| Friday, 13th June 2025, 12:14 pm

'ഹൃതിക് റോഷന്‍ ഒരു ഇതിഹാസ താരം'; ക്രിഷ് 4, ആര്‍.ആര്‍.ആര്‍ സിനിമകളെ കുറിച്ച് സൗത്ത് കൊറിയന്‍ ഗായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ-പോപ്പ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് ജാക്‌സണ്‍ വാങ്. ഗോട്ട്7 (GOT7) എന്ന കെ-പോപ്പ് ഗ്രൂപ്പിലെ അംഗമാണ് അദ്ദേഹം. ഇപ്പോള്‍ ഹൃതിക് റോഷന്‍ ഒരു ഇതിഹാസ താരമാണെന്ന് പറയുകയാണ് ജാക്‌സണ്‍.

പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. തന്റെ ഏറ്റവും പുതിയ സ്റ്റുഡിയോ ആല്‍ബമായ മാജിക് മാന്‍ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയില്‍ എത്തിയതായിരുന്നു ഗായകന്‍.

ഹൃതിക് റോഷന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്ന ജാക്‌സണ്‍, റോഷന്‍ കുടുംബത്തെ നേരില്‍ കണ്ടിരുന്നു. റോഷന്‍ കുടുംബത്തിനൊപ്പമുള്ള ഗായകന്റെ ഫോട്ടോ നേരത്തെ തന്നെ വൈറലായിരുന്നു. അതിന് ശേഷമാണ് അഭിമുഖത്തില്‍ ഹൃതിക് റോഷനെ കുറിച്ച് സംസാരിച്ചത്.

‘അദ്ദേഹം ഒരു ഇതിഹാസ താരമാണ്. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ജീവിതത്തെ കുറിച്ചും, ഓരോ കാര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നും സംസാരിച്ചു. അതെല്ലാം പ്രചോദനം നല്‍കുന്നതായിരുന്നു.

അദ്ദേഹത്തിന്റെ അമ്മയും അച്ഛനും എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ‘ഇത് ശ്രദ്ധിക്കൂ, അത് ശ്രദ്ധിക്കൂ’ എന്ന് അവര്‍ പറയാറുണ്ട്. അവരെ കാണുമ്പോഴെല്ലാം ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിക്കാറുണ്ട്’ ജാക്‌സണ്‍ വാങ് പറഞ്ഞു.

ഇതിനിടയില്‍ ഹൃതിക് റോഷന്റെ ക്രിഷ് 4ല്‍ ജാക്‌സണും ഉണ്ടാവുമെന്ന റൂമറുകള്‍ ഉണ്ടായിരുന്നു. അതിനും ഗായകന്‍ മറുപടി പറഞ്ഞു. താന്‍ ഉണ്ടാകുമെന്നും നിങ്ങള്‍ ഞെട്ടിയില്ലേ എന്നുമാണ് ജാക്‌സണ്‍ തമാശ രൂപേണ പറയുന്നത്.

ഈ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ തനിക്ക് ആത്മാര്‍മായി ആഗ്രഹമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന് വോക്കലും മ്യൂസിക്കും നല്‍കാന്‍ തയാറാണോ എന്ന് ചോദിച്ചാല്‍ ഹൃതിക് ആവശ്യപ്പെട്ടാല്‍ ബഹുമതിയായി കണ്ട് ചെയ്യുമെന്നും ജാക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

ഒപ്പം ആര്‍.ആര്‍.ആര്‍ സിനിമയെ കുറിച്ചും ജാക്‌സണ്‍ അഭിമുഖത്തില്‍ സംസാരിച്ചു. ആ സിനിമയിലെ നായകന്മാരുടെ ഡാന്‍സ് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അത് വളരെ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ ഇറങ്ങിയ വൈറ്റ് ടൈഗര്‍ എന്ന സിനിമയിലെ നടന്‍ ആദര്‍ശ് ഗൗരവിനെ താന്‍ തായ്ലന്‍ഡിലെ ഒരു ഹോട്ടലില്‍ വെച്ച് യാഥൃശ്ചികമായി കണ്ടുമുട്ടിയതിനെ കുറിച്ചും ജാക്‌സണ്‍ അഭിമുഖത്തില്‍ സംസാരിച്ചു.

ഇത് ആദ്യമായല്ല ജാക്‌സണ്‍ വാങ് ഇന്ത്യയില്‍ എത്തുന്നത്. മുമ്പ് ‘ബക്ക്’ എന്ന ഗാനത്തിന്റെ പ്രമോഷന്റെ ഭാഗമായും ഗായകന്‍ ഇന്ത്യയില്‍ വന്നിരുന്നു. ഇന്ത്യന്‍ പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ജിന്റെ ഒപ്പം ചേര്‍ന്നായിരുന്നു ഈ ഗാനം അദ്ദേഹം ആലപിച്ചത്.

അന്ന് മുതല്‍ക്ക് തന്നെ ഇന്ത്യയുമായി അടുത്ത ബന്ധമാണ് ജാക്‌സണിന്. അദ്ദേഹത്തിന് ഇന്ത്യയോടുള്ള അടുപ്പം കണ്ട് ഇന്ത്യന്‍ ആരാധകരെല്ലാം ഗായകന് ഇന്ത്യയില്‍ ഒരു ആധാര്‍ കാര്‍ഡ് കൊടുക്കാനാണ് ആവശ്യപ്പെടുന്നത്. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ഗുജറാത്ത് വിമാന ദുരന്തത്തില്‍ ജാക്‌സണ്‍ വാങ് അനുശോചനമറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

Content Highlight: Jackson Wang Talks About Hrithik Roshan, Krish 4 And RRR

We use cookies to give you the best possible experience. Learn more