളഞ്ഞ് സൂപ്പര്‍ ഓള്‍റൗണ്ടര്‍; ജഡേജയെ കൈവിടാന്‍ ചെന്നൈ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th July 2022, 1:12 pm

ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തേയും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സപ്പര്‍ കിങ്‌സ്. പ്രൊഫഷണിലസവും ടീം ഗെയ്മുകളുമാണ് സി.എസ്.കെയെ എന്നും മുന്നില്‍ എത്തിക്കുന്നത്. ടീമിലെ എല്ലാ കളിക്കാര്‍ക്കും ടീമിനോട് ഉണ്ടാകുന്ന ആത്മബന്ധമാണ് സി.എസ്.കെയെ ടീം എന്ന നിലയില്‍ മികച്ചതാക്കുന്നത്.

കഴിഞ്ഞ സീസണ്‍ സി.എസ്.കെയുടെ ഏറ്റവും മോശം സീസണായിരുന്നു. പോയിന്റ് ടേബിളില്‍ ഒമ്പതാമത് ഫിനിഷ് ചെയ്ത സി.എസ്.കെയുടെ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ നല്ല നിമിഷങ്ങള്‍ പോലുമില്ലായിരുന്നു.

സാധാരണ സി.എസ്.കെയില്‍ നിന്നും താളം തെറ്റിയ ടീമിനെയായിരുന്നു കഴിഞ്ഞ സീസണില്‍ കണ്ടത്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു സീസണിന്റെ തുടക്കത്തില്‍ സി.എസ്.കെയുടെ നായകനായിരുന്നത് എന്നാല്‍ സീസണ്‍ പകുതിയായപ്പോള്‍ അദ്ദേഹത്തെ മാറ്റി മുന്‍ നായകന്‍ ധോണി തന്നെ ടീമിന്റെ നായകസ്ഥാനം ഏല്‍ക്കുകയായിരുന്നു.

പരിക്ക് പറ്റി ടീമില്‍ നിന്നും മാറി നിന്ന ജഡേജ ബാക്കി ഗെയ്മുകളില്‍ കളിച്ചില്ലായിരുന്നു. ഇപ്പോഴിതാ താരം സി.എസ്.കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

താരം അങ്ങനെ ചെയ്യാനുള്ള കാര്യം വ്യക്തമല്ല. ട്വിറ്ററില്‍ ഇക്കാര്യം ചര്‍ച്ചയാകുന്നുണ്ട്. എല്ലാ വര്‍ഷവും ധോണിയെ അദ്ദേഹത്തിന്റെ പിറന്നാളിന് വിഷ് ചെയ്യാറുളള ജഡ്ഡു ഇത്തവണ അതു ചെയതിട്ടില്ല.

ജഡേജയും സി.എസ്.കെയും തമ്മില്‍ എന്തൊക്കെയൊ പ്രശ്‌നങ്ങളുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സൂപ്പര്‍ കിങ്‌സിന്റെ എക്കാലത്തേയും വലിയ സൂപ്പര്‍താരമായ സുരേഷ് റെയ്‌നയെ കഴിഞ്ഞ ലേലത്തില്‍ ടീം കൈവിട്ടിരുന്നു. അന്ന് സി.എസ്.കെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

അടുത്ത സീസണില്‍ ജഡേജ സി.എസ് കെയില്‍ നിന്നും മാറുമെന്നും വാര്‍ത്തകളുണ്ട്. ജഡേജയെ കൂടാതെ അമ്പാട്ടി റായുഡുവും ദീപക് ചാഹറും ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlights: Jadeja deleted all posts in instagram with csk