സാക്ഷാല്‍ കപില്‍ ദേവ് തുടങ്ങിവെച്ച 'റെക്കോഡ് ട്രെന്‍ഡ്'; ഐക്കോണിക് ഡബിള്‍, സെഞ്ച്വറിക്ക് തുടക്കം അന്താരാഷ്ട്ര തലത്തില്‍
Sports News
സാക്ഷാല്‍ കപില്‍ ദേവ് തുടങ്ങിവെച്ച 'റെക്കോഡ് ട്രെന്‍ഡ്'; ഐക്കോണിക് ഡബിള്‍, സെഞ്ച്വറിക്ക് തുടക്കം അന്താരാഷ്ട്ര തലത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th January 2026, 5:10 pm

ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ആതിഥേയര്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കുകയാണ്. വിശ്വപ്രസിദ്ധമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പിങ്ക് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ടിന് 119 റണ്‍സിന്റെ ലീഡുണ്ട്.

സ്‌കോര്‍ (നാലാം ദിവസം പൂര്‍ത്തിയാകുമ്പോള്‍)

ഇംഗ്ലണ്ട്: 384 & 302/8 (75)

ഓസ്‌ട്രേലിയ: 567

ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ യുവതാരം ജേകബ് ബേഥലിന്റെ കരുത്തിലാണ് വന്‍ തോല്‍വിയില്‍ നിന്നും കരകയറിയിരിക്കുന്നത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം 232 പന്തില്‍ 148 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.

15 ഫോറുകളുമായാണ് ബേഥല്‍ ക്രീസില്‍ തുടരുന്നത്. അന്താരാഷ്ട്ര ടെസ്റ്റ് ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറി നേട്ടമാണിത്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയും ഇതുതന്നെ.

ജേകബ് ബേഥല്‍. Photo: ECB/c.om

കരിയറിലെ 11ാം ഇന്നിങ്‌സിലും ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ 45ാം ഇന്നിങ്‌സിലുമാണ് ബേഥല്‍ തന്റെ ആദ്യ റെഡ് ബോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ആഭ്യന്തര തലത്തില്‍ വാര്‍വിക് ഷെയറിന്റെ താരമായ ബേഥലിന്റെ ഉയര്‍ന്ന ലിസ്റ്റ് എ സ്‌കോര്‍ 96 ആണ്.

ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലും ബേഥല്‍ ഇടം നേടി. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ തന്റെ ആദ്യ സെഞ്ച്വറി ടെസ്റ്റിലും, ലിസ്റ്റ് എ ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി ഏകദിനത്തിലും നേടുന്ന താരങ്ങളുടെ പട്ടികയിലാണ് ജേകബ് ബേഥല്‍ ഇടം നേടിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ബേഥല്‍ ഏകദിനത്തില്‍ അരങ്ങേറിയത്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ, 2025 സെപ്റ്റംബര്‍ അഞ്ചിനാണ് ബേഥല്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറിയും ലിസ്റ്റ് എ സെഞ്ച്വറിയും നേടിയത്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയായിരുന്നു എതിരാളികള്‍.

കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ടെസ്റ്റിലും, ആദ്യ ലിസ്റ്റ് എ സെഞ്ച്വറി ഏകദിനത്തിലും നേടിയ താരങ്ങള്‍

(താരം – ടീം എന്നീ ക്രമത്തില്‍)

കപില്‍ ദേവ് – ഇന്ത്യ

മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ്

മെഹിദി ഹസന്‍ മിറാസ് – ബംഗ്ലാദേശ്

കര്‍ട്ടിസ് കാംഫര്‍ – അയര്‍ലന്‍ഡ്

ജേകബ് ബേഥല്‍ – ഇംഗ്ലണ്ട്*

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി ടെസ്റ്റില്‍ നേടുന്ന ആറാം ഇംഗ്ലണ്ട് താരമാകാനും ഇതോടെ ബേഥലിന് സാധിച്ചു.

കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ടെസ്റ്റില്‍ നേടിയ ഇംഗ്ലണ്ട് താരങ്ങള്‍

(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഹെന്‌റി വുഡ് – സൗത്ത് ആഫ്രിക്ക – 1892

ബില്ലി ഗ്രിഫിത്ത് – വെസ്റ്റ് ഇന്‍ഡീസ് – 1948

ജാക്ക് റസല്‍ – ഓസ്‌ട്രേലിയ – 1989

സ്റ്റുവര്‍ട്ട് ബ്രോഡ് – പാകിസ്ഥാന്‍ – 2010

ഗസ് ആറ്റ്കിന്‍സണ്‍ – ശ്രീലങ്ക – 2024

ജേകബ് ബേഥല്‍ – ഓസ്‌ട്രേലിയ – 2026*

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സ് വീതം നേടിയ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കുമാണ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചത്. മത്സരത്തില്‍ ഒരു ദിവസം അവശേഷിക്കവെ രണ്ട് വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന്റെ പക്കലുള്ളത്. പത്ത് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മാത്യു പോട്‌സാണ് ബേഥലിന് കൂട്ടായി ക്രീസിലുള്ളത്. ഇതിനോടകം തന്നെ പരമ്പര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് അഞ്ചാം മത്സരം സമനിലയിലെത്തിക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരിക്കും.

 

Content Highlight: Jacob Bethal with a unique record