| Thursday, 6th March 2025, 10:33 pm

ഞങ്ങള്‍ ലാല്‍ സാറിന് വേണ്ടിയെഴുതിയ തിരക്കഥയായിരുന്നില്ല ഇട്ടിമാണി; കഥ അദ്ദേഹത്തിനോട് പറയാന്‍ കാരണമുണ്ടായിരുന്നു: സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. വര്‍ഷങ്ങളോളം സിനിമയില്‍ സംവിധാനസഹായികളായും അസോസിയേറ്റ്‌സായും ചീഫ് അസോസിയേറ്റ്‌സായുമൊക്കെ പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈനയില്‍ മോഹന്‍ലാലാണ് നായകനായത്. 1987ല്‍ റിലീസായ തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിച്ച ഒരു ചിത്രം കൂടിയാണിത്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ജിബിക്കൊപ്പം ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ച് പറയുകയാണ് ജോജു.

‘വളരെക്കാലമായുള്ള ആഗ്രഹമായിരുന്നെങ്കിലും വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ഞങ്ങളൊരുമിച്ചുള്ള ഒരു പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ സജീവമാകുന്നത്. ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയുടെ ചീഫ് അസോസിയേറ്റുകളായിരുന്നു ഞങ്ങള്‍ രണ്ടുപേരും.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വളരെ രസകരമായ ഒരു ത്രെഡ് കിട്ടിയപ്പോള്‍ അത് പറയാന്‍ താരങ്ങളെ തേടി ഞങ്ങള്‍ പോയില്ല. കഥ പറഞ്ഞാലും തിരക്കഥ എഴുതിക്കൊണ്ടുവരാനായിരിക്കും അവരും ആവശ്യപ്പെടുക. അതു കൊണ്ട് മാസങ്ങളെടുത്ത് തിരക്കഥ എഴുതി പൂര്‍ത്തിയാക്കി.

ആയിടയ്ക്കാണ് ഞങ്ങള്‍ വീണ്ടും ജിബുവിന്റെ ചീഫ് അസോസിയേറ്റായി എത്തുന്നത്. ചിത്രം മുന്തിരിവള്ളി തളിര്‍ക്കുമ്പോള്‍. ലാല്‍ സാറായിരുന്നല്ലോ അതിലെ കേന്ദ്രകഥാപാത്രം. സത്യത്തില്‍ ഞങ്ങള്‍ ലാല്‍ സാറിന് വേണ്ടിയെഴുതിയ തിരക്കഥയായിരുന്നില്ല ഇട്ടിമാണിയുടേത്.

എങ്കിലും അതിലെ നായകന്റെ പ്രായം ലാല്‍ സാറിന് മാച്ച് ചെയ്യുന്നതായിരുന്നു. അതുകൊണ്ട് തന്നെ സാറിനോട് കഥയുടെ ത്രെഡ് പറയാന്‍ ഞാന്‍ ജിബിയെ ചട്ടം കെട്ടി. മുന്തിരിവള്ളിയുടെ സ്‌ക്രിപ്റ്റ് ബ്രീഫ് ചെയ്യാന്‍ ഇടയ്ക്കിടെ ലാല്‍ സാറിന്റെ കാരവനിലേക്ക് പോയിരുന്നത് ജിബിയായിരുന്നു,’ സംവിധായകന്‍ ജോജു പറഞ്ഞു.

Content Highlight: Ittymaani Made In China Directer Joju Talks About Mohanlal

We use cookies to give you the best possible experience. Learn more